shimna-azeez

ലോകാരോഗ്യ സംഘടനയുടെ റാപ്പിഡ് റെസ്പോൺസ് ടീം കൺസൽട്ടന്റും ഡോക്ടറുമായ ഷിംന അസീസിനെതിരെ അങ്ങേയറ്റം തരംതാണ പരാമർശം. ഫേസ്ബുക്കിലെ ഒരു അശ്ലീല ഗ്രൂപ്പിൽ, ഫേക്ക് ഐഡിയിൽ നിന്നുമാണ് ഷിംന അസീസിനെ അപമാനിച്ചുകൊണ്ടുള്ള പരാമർശം വന്നത്. അമേരിക്കൻ ചെസ് ചാമ്പ്യനായ ഹികാരു നകാമുറയുടെ പേരാണ് ഈ വ്യാജ സോഷ്യൽ മീഡിയാ പ്രൊഫൈൽ ഉപയോഗിക്കുന്നത്.

അമേരിക്കൻ ഗായികയായ ബില്ലീ എയ്ലിഷിന്റെ ഫോട്ടോ ഈ ഫേസ്ബുക്ക് അക്കൗണ്ട് പ്രൊഫൈൽ ചിത്രവുമാക്കിയിട്ടുണ്ട്. പോസ്റ്റിട്ട വ്യക്തിക്കെതിരെയും പോസ്റ്റ് വന്ന ഗ്രൂപ്പിനെതിരെയും നിയമപരമായി മുന്നോട്ട് നീങ്ങുമെന്നും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഡോക്ടർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. താൻ വോട്ട് ചെയ്തുവെന്ന് കാണിച്ചുള്ള ചിത്രം നേരത്തെ ഷിംന അസീസ് പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ചാണ് ഗ്രൂപ്പിൽ തരംതാണ പരാമർശം വന്നത്.

കുറിപ്പ് ചുവടെ:

'രാഷ്‌ട്രീയപരമായ വീക്ഷണങ്ങളിൽ വൈരുദ്ധ്യമുണ്ടാകാം. മതപരമായോ ഔദ്യോഗികമായോ വിദ്വേഷം സ്വാഭാവികമാണ്‌. ഇനിയും നൂറ്‌ കാരണങ്ങൾ കൊണ്ട്‌ എന്നോട്‌ എതിർപ്പ്‌ തോന്നാം. നിങ്ങൾക്ക്‌ യഥേഷ്‌ടം സ്‌ത്രീവിരുദ്ധതയുമാവാം. അതൊക്കെ നിങ്ങളുടെ സൗകര്യം, സ്വാതന്ത്ര്യം. ഇതൊന്നും ഇവിടെ പുത്തരിയല്ല. എന്ന്‌ വെച്ച്‌, അത്‌ ഒരു സ്‌ത്രീയുടെ ചിത്രം ഫേക്ക്‌ ഐഡി വഴി ഒരു അഡൾട്ട്‌ ഗ്രൂപ്പിൽ കൊണ്ട്‌ പോയി തോന്നിയ പടി പോസ്‌റ്റ്‌ ചെയ്യുന്നിടം വരെയെത്തുന്നതിനെ ലഘുവായെടുക്കുമെന്ന്‌ കരുതേണ്ട. കുറേയധികം സുഹൃത്തുക്കളായി ലിങ്കും സ്‌ക്രീൻഷോട്ടും സഹിതം ഈ വിവരം വന്ന്‌ പറയുന്നു. പോസ്‌റ്റിട്ട വ്യക്‌തിക്കെതിരെയും പോസ്‌റ്റ്‌ വന്ന ഗ്രൂപ്പിനെതിരെയും നിയമപരമായി തന്നെ മുന്നോട്ട്‌ പോകും. വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല.'