pradeep-sharma

മുംബയ്: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടനവസ്തുക്കളടങ്ങിയ കാർ കണ്ടെത്തിയ കേസിലും, വാഹന ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട കേസിലും മുംബയ് പൊലീസിലെ മറ്റൊരു 'ഏറ്റുമുട്ടൽ വിദഗദ്ധൻ' പ്രദീപ് ശർമയും എൻ.ഐ.എ നിരീക്ഷണത്തിൽ.

അറസ്റ്റിലായ മുംബയ് പൊലീസിലെ മുൻ അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ സഹപ്രവർ‌ത്തകനാണ് ശർമ.

നേരത്തെ ക്രൈം ഇന്റലിജൻസ് യൂണിറ്റിന്റെ അന്ധേരി ബ്രാഞ്ചിന്റെ ചുമതലവഹിച്ചിരുന്നത് സീനിയർ ഇൻസ്പെക്ടറായ പ്രദീപ് ശർമയായിരുന്നു. അന്ന് ശർമയുടെ കീഴിലായിരുന്നു സച്ചിൻ വാസെ.

ഖ്വാജ യൂനുസ് കസ്റ്റഡി മരണ കേസിൽ സച്ചിൻ സസ്പെൻഷനിലായതിന് പിന്നാലെ ലഗൻ ബയ്യ വ്യാജ ഏറ്റുമുട്ടൽ കേസിൽ ശർമയും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു.

കേസിൽ വെറുതെ വിട്ടതോടെ മുൻ മുംബയ് പൊലീസ് കമ്മിഷണർ പരംബീർ സിംഗ് അദ്ധ്യക്ഷനായ സമിതിയാണ് ശർമയെ സർവീസിൽ തിരിച്ചെടുത്തത്. സച്ചിനെ തിരിച്ചെടുത്തതും പരംബീറാണ്. 2019ൽ ജോലി രാജിവച്ച ശർമ ശിവസേന ടിക്കറ്റിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റിരുന്നു.

പ്രദീപ് ശർമ അടക്കം നാലു പേർക്ക് സച്ചിൻ വാസെയുമായി ബന്ധമുണ്ടെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഒരാൾ ഡി.സി.പി റാങ്കിലും രണ്ടു പേർ ഇൻസ്പെക്ടർമാരുമാണ്.

ഇതിനിടയിൽ, സച്ചിൻ വാസെയുടെ കൂട്ടാളി മീന ജോർജിന്റെ പേരിലുളള ഏഴു ലക്ഷത്തിലേറെ വിലവരുന്ന സ്പോർട്സ് ബൈക്ക് എൻ.ഐ.എ കണ്ടെടുത്തു. മീനയുടെ മൊഴിയെ തുടർന്ന് ദമനിൽനിന്നാണ് ബൈക്ക് കണ്ടെത്തിയത്. നേരത്തെ എട്ട് ആഡംബര കാറുകൾ കണ്ടെത്തിയിരുന്നു.