മാഡ്രിഡ് :കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് റയൽ വല്ലഡോലിഡിനെ കീഴടക്കിയ ബാഴ്സലോണ സ്പാനിഷ് ലാ ലിഗ ഫുട്ബാൾ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള വ്യത്യാസം ഒന്നായി കുറച്ചു.
ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 90-ാം മിനിട്ടിൽ ഒസ്മാനേ ഡെംബലേ നേടിയ ഗോളിനാണ് ബാഴ്സലോണ വിജയം കണ്ടത്. ആദ്യപകുതിയിൽ ബാഴ്സലോണ ഒന്നുരണ്ട് നല്ല ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.70-ാം മിനിട്ടിൽ വല്ലഡോലിഡിന്റെ ഒാസ്കർ പ്ളാനോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയിരുന്നു. സമനിലയിലേക്ക് എന്ന് കരുതിയിരിക്കുമ്പോഴാണ് ഒസ്മാനേയുടെ ഗോൾ വീണത്.
ഈ വിജയത്തോടെ ബാഴ്സയ്ക്ക് 29 കളികളിൽ നിന്ന് 65 പോയിന്റായി. അത്‌ലറ്റിക്കോ മാഡ്രിഡിന് 66 പോയിന്റാണുള്ളത്. മൂന്നാമതുള്ള റയൽ മാഡ്രിഡിന് 63 പോയിന്റുണ്ട്.
അടുത്തയാഴ്ച എൽ ക്ളാസിക്കോ
ഈ സീസണിലെ ലാ ലിഗ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിൽ മുഖ്യ ഘടകമായി മാറാവുന്ന റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽ ക്ളാസിക്കോ പോരാട്ടം അടുത്ത ശനിയാഴ്ച അരങ്ങേറും.റയൽ മാഡ്രിഡിന്റെ തട്ടത്തിലാണ് മത്സരം.ഒകടോബറിൽ നടന്ന സീസണിലെ ആദ്യ എൽ ക്ളാസിക്കോയിൽ റയൽ 3-1ന് ജയിച്ചിരുന്നു.