k-muraleedharan

തിരുവനന്തപുരം: തന്റെയും ഒപ്പമുണ്ടായിരുന്ന യുഡിഎഫ് പ്രവർത്തകർക്ക് നേരെയും തിങ്കളാഴ്ച്ച രാത്രി ഉണ്ടായ ബിജെപി ആക്രമണത്തെ തള്ളിപ്പറഞ്ഞ നേമം എംഎൽഎ ഒ രാജഗോപാലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് എംപിയുമായ കെ മുരളീധരൻ. കേരളത്തിലെ 140 നിയമസഭാ സീറ്റുകളിൽ ഒരിടത്തുപോലും ബിജെപി ജയം നേടുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേമത്ത് ബിജെപിക്ക് മൂന്നാം സ്ഥാനമാകും ലഭിക്കുകയെന്നും മണ്ഡലത്തിൽ നല്ല പോളിംഗ് ഉണ്ടായി എന്നും കെ മുരളീധരൻ പറഞ്ഞു. മണ്ഡലത്തിലേക്ക് വന്നതുമുതൽ തനിക്ക് അനുകൂല ട്രെൻഡ് നിലനിർത്താൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം വെള്ളായണി സ്റ്റുഡിയോ റോഡ് പരിസരത്തുള്ള വീടുകളിൽ കയറി വോട്ടഭ്യർത്ഥന നടത്തിയപ്പോഴായിരുന്നു മുരളീധരനും പ്രവർത്തകർക്കും നേരെ ആക്രമണമുണ്ടായത്.

വീടുകളിലെത്തി കെ മുരളീധരൻ പണം നൽകുകയാണ് എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആർഎസ്എസുകാർ ആക്രമിച്ചത്. മുരളീധരൻ സഞ്ചരിച്ച വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിരുന്നു. കെ മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞ സംഭവം മാദ്ധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് ശരിയായ ഏർപ്പാടല്ലെന്ന് രാജഗോപാൽ പ്രതികരിച്ചിരുന്നു.

ആക്രമണം നടത്തിയത് ബിജെപി പ്രവർത്തകരാണെന്ന് അവർ പറയുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് മുരളീധരൻ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാൽ പറഞ്ഞിരുന്നു.