kovalam

തിരുവനന്തപുരം: പേപ്പാറയിലെ പൊടിയക്കാല ഊരിൽ നിന്ന് ആദിവാസികൾ വോട്ടിടാനായി താണ്ടിയത് 15 കിലോമീറ്റർ. കൊവിഡ് പശ്ചാത്തലത്തിൽ ബൂത്തുകളുടെ എണ്ണംകൂട്ടി തിരഞ്ഞെടുപ്പ് സുഗമമാക്കിയപ്പോഴാണ് കാടിന്റെ മക്കൾക്ക് സമ്മതിദാനം രേഖപ്പെടുത്താൻ ദുരിതവഴി താണ്ടേടി വന്നത്. വിതുര പഞ്ചായത്തിലെ പേപ്പാറ വാർഡിൽപ്പെടുന്ന ഊരാണ് പെടിയക്കാല. ഇവർക്കായി പോളിംഗ് സ്റ്റേഷനൊരുങ്ങിയത് ആര്യനാട് പഞ്ചായത്തിലെ തേവിയാര്കുന്നിലായിരുന്നു. ബുത്തിലെത്താനായി വേണ്ടത്ര വാഹനസൗകര്യവും അധികൃതർ ഒരുക്കിയിരുന്നില്ല. ഇക്കാരണത്താൻ ഊരുമൂപ്പന്റെ അമ്മയുൾപ്പെടെ നിരവധി പേർക്ക് വോട്ടിടാനും കഴിഞ്ഞില്ല. പൊടിയക്കാലയിൽ ഇരുന്നൂറോളം വോട്ടർമാരാണുള്ളത്. ഇവർക്കായി ഒരുക്കിയത് ഒരു ജീപ്പും. വല്ലപ്പോഴുമുള്ള ബസും എത്താതായതോടെ പത്തും പന്ത്രണ്ടും പേരുമായി ജീപ്പ് അങ്ങോട്ടുമിങ്ങോട്ടും ഓടി. ഊര് മൂപ്പൻ ശ്രീകുമാർ കാണിയുടെ അമ്മ പരപ്പിയും (85) സഹോദരി ഭിന്നശേഷിക്കാരായ സുശീലയും ജീപ്പിനായി എത്തിയപ്പോൾ നാലഞ്ച് ട്രിപ്പിനുള്ള ആളുണ്ട്. അത്രനേരം കാക്കാനാവാത്തതിനാൽ അവർ വീട്ടിലേക്ക് മടങ്ങി. ഇതുപോലെ നിരവധിപേർ മടങ്ങിപ്പോയതായും ശ്രീകുമാർ കേരളകൗമുദിയോട് പറഞ്ഞു. അമ്മയ്ക്കും സഹോദരിക്കും വേണ്ടി തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു. പോളിംഗ് ഓഫീസർമാർ വീട്ടിലെത്തിയെങ്കിലും ലിസ്റ്റ് പരിശോധിച്ച് പേരില്ലെന്നു പറ‌ഞ്ഞ് മടങ്ങുകയായിരുന്നു. കന്നിവോട്ട് പ്രതീക്ഷിച്ചിരുന്ന പലർക്കും ലിസ്റ്റിൽ പേരുണ്ടായിരുന്നില്ല. കൊട്ടൂർ പൊടിയം ഉൾപ്പെടെയുള്ള ഊരുകളിൽ ബൂത്ത് അനുവദിച്ചപ്പോൾ പൊടിയക്കാലയെ അവഗണിച്ചുവെന്നും ശ്രീകുമാർ പറഞ്ഞു.

 പൊടിയക്കാല ഊര്

43 വർഷം മുൻപ് പേപ്പാറ ഡാം നിർമ്മിക്കുന്നുതിനായാണ് ആറ്റിൻപുറം, മ്ലാപ്പാറ, പുരുത്തിക്കുഴി, കുന്തിരിപ്പാറ, നറുവപ്പാറ തുടങ്ങിയ ഊരുകളിലുള്ളവരെ പൊടിയക്കാലയിലേക്ക് മാറ്റിയത്. കുടിവെള്ള ക്ഷാമം തീർക്കുന്നതിനുവേണ്ടിയാണ് ഡാം നിർമ്മിച്ചതെങ്കിലും ഇതുവരെ ഊരിലുള്ളവരുടെ കുടിവെള്ള ക്ഷാമം പരിഹരിച്ചിട്ടല്ല. ഗതാഗത സൗകര്യവും ഇവിടെ പരിമിതമാണ്.