അടിയൊഴുക്കിലും നിഷ്പക്ഷവോട്ടുകളിലും വിജയപ്രതീക്ഷ
തരംഗ സാദ്ധ്യതയില്ലെന്ന് വിലയിരുത്തൽ
മികച്ച പ്രകടനമായിരിക്കുമെന്ന് എൻ.ഡി.എ
തിരുവനന്തപുരം: അധികാരം ആർക്കെന്ന രാഷ്‌ട്രീയാകാംക്ഷയുടെ ക്ളൈമാക്‌സ് പ്രവചനാതീതമാക്കിയ വാശിപ്പോരിൽ കൊവിഡ് പരിമിതികൾ മറികടന്ന് കേരളത്തിന്റെ ആവേശം തുടിച്ചപ്പോൾ പോളിംഗ് ശതമാനം 74.02. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ അവസാനിച്ച വോട്ടെടുപ്പിൽ പോളിംഗ് ശതമാനക്കണക്ക് രാത്രി വൈകിയും പൂർണമല്ല. എല്ലാ മണ്ഡലങ്ങളിൽ നിന്നുമുള്ള കൃത്യവിവരവും തപാൽ വോട്ടുകളുടെ കണക്കും ലഭിക്കുന്നതോടെ പോളിംഗ് ശതമാനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിന് (77.35%) ഏകദേശം തുല്യമാകുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണുന്ന മേയ് രണ്ടു വരെ ഇനി 25 നാൾ കാത്തിരിപ്പ്.
പ്രചാരണകാലത്തുടനീളം കത്തിനിന്ന രാഷ്‌ട്രീയ വിഷയങ്ങളെയും ആരോപണ, പ്രത്യാരോപണങ്ങളെയും പൊടുന്നനെ മറികടന്ന് ശബരിമല വിവാദം ഇന്നലെ വീണ്ടും സജീവ ചർച്ചയായത് ഇടതുപക്ഷത്ത് അപ്രതീക്ഷിത സമ്മർദ്ദവും യു.ഡി.എഫ്, എൻ.ഡി.എ ക്യാമ്പുകളിൽ പ്രതീക്ഷയും ഉയർത്തിയിട്ടുണ്ട്. വിശ്വാസി വിഷയത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സർക്കാരിനെതിരെ രാവിലെ കൊളുത്തിയ പടക്കം, യു.ഡി.എഫും ബി.ജെ.പിയും ഏറ്റെടുത്തതോടെ വോട്ടെടുപ്പു ദിനത്തിലെ വെടിക്കെട്ടായി മാറുകയായിരുന്നു. വിശ്വാസിവോട്ടുകളെ ഇത് എങ്ങനെ സ്വാധീനിച്ചെന്നറിയാൻ അന്തിമഫലമെത്തണം.
പൊതുവെ സമാധാനപരമായിരുന്ന പോളിംഗ്, രാവിലെ 10 മണിയോടെ 20 ശതമാനവും ഉച്ച പിന്നിട്ടതോടെ 50 ശതമാനവും കടന്നിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളിലെ പോളിംഗ് കണക്ക് മുന്നണികളുടെ പിരിമുറുക്കം കൂട്ടിയിട്ടുണ്ട്. ത്രികോണപ്പോര് നടന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലുൾപ്പെടെ മികച്ച പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ രാത്രി ഒൻപതിന് പുറത്തുവിട്ട കണക്കനുസരിച്ച് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്- 77.95%. കുറവ് പത്തനംതിട്ട ജില്ലയിൽ- 67.05%.
കയ്യാങ്കളി, കള്ളവോട്ട്
കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സി.പി.എം - ബി.ജെ.പി പ്രവർത്തകർ രണ്ടു തവണ ഏറ്റുമുട്ടി. രാവിലത്തെ സംഘർഷത്തിനു ശേഷം ഉച്ചകഴിഞ്ഞ് കാറിലെത്തിയ സംഘം സി.പി.എം പ്രവർത്തകരെ മർദ്ദിച്ചെന്നാണ് പരാതി. ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടിയും ആറാട്ടുപുഴയിൽ ആറന്മുളയിലെ ഇടതുസ്ഥാനാർത്ഥി വീണാ ജോർജും തങ്ങൾക്കു നേരെ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് ആരോപിച്ചു.
ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്നാരോപിച്ച് ഒരു സംഘത്തെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞുവച്ചു. കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നിന്നാണ് കള്ളവോട്ട് സംബന്ധിച്ച് കൂടുതൽ പരാതികളുയർന്നത്. വോട്ട് ചെയ്യാനെത്തിയപ്പോൾ പോസ്റ്റൽവോട്ട് ചെയ്തതായി കാണിച്ച് അനുമതി നിഷേധിച്ചെന്നും ആളു മാറി വോട്ട് ചെയ്തെന്നും പരാതികളുണ്ടായി. കല്പറ്റയിൽ വോട്ടിംഗ് മെഷീനിൽ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതിയുയർന്നതിനെ തുടർന്ന് ഒരു മണിക്കൂർ വോട്ടെടുപ്പ് നിറുത്തിവച്ചു.
വോട്ടെടുപ്പിനിടെ അഞ്ചു മരണം
കോട്ടയം, പത്തനംതിട്ടയിലെ ആറന്മുള, ഇടുക്കിയിലെ മറയൂർ, പാലക്കാട്ടെ നെന്മാറ എന്നിവിടങ്ങളിലായി നാലുപേർ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം കടുത്തുരുത്തി മണ്ഡലത്തിലെ കടപ്ളാമറ്റത്ത് വോട്ട് രേഖപ്പെടുത്തി ഇറങ്ങിയ ആൾ മദ്യം കഴിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു.
പ്രതീക്ഷിക്കുന്ന പോളിംഗ് 77.50
പോളിംഗ് ഡ്യൂട്ടിയിലുള്ള രണ്ടു ലക്ഷത്തോളം ജീവനക്കാർ, അരലക്ഷത്തോളം പൊലീസ് ഉദ്യോഗസ്ഥർ, കൊവിഡ് രോഗികൾ, 80 പിന്നിട്ട 6.22 ലക്ഷം വോട്ടർമാർ എന്നിവരുടെ തപാൽ വോട്ടുകൾ ഏഴു ലക്ഷത്തിൽ കൂടുതലുണ്ട്. അതു കൂടി ചേർക്കുമ്പോൾ പോളിംഗ് 3.5 ശതമാനം ഉയർന്ന് 77.50 ശതമാനത്തിലെത്തിയേക്കുമെന്നാണ് കണക്കുകൂട്ടൽ.
ശതമാനം സ്വാധീനിക്കില്ല
2001: 72.47% - യു.ഡി.എഫ് തരംഗം
2006: 72.08% - എൽ.ഡി.എഫ് തരംഗം
2011: 75.26% - യു.ഡി.എഫിന് വിജയം
2016: 77.35% - എൽ.ഡി.എഫിന് വിജയം
പോളിംഗ്
2016: നിയമസഭ-77.35%
2019: ലോക് സഭ-77.16%
2020: തദ്ദേശം- 75.75%