തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ എസ്.എസ്. ലാൽ കുന്നുകുഴി യു.പി സ്‌കൂളിലും തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ, അരുവിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ എന്നിവർ ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് സ്കൂളിലും വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ.ജി കാഞ്ഞിരംപാറ ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂളിൽ ഭാര്യ സിന്ധുവിനും മക്കൾ ഇഷാനിക്കും ദിയയ്ക്കും ഒപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.വട്ടിയൂർക്കാവ് എൻ.ഡി.എ സ്ഥാനാർത്ഥി വി.വി. രാജേഷ് ജനറൽ ആശുപത്രി ജംഗ്ഷനിലെ സെന്റ് ജോസഫ് സ്‌കൂളിലും അരുവിക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി. ശിവൻകുട്ടി തിരുമല മങ്കാട് എൽ.പി.എസിലും നെടുമങ്ങാട് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ജെ.ആർ.പദ്മകുമാർ പട്ടം ആര്യാസെൻട്രൽ സ്‌കൂളിലും വോട്ട് ചെയ്തു. ഡെപ്യൂട്ടി സ്പീക്കറും ചിറയിൻകീഴിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ വി.ശശി പട്ടം സെന്റ് മേരീസ് സ്‌കൂളിലാണ് വോട്ടു ചെയ്തത്. നേമം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി, ഭാര്യ ആർ. പാർവതി ദേവി, മകൻ ഗോവിന്ദ് ശിവൻ എന്നിവർ ഈഞ്ചയ്ക്കൽ യു.പി.എസിലും തിരുവനന്തപുരം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജു വഴുതയ്ക്കാട് ഹോളി ഏഞ്ചൽസിലും വോട്ട് രേഖപ്പെടുത്തി.
ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ എം.എൽ.എ. ജവഹർനഗർ യു.പി.എ.എസിലും കെ.പി.സി.സി. ജനറൽ സെക്രട്ടറി തമ്പാനൂർ രവി ശാസ്തമംഗലം ആർ.കെ.ഡി. എൻ.എസ്.എസ് സ്‌കൂളിലും, ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി കോലിയക്കോട് ഗവ.യു.പി.എസിലും വോട്ടു ചെയ്തു.
കവടിയാർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരി പാർവതിബായി,അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, ആദിത്യവർമ, മാർത്താണ്ഡവർമ എന്നിവർ പേരൂർക്കട ഗവ.നഴ്സിംഗ് ട്രയിനിംഗ് സെന്ററിലെത്തി വോട്ടു രേഖപ്പെടുത്തി. അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യവും സഹായമെത്രാൻ ഡോ.ക്രിസ്തുദാസും കവടിയാർ ജവഹർ നഗർ സ്‌കൂളിൽ വോട്ടുചെയ്യാനെത്തി.സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ചിറയിൻകീഴ് പടനിലം എൽ.പി.എസിലും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കുന്നത്തുകാൽ മണവാരി ശിശുസംരക്ഷണ കേന്ദ്രത്തിലും, സി.പി.ഐ. നേതാവ് സി.ദിവാകരൻ കമലേശ്വരം ഹൈസ്‌കൂളിലും വോട്ട് ചെയ്തു.