അബുദാബി: യു.എ.ഇയിൽ റംസാൻ പ്രമാണിച്ച് 30,000ത്തിലേറെ ഉത്പന്നങ്ങൾക്ക് ഈ മാസം 13 മുതൽ വിലക്കുറവ് ഏർപ്പെടുത്തിയതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 894 ഔട്‌ലെറ്റുകളിൽ 25 മുതൽ 75ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൽ ലഭ്യമാകും.
വിവിധ എമിറേറ്റുകളിലെ ഉപഭോക്തൃ സഹകരണ സംഘങ്ങൾ, സൂപ്പർ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടർ മർവാൻ അൽ സബൂസി പറഞ്ഞു.
അവശ്യസാധനങ്ങൾ ഉൾപ്പെടുത്തി 50, 140 ദിർഹം വിലയുള്ള റംസാൻ കിറ്റും സജ്ജമാക്കിയിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ തിരക്കു കുറയ്ക്കുന്നതിനു ഓൺലൈൻ ഷോപ്പിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.. റംസാൻ വിപണിയിലെ വിലവർധന തടയാൻ സ്ഥാപനങ്ങൾ വ്യാപാര നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. പരസ്യപ്പെടുത്തിയ വിലയിൽ വില്പന നടത്തുക, ഉപഭോക്താവിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ഉത്പന്നങ്ങൾ നൽകുക തുടങ്ങിയവയാണ് നിർദേശങ്ങൾ. കർശന നിരീക്ഷണവും പരിശോധനകളും ഉണ്ടാകും. അരി, ധാന്യപ്പൊടികൾ, മാംസം, മത്സ്യം, പഞ്ചസാര, പാനീയങ്ങൾ തുടങ്ങിയവയുടെ വില കൂടാതിരിക്കാൻ നടപടി സ്വീകരിക്കും. പഴങ്ങളും പച്ചക്കറിയും കൂടുതലായി ഇറക്കുമതി ചെയ്യും.