missing

ശ്രീനഗർ: ഛത്തീസ്ഗഢിലെ ബസ്തർ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകളുടെ പിടിയിലായെന്ന് കരുതുന്ന സി.ആർ.പി.എഫ് ജവാൻ രാകേശ്വർ സിംഗ് മൻഹാസിന്റെ അഞ്ചു വയസുകാരി മകൾക്ക് ഒന്നേ വേണ്ടൂ. അവളുടെ പ്രിയപ്പെട്ട പപ്പയെ. കണ്ണീരോടെ അവൾ ആവശ്യപ്പെട്ടു. 'നക്സൽ മാമാ, എന്റെ പിതാവിനെ മോചിപ്പിക്കണേ'.

സി.ആർ.പി.എഫ് കോബ്ര കമാൻഡോ ആയ രാകേശ്വർ സിംഗ് അടങ്ങിയ സംഘത്തിലെ 23പേർ മാവോയിസ്റ്റുകളുടെ ഒളിയാക്രമണത്തിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചപ്പോൾ രാകേശ്വറിനെ കാണാതാകുകയായിരുന്നു. ഇതുവരെയും ഒരു വിവരവും ലഭിക്കാതായതോടെയാണ് സംഘട്ടനത്തിനിടെ മാവോയിസ്റ്റുകൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയെന്ന സംശയം ബലപ്പെട്ടത്. മാവോയിസ്റ്റുകൾ ഇത് സ്ഥിരീകരിക്കുകയോ മോചന ദ്രവ്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.

ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ ടെലിവിഷനിലൂടെയാണ് അറിഞ്ഞതെന്നും മൻഹാസിനെ കാണാതായെന്ന വിവരം സി.ആർ.പി.എഫ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ജമ്മു അഖ്നൂർ റോഡിലെ ബർനയിലുള്ള കുടുംബം പറയുന്നു.

മൻഹാസിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനായി ഭാര്യ മീനു, മകൾ ശ്രഗ്വി എന്നിവർക്കൊപ്പം മാതാപിതാക്കളും ബന്ധുക്കളും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. കാണാതായ വാർത്ത അറിഞ്ഞത് മുതൽ നാട്ടുകാരും ബന്ധുക്കളും മൻഹാസിന്റെ വീട്ടിലേക്ക് ഒഴുകുകയാണ്.