uefa

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ബയേൺ മ്യൂണിക്കും പി.എസ്.ജിയും ഈ സീസണിലെ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നു

മ്യൂണിക്ക് : കഴിഞ്ഞ സീസണിലെ കലാശക്കളിയിൽ ഏറ്റുമുട്ടിയവരുടെ ക്വാർട്ടർ ഫൈനലാണിന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ. നിലവിലെ ചാമ്പ്യൻമാരായ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും റണ്ണർ അപ്പുകളായ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും തമ്മിലുള്ള ആദ്യപാദ ക്വാർട്ടർ ഫൈനലിന്റെ വേദിയാകുന്നത് ബയേണിന്റെ തട്ടകമായ അലിയൻസ് അരീനയാണ്.ഇന്നു നടക്കുന്ന മറ്റൊരു ആദ്യ പാദ ക്വാർട്ടറിൽ മുൻ ചാമ്പ്യൻമാരായ ഇംഗ്ളീഷ് ക്ളബ് ചെൽസി പോർച്ചുഗീസ് ക്ളബ് എഫ്.സി പോട്ടോയെ നേരിടും.

ഇസ്താംബുളിൽ നടന്ന കഴിഞ്ഞ സീസൺ ഫൈനലിൽ കിംഗ്സ്‌ലി കോമാൻ നേടിയ ഏക ഗോളിനാണ് ബയേൺ പി.എസ്.ജിയെ തോൽപ്പിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ സീസണിൽ തങ്ങളുടെ ലീഗുകളിൽ കിരീടങ്ങൾ വാരിക്കൂട്ടിയവരാണ് ബയേണും പി.എസ്.ജിയും.ബയേൺ ഇക്കുറിയും ജർമ്മൻ ബുണ്ടസ് ലിഗയിൽ ഒന്നാമതാണെങ്കിലും പാരീസ് ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനത്താണ്.

പ്രീ ക്വാർട്ടറിൽ ഇറ്റാലിയൻ ക്ളബ് ലാസിയോയെ ഇരു പാദങ്ങളിലും തോൽപ്പിച്ചായിരുന്നു ഇക്കുറി ബയേണിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശം. ആദ്യ പാദത്തിൽ 4-1നും രണ്ടാം പാദത്തിൽ 2-1നുമായിരുന്നു വിജയം.പാരീസ് വമ്പന്മാരായ ബാഴ്സലോണയെ ഇരുപാദങ്ങളിലുമായി 5-2 എന്ന കൂറ്റൻ മാർജിനിൽ അട്ടിമറിച്ച് രാജകീയമായാണ് അവസാന എട്ടിലെത്തിയത്. ആദ്യ പാദത്തിൽ 4-1ന് വിജയിച്ച പാരീസ് രണ്ടാം പാദത്തിൽ 1-1ന് സമനില വഴങ്ങി.

ഗോളടി യന്ത്രമായ റോബർട്ടോ ലെവാൻഡോവ്സ്കിയെക്കൂടാതെയാണ് ബയേൺ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ലെവാൻ കഴിഞ്ഞയാഴ്ച പോളണ്ടിനുവേണ്ടി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും കളിച്ചിരുന്നില്ല.ഈ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി ബയേൺ നേടിയ 103 ഗോളുകളിൽ 46 എണ്ണത്തിലും സ്കോററായോ , അസിസ്റ്റ് ചെയ്തയാളായോ ലെവാൻഡോവ്സ്കിയു‌ടെ പേരുണ്ടായിരുന്നു.ലെവാന്റെ അഭാവത്തിൽ മുൻ പാരീസ് താരമായ ചൗപ്പാ മോട്ടിംഗാവും ബയേണിന്റെ തുറുപ്പുചീട്ട്. നെയ്മർ, ഏൻജൽ ഡി മരിയ.കിലിയൻ എംബാപ്പെ തുടങ്ങിയ വൻ താരനിരയുമായാണ് പാരീസ് ഇറങ്ങുന്നത്. അതേസമയം മിഡ്ഫീൽഡർ മാർക്കോ വെറാറ്റിക്ക് വീണ്ടും കൊവിഡ് വന്നത് തിരിച്ചടിയായിട്ടുണ്ട്.

പ്രീ ക്വാർട്ടറിൽ സ്വന്തം നാട്ടുകാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിനെ അട്ടിമറിച്ചെത്തിയ പോർട്ടോ ക്വാർട്ടറിലും മറ്റാെരു അട്ടിമറി ലക്ഷ്യമി‌ടുന്നു. യുവന്റസിനോട് ആദ്യ പാദത്തിൽ 2-1ന് ജയിക്കുകയും രണ്ടാം പാദത്തിൽ 3-2ന് തോൽക്കുകയും ചെയ്ത പോർട്ടോ എവേ ഗോളിന്റെ പിൻബലത്തിലാണ് അവസാന എട്ടിലേക്ക് കടന്നത്. ചെൽസി പ്രീ ക്വാർട്ടറിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഇരു പാദങ്ങളിലും തോൽപ്പിച്ചിരുന്നു.