മോസ്ക്കോ: റഷ്യയിൽ തടവിൽ കഴിയുന്ന പ്രിതിപക്ഷനേതാവ് നവാൽനിയുടെ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. നവാൽനി ജയിലിൽ നിരാഹാരം തുടങ്ങിയതോടെ ഇയാളുടെ ആരോഗ്യനില മോളമായെന്ന് കാണിച്ച് കഴിഞ്ഞദിവസം നവാൽനി അനുഭാവികൾ തെരുവിൽ റാലി നടത്തിയിരുന്നു. റാലിയിൽ പങ്കെടുത്ത ഡോക്ടർ അനസ്താസിയ വാസിലീവയെ അറസ്റ്റ് ചെയ്തത്. മറ്റൊരു നവാൽനി അനുഭാവിയും അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. അതേസമയം, രാജ്യത്തിന്റെ സുരക്ഷ കരുതിയാണ് അറസ്റ്റ് ചെയ്തതെന്നാണ് അധികർതരുടെ അഭിപ്രായം. കഴിഞ്ഞ ആഴ്ചയിൽ നവാൽനി നിരാഹാരം പ്രഖ്യാപിച്ചതോടെ ജയിൽ അധികൃതർ ചികിത്സയ്ക്ക് വിസമ്മതിച്ചെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നവാൽനിക്ക് ഇഷ്ടമുള്ള ഡോക്ടറെ കാണാനും മതിയായ ചികിത്സ നൽകാനും അദ്ദേഹത്തിന്റെ അനുഭാവികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നവാൽനിയെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയതായും കൊവിഡ് ടെസ്റ്റ് ഉൾപ്പടെ ആവശ്യമായ വൈദ്യസഹായം നൽകിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ജയിൽ അധികൃതർ അറിയിച്ചു. അസുഖം ബാധിച്ചാൽ എതൊരു തടവുകാരനെയുംപോലെതന്നെ പരിഗണിക്കുമെന്ന് ജയിൽ അധികൃതർ പറഞ്ഞിരുന്നു.
അതേസമയം, നവാൽനിക്ക് ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിക്ക് മുന്നോടിയായി പൊലീസ് ജയിലിനടുത്ത് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. ജയിലിന് മുന്നിൽ ഒരു പൊലീസ് നായും ഒരു പൊലീസുകാരനും ഉൾപ്പെടുന്ന ചെക്ക് പോസ്റ്റും സ്ഥാപിച്ചു. പൊലീസ് ബാരിക്കേട് കൊണ്ട് ഇവിടേക്കുള്ള റോഡും തടഞ്ഞിരിക്കുകയാണ്.