covid-19

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൊവിഡ് വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ അടുത്ത നാലാഴ്ച വളരെ നിർണായകമാകും. കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ സ്ഥിതിഗതി വഷളായതായും ജനസംഖ്യയുടെ വലിയൊരു ശതമാനം ഇപ്പോഴും വെെറസ് ബാധിതരാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മഹാമാരിയുടെ തീവ്രത വർദ്ധിച്ചു, ഇത് കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിൽ പടരുകയാണ്. ചില സംസ്ഥാനങ്ങളിൽ അവസ്ഥ മറ്റു സംസ്ഥാനങ്ങലെ അപേക്ഷിച്ച് വളരെ മോശമാണ്. എന്നാൽ, കൊവിഡ് കേസുകളിൽ ഉയർച്ച രാജ്യത്തുടനീളം കാണാൻ കഴിയുമെന്നും പോൾ പറഞ്ഞു. രണ്ടാം കൊവിഡ് തരംഗത്തെ നിയന്ത്രിക്കാൻ ജനങ്ങളുടെ പങ്കാളിത്തം വളരെ അത്യന്താപേക്ഷിതമാണ്. അടുത്ത നാലാഴ്ച വളരെ നിർണായകമാണ്. മഹാമാരിക്കെതിരെ പോരാടാൻ രാജ്യം മുഴുവൻ ഒത്തൊരുമയോടെ നിൽക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

The impact of the pandemic has increased in the country. Warnings were given that the situation should not be taken for granted. The situation of pandemic has worsened and the speed of increasing #COVID19 cases is higher than last time. Dr VK Paul, Member-Health, Niti Aayog pic.twitter.com/jAIJxpJBYO

— ANI (@ANI) April 6, 2021

കൊവിഡിനെതിരെ പോരാടുന്നതിനുളള മാർഗം പഴയതുതന്നെയാണ്. മാസ്‌ക് ധരിക്കുക, ജനക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങിയ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. നിയന്ത്രണ നടപടികളും പരിശോധനാ നടപടികളും കൂടുതൽ കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്. മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുകയും വാക്സിനേഷൻ ഡ്രൈവ് ശക്തമാക്കുകയും ചെയ്യണമെന്നും പോൾ പറഞ്ഞു.