tony-chammini

കൊച്ചി: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ മേയറുമായ ടോണി ചമ്മിണി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകിട്ട് ആറു മണിക്ക് ശേഷം വോട്ടു ചെയ്തു.

കലൂർ മോഡൽ ടെക്നിക്കൽ സ്കൂളിലായിരുന്നു ബൂത്ത്. കഴിഞ്ഞ ബുധനാഴ്ച പ്രചാരണത്തിനിടെയാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. പിറ്റേന്ന് കൊവിഡ് സ്ഥിരീകരിച്ചു. പി.പി.ഇ കിറ്റ് ധരിച്ചാണ് ടോണി ചമ്മിണി വന്നത്. ഈയാഴ്ച ഒടുവിൽ വീട്ടിൽ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സ്ഥാനാർത്ഥിയുടെ അഭാവത്തിൽ ഹൈബി ഈഡൻ എം.പി, യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, മുതിർന്ന നേതാവ് എൻ.വേണുഗോപാൽ എന്നിവർ അവസാന ദിവസങ്ങളിലെ പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചു. ആശുപത്രിയിൽ ചികിത്സയിലാണെങ്കിലും മണിക്കൂറുകളോളം ഫോണിലൂടെ വോട്ടർമാരുമായി സംസാരിച്ച് വോട്ടുകൾ ഉറപ്പിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാർത്ഥി.