ps-jayajar

ആലുവ: കിഴക്കേ കടുങ്ങല്ലൂർ ഗവ. എൽ.പി സ്കൂളിലെ 77 -ാം ബൂത്തിൽ കള്ളവോട്ട് നടന്നെന്ന് ബോദ്ധ്യമായിട്ടും പ്രിസൈഡിംഗ് ഓഫീസർ ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായി ആരോപിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജയരാജ് പോളിംഗ് ബൂത്തിൽ കുത്തിയിരുന്നു. രണ്ട് മണിക്കൂറിന് ശേഷം ബിനാനിപുരം പൊലീസിൽ പോളിംഗ് ഓഫീസർ പരാതി നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

അരമണിക്കൂറോളം പോളിംഗ് തടസപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് 77 -ാം ബൂത്തിലെ വോട്ടറായ അജയ് ജി. കൃഷ്ണയുടെ വോട്ട് 78 -ാം ബൂത്തിലെ വോട്ടറായ എബിൻ വില്യംസ് സേവ്യർ ചെയ്തത്. ഡ്രൈവിംഗ് ലൈസൻസാണ് ഹാജരാക്കിയത്. കുറച്ചുകഴിഞ്ഞ് അജയ് ജി. കൃഷ്ണ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വോട്ട് മറ്റൊരാൾ ചെയ്തതായി അറിയുന്നത്. തിരിച്ചറിയൽ രേഖയിൽ നിന്ന് എബിൻ വില്യമാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വ്യക്തമായി. ബൂത്ത് മാറിപ്പോയെന്നാണ് എബിന്റെ വിശദീകരണം.

എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജയരാജിന്റെ ചീഫ് ഏജന്റ് ഷൈജു മനക്കപ്പടി റിട്ടേണിംഗ് ഓഫീസർക്കും പ്രിസൈഡിംഗ് ഓഫീസർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മാത്രമല്ല, പ്രിസൈഡിംഗ് ഓഫീസർ പ്രിയ രാജേന്ദ്രൻ മോശമായി പെരുമാറുകയും ചെയ്തു. തുടർന്നാണ് സ്ഥാനാർത്ഥി രണ്ടുമണി മുതൽ പോളിംഗ് സ്റ്റേഷന് മുമ്പിൽ കുത്തിയിരുന്നത്. മാദ്ധ്യമപ്രവർത്തകരും സ്ഥലത്തെത്തിയതോടെ പ്രിസൈഡിംഗ് ഓഫീസർ കള്ളവോട്ടിനെതിരെ പരാതി നൽകാൻ തയാറായി.

ചീഫ് ഏജന്റ് ഷൈജു മനക്കപ്പടി, ബി.ജെ.പി കളമശേരി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പി. ദേവരാജൻ, നേതാക്കളായ സിജു അടുവാശേരി, പി.എം. ഉദയകുമാർ, പ്രമോദ് തൃക്കാക്കര, ടി.എസ്. വിജയകുമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

കള്ളവോട്ടിന് അവസരമൊരുക്കുകയും മോശമായി പെരുമാറുകയും ചെയ്ത പ്രിസൈഡിംഗ് ഓഫീസർ പ്രിയ രാജേന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് ഇലക്‌ഷൻ കമ്മിഷണർക്ക് പരാതി നൽകി.