തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ നടൻ സുരേഷ് ഗോപി. തൃശൂരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയായ അദ്ദേഹം തിരുവനന്തപുരത്തെ ശാസ്തമംഗലം എൻ.എസ്.എസ് ഹൈസ്‌കൂളിലെ തൊണ്ണൂറാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകൾ സന്ദർശിച്ചശേഷമാണ് സുരേഷ് ഗോപി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തിയത്.
ഉച്ചയ്ക്ക് 1.30 ഓടെയാണ് സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തെത്തിയ അദ്ദേഹത്തോട് വിവിധ വിഷയങ്ങളിൽ മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി നൽകിയില്ല. എന്ത് പറഞ്ഞാലും കുഴപ്പമാണ്. ഒന്നും പറയാനില്ലെന്ന് ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ബി.ജെ.പിയുടെ വിജയപ്രതീക്ഷയെക്കുറിച്ചും തൃശൂരിലും സാദ്ധ്യതകളെക്കുറിച്ചും മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും അദ്ദേഹം മൗനംപാലിച്ചു. കാറിൽ കയറിയ ശേഷം പ്രതികരിക്കാനില്ലെന്ന് പറഞ്ഞതോടെ മാദ്ധ്യമങ്ങൾ പിൻമാറി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളിൽ താൻ പറയുന്ന കാര്യങ്ങളെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണം പറഞ്ഞ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയില്ലാത്ത ഗുരുവായൂരിൽ ജനങ്ങൾ ഒന്നുകിൽ നോട്ടയ്‌ക്കോ അല്ലെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദറിനോ വോട്ട് നൽകണം എന്ന സുരേഷ് ഗോപിയുടെ പരാമർശം ബി.ജെ.പിയെ പ്രതിരോധത്തിൽ ആക്കിയതിനു പിന്നാലെയായിരുന്നു ഈ മനംമാറ്റം.