csk

ഐ.പി.എല്ലിൽ ആത്മാഭിമാനം വീണ്ടെടുക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ്

ഒത്തുകളിവിവാദത്തിന്റെ പശ്ചാത്തലത്തിൽ വിലക്കിലായിരുന്ന രണ്ട് വർഷങ്ങളിലേതിനെക്കാൾ കടുത്ത നാണക്കേടാണ് കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് നേരിട്ടത്.മൂന്ന് തവണ കിരീടം നേടിയിട്ടുള്ള ധോണിയുടെ ടീം ദുബായ്‌യിൽ നടന്ന ടൂർണമെന്റിൽ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടീം വിജയത്തേക്കാൾ കൂടുതൽ തോൽവികൾ നേരിട്ട ഏക സീസൺ കൂടിയായിരുന്നു ഇത്. 14 മത്സരങ്ങളിൽ ആറെണ്ണത്തിൽ മാത്രമാണ് ധോണിക്കും കൂട്ടർക്കും ജയിക്കാനായത്. ബാക്കി എട്ടെണ്ണത്തിലും തോറ്റുപോയി. കളിച്ച സീസണുകളിൽ പ്ളേ ഒാഫിലേക്ക് എത്താത്ത ഏക എഡിഷനായിരുന്നു യു.എ.ഇയിലേത്.

ടീം യു.എ.ഇയിൽ എത്തിയശേഷമുള്ള സുരേഷ് റെയ്നയുടെ മടക്കയാത്ര ഉൾപ്പടെ അശുഭകരമായ കാര്യങ്ങളാണ് കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ അലട്ടിയിരുന്നത്. വയസൻമാരുടെ പട എന്ന നിലയിലേക്ക് വിലയിരുത്തപ്പെടുകയും ചെയ്തു.ഇത്തവണ ആ പിഴവുകളെല്ലാം തിരുത്താനുറച്ചാണ് ധോണിയും കൂട്ടരും എത്തുന്നത്.

ഉൾക്കരുത്ത് എം.എസ് ധോണി

ധോണിയുടെ നേതൃത്വം തന്നെയാണ് ചെന്നൈ സൂപ്പർകിംഗ്സിന്റെ പ്രധാന പ്ളസ് പോയിന്റ്. കഴിഞ്ഞ സീസണിന് ശേഷം ധോണി കളിക്കളത്തിലിറങ്ങുന്നത് ഇപ്പോഴാണ്.

സുരേഷ് റെയ്ന

കഴിഞ്ഞ സീസൺ തുടങ്ങും മുമ്പ് ടീം വിട്ടുപോയ റെയ്ന തെറ്റിദ്ധാരണകൾ മാറ്റി ടീമിലേക്ക് തിരിച്ചെത്തിയത് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. റെയ്നയു‌ടെ അഭാവം കഴിഞ്ഞ സീസണിൽ നിഴലിച്ചിരുന്നു.

രവീന്ദ്ര ജഡേജ

ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ കളിക്കാൻ കഴിയാതിരുന്ന ജഡേജ പരിക്കുമാറി സൂപ്പർ കിംഗ്സിന്റെ ക്യാമ്പിലെത്തിയിട്ടുണ്ട്. പരിക്കിന് മുമ്പ് മികച്ച ഫോമിലായിരുന്നു ജഡേജ.

ലുംഗി എൻഗിഡി

2018 മുതൽ സൂപ്പർ കിംഗ്സിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കൻ പേസർ ലുംഗിയാണ് പേസ് ബാറ്ററിയുടെ അമരത്ത്.

റോബിൻ ഉത്തപ്പ

പരിചയസമ്പന്നായ റോബിൻ ഉത്തപ്പ ആദ്യമായാണ് ചെന്നൈ ടീമിൽ കളിക്കാനെത്തുന്നത്.പ്രായം തളർത്താത്ത പോരാളിയായ ഉത്തപ്പ ഓപ്പണിംഗ് ചെയ്യാൻ താത്പര്യം കാട്ടുന്നുണ്ട്.

സർപ്രൈസ് സ്റ്റാർ

ടെസ്റ്റ് സ്പെഷ്യലിസ്റ്റായി കരുതപ്പെടുന്ന ചേതേശ്വർ പുജാരയെ ഇക്കുറി ചെന്നൈ 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വതവേ സിക്സുകളോട് വിമുഖത കാട്ടുന്ന പുജാര ചെന്നൈയുടെ പരിശീലന ക്യാമ്പിൽ സിക്സുകൾ അടിച്ചുകൂട്ടിയതും കൗതുകം ഉണർത്തിയിരുന്നു.

മലയാളിത്തിളക്കം

യുവ പേസ് ബൗളർ കെ.എം ആസിഫിന് സൂപ്പർ കിംഗ്സിനൊപ്പം ഇത് നാലാം സീസണാണ്.പാതി മലയാളിയും കേരള രഞ്ജി താരവുമായ ഉത്തപ്പയും ഒപ്പമുണ്ട്.

മറ്റ് പ്രധാന താരങ്ങൾ

ഫാഫ് ഡുപ്ളെസി,ഡ്വെയ്ൻ ബ്രാവോ,അമ്പാട്ടി റായ്ഡു,ഇമ്രാൻ താഹിർ,മിച്ചൽ സാന്റനർ,മൊയീൻ അലി ,സാം കറൻ,റിതുരാജ് ഗെയ്ക്ക്‌വാദ്,ശാർദ്ദൂൽ താക്കൂർ,ദീപക് ചഹർ.

പരിശീലകൻ

സ്റ്റീഫൻ ഫ്ളെമിംഗ്

ആദ്യ മത്സരം

ഏപ്രിൽ 10

Vs ഡെൽഹി ക്യാപ്പിറ്റൽസ്