k-sudhakaran

കണ്ണൂർ: തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി. പ്രിസൈഡിംഗ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. തളിപ്പറമ്പിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലാണെന്നും റീ പോളിംഗ് അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായും സുധാകരൻ പറഞ്ഞു.

മലപ്പട്ടം പഞ്ചായത്തിലെ എല്ലാ ബൂത്തും സി.പി.എം പിടിച്ചെടുത്തു. പലയിടങ്ങളിലും യു.ഡി.എഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിലിരിക്കാൻ സമ്മതിച്ചില്ല, തല്ലിയോടിച്ചു. ചെക്ക് പോസ്റ്റ് ഉണ്ടാക്കി സി.പി.എം അല്ലാത്തവരെ വിരട്ടിയോടിച്ചു. കുറ്റ്യാട്ടൂർ വേശാലയിൽ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളക് പൊടി വിതറി. ഇവിടെ ബൂത്ത് കയ്യേറ്റവും നടന്നു. കറ്റ്യേരിയിൽ മുഴുവൻ ബൂത്തും പിടിച്ചെടുത്തതായും സുധാകരൻ ആരോപിച്ചു.

സാമൂദായിക ധ്രുവീകരണത്തിന് യു.ഡി.എഫ് ശ്രമിക്കുന്നു എന്ന് എം.വി. ഗോവിന്ദൻ പറഞ്ഞത് മുൻകൂർ ജാമ്യമെടുക്കൽ ആണ്. ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനയും നടത്തി. ഇതിനെതിരെ കേസെടുക്കണം. കേരളത്തിൽ യു.ഡി.എഫ് ഉറപ്പാണ്. പിണറായി വിജയന് ജയിൽ ഉറപ്പാണ്. ഈ തിരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്ന രണ്ട് ഉറപ്പ് ഇതാവുമെന്നും സുധാകരൻ പറഞ്ഞു.

തളിപ്പറമ്പിൽ വോട്ടെടുപ്പ് സമാധാനപരമായാണ് നടന്നതെന്നും സുധാകരൻ ഉൾപ്പടെയുള്ളവർ ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് എം.വി. ഗോവിന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. ചെറിയൂരിൽ കോൺഗ്രസ് പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. അവർ റിട്ടേണിംഗ് ഓഫീസറെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തളിപ്പറമ്പിൽ വർഗീയ ധ്രുവീകരണം നടത്താനാണ് യു.ഡി.എഫ് ശ്രമിച്ചത്. സാമുദായിക സംഘർഷം ഉണ്ടാക്കാനാണ് ബോധപൂർവ്വം ശ്രമിച്ചത്. അയ്യങ്കോലിൽ ഉണ്ടായ സംഘർഷവും ആസൂത്രിതമാണ്. പ്രശ്നമില്ലാത്തിടത്തും പ്രശ്നമുണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചിരുന്നു.