bengal-vote

കൊൽക്കത്ത: മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും അസാമിലും കനത്ത പോളിംഗ്. 5.45ന് ലഭിച്ച വിവരമനുസരിച്ച് ബംഗാളിൽ 77.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. അസാമിൽ 78.94 ശതമാനവും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗാളിൽ ഏ‌റ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത് ഹൂഗ്ളി ജില്ലയിലാണ് 79 ശതമാനം പേർ ഇവിടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

ബംഗാളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് സമ്മേളനം ഹൗറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌തു. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ ബംഗാളിന്റെ കടം വീട്ടാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇലക്ഷൻ കമ്മിഷനും കേന്ദ്രസേനയും തൃണമൂൽ ഏജന്റിനെ തടഞ്ഞെന്ന് മമത പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ മമതയുടെ പാർട്ടിയ്‌ക്ക് പലയിടത്തും ബൂത്ത് ഏജന്റുമാരെ പോലും ലഭിക്കുന്നില്ലെന്ന് മോദി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് മേയ് രണ്ടിന് ശേഷം വിഘടിച്ച് പോകുമെന്ന് ബംഗാളിലെ ജനങ്ങൾ കരുതുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മുൻഘട്ടങ്ങളിലെ പോലെ ഇന്നും സംസ്ഥാനത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ അരങ്ങേറി..ആരംബാഗ് മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സുജാത മൊണ്ടാൽ ഖാനെ ലാത്തിയുമായെത്തിയ സംഘം പോളിംഗ് ബൂത്തിൽ നിന്നും പുറത്താക്കി മർദ്ദിച്ചു. ഇവരുടെ തലയിൽ അടിക്കുകയും ഓടിക്കുകയും ചെയ്തുമണ്ഡലത്തിലെ അരണ്ഡി മേഖലയിലെ വോട്ടിംഗ്ബൂത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. അതേസമയം തങ്ങളുടെ വിവിധ മണ്ഡലങ്ങളിലെ വനിതകൾ അടക്കമുളള സ്ഥാനാർത്ഥികളെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. ചിലയിടങ്ങളിൽ പാർട്ടി പ്രവർത്തകരെ ബൂത്തിൽ പ്രവേശിക്കാൻ സുരക്ഷാ സേന അനുവദിച്ചില്ലെന്നും ബിജെപി പരാതിപ്പെട്ടു.

നേരത്തെ ഉളുബേരിയ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും വോട്ടിംഗ്,വിവിപാറ്റ് യന്ത്രങ്ങൾ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പോളിംഗ് സ്‌റ്റേഷനിൽ പ്രവേശിക്കാനാകാത്തതിനാലാണ് ബന്ധുവായ തൃണമൂൽ നേതാവിന്റെ വീട്ടിലെത്തിയതെന്നായിരുന്നു പോളിംഗ് ഉദ്യോഗസ്ഥന്റെ വിശദീകരണം.