election

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ഏഴുമണിയോടെയാണ് അവസാനിച്ചത്. ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 74.02 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ പോളിംഗ് കോഴിക്കോട്ടും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് 77.9 ശതമാനവും പത്തനംതിട്ടയിൽ 68.09 ശതമാനവുമാണ് പോളിംഗ്. കോഴിക്കോടിനു പിന്നാലെ കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിംഗ് നടന്നു.

കാസർകോട് ഏറ്റവും കൂടുതൽ പോളിംഗ് മഞ്ചേശ്വരത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. 76.61 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തെ 76.31 ശതമാനവും കടന്നാണ് ഇത്തവണത്തെ പോളിംഗ്. ജില്ലയിലാകെ 74.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്താകമാനം രാവിലെ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ അൻപതു ശതമാനത്തിലേറെപ്പേർ വോട്ടുചെയ്തു. കോട്ടയം, ഇടുക്കി ജില്ലകളിൽ വൈകിട്ട് മഴ പെയ്തത് പോളിം​ഗിനെ നേരിയതോതിൽ ബാധിച്ചു. വോട്ടു ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെ നാലു പേർ കുഴഞ്ഞുവീണു മരിച്ചു.