qq

വിയന്ന: 2015ലെ ആണവ കരാറിലെ പങ്കാളികളായ ഇറാനും പ്രധാന ലോകശക്തികളും തമ്മിലുള്ള ആണവ ചർച്ച ആരംഭിച്ചു. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലാണ് ചർച്ച നടക്കുന്നത്. ഇറാൻ, ചൈന, റഷ്യ, ജർമ്മനി, ഫ്രാൻസ്, യു.കെ എന്നിവയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. നഗരത്തിലെ ഇംപീരിയൽ ഗ്രാൻഡ് ഹോട്ടലിലാണ് ചർച്ച. യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആണവചർച്ച ഒഴിവാക്കിയിരുന്നു. ഒപ്പം കടുത്ത ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ബൈഡൻ ഭരണകൂടം ഉപരോധം നീക്കാനും ആണവ കരാറിൽ പങ്കാളിയാകണമെന്നും അറിയിച്ചിരുന്നു. എന്നാൽ നിലവിൽ ഉപകരോധം നീക്കാത്തതിനാൽ ഇറാൻ പ്രതിനിധി റോബർട്ട് മാലിയുടെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധിസംഘം യോഗംനടക്കുന്നിടത്ത് പങ്കെടുക്കില്ല. ഉപരോധം പിൻവലിക്കാത്തതിനാൽ യു.എസുമായി നേരിട്ട് ചർച്ച നടത്തില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. യു.എസ് ഉപരോധം എങ്ങനെ നീക്കാമെന്നും ഇറാൻ എങ്ങനെ കരാർ പൂർണമായും പാലിക്കുമെന്നതിനെക്കുറിച്ചും മനസിലാക്കാനുള്ള ഉപരോധ ചർച്ചകളും ഇതിനൊപ്പം നടക്കും.

ചർച്ചയിൽ ഉപ വിദേശകാര്യ മന്ത്രി അബ്ബാസ് അരാച്ചിയുടെ നേതൃത്വത്തിൽ വിയന്നയിലെ ഇറാൻ പ്രതിനിധി സംഘത്തിൽ രാജ്യത്തിന്റെ സെൻട്രൽ ബാങ്ക്,​ പെട്രോളിയം മന്ത്രാലയം,​ അറ്റോമിക് എനർജി ഓർഗനൈസേഷൻ,​ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.

ഇറാൻ പ്രതിനിധി സംഘം തിങ്കളാഴ്ച വൈകിട്ടാണ് വിയന്നയിൽ എത്തിയത്. റഷ്യൻ പ്രതിനിധികളുമായും മറ്റും ചർച്ചകൾ നടത്തുകയും ചെയ്തു.