പത്തനംതിട്ട: പോളിംഗ് ബൂത്ത് സന്ദർശിക്കാനെത്തിയ ആറൻമുളയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജിനെ യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ശിവദാസൻ നായരെ എൽ.ഡി.എഫ് പ്രവർത്തകരും തടഞ്ഞുവച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആറാട്ടുപുഴ ഗവ. സ്കൂളിലെ ബൂത്തിലെത്തിയ വീണാജോർജിനെ തടയുകയായിരുന്നു. സ്വന്തം വാഹനത്തിൽ തനിച്ചാണ് വീണ എത്തിയത്. ബൂത്തിൽ കയറാൻ പാടില്ലെന്ന് പറഞ്ഞ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് വീണാജോർജ് പൊലീസിൽ പരാതി നൽകി.
വൈകിട്ട് നാലരയ്ക്ക് വള്ളംകുളം നന്നൂർ നാഷണൽ ഹൈസ്‌കൂളിലെ ബൂത്തിൽ എത്തിയപ്പോഴാണ് ശിവദാസൻ നായരെ തടഞ്ഞത്. വീണാജോർജിനെ തടഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. പൊലീസെത്തി പ്രവർത്തകരെ മാറ്റുകയായിരുന്നു. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.