കാസർകോട്: മഞ്ചേശ്വരത്തെ 130ാം നമ്പർ ബൂത്തിൽ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ എത്തിയവർക്ക് അവസരം നൽകിയില്ലെന്ന് പരാതി. പ്രിസൈഡിംഗ് ഓഫീസർ ഏകപക്ഷീയമായി വോട്ടിംഗ് അവസാനിപ്പിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തെത്തുടർന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ബൂത്തിലെത്തി പ്രതിഷേധിച്ചു.
പരാതി ഉയർന്നിരിക്കുന്ന ബൂത്തിൽ വൈകി രാവിലെ ഒൻപത് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതായാണ് ആരോപണം. വൈകിട്ട് ആറ് മണിക്ക് ശേഷം വോട്ടർമാർ എത്തിയെങ്കിലും വോട്ട് ചെയ്യാൻ അനുവദിച്ചില്ല. ആറ് മണിക്ക് ശേഷം എത്തിയവരോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
ആറ് മണിക്ക് പോളിംഗ് അവസാനിപ്പിക്കാൻ കളക്ടർ ആവശ്യപ്പെട്ടതായി സുരേന്ദ്രൻ ആരോപിച്ചു. നിരവധി പേർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നും വോട്ടർമാരെ പൊലീസ് വിരട്ടി ഓടിച്ചെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സുരേന്ദ്രന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ ബൂത്തിന് മുന്നിൽ പ്രതിഷേധിച്ചു.
കാസർകോട് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് മഞ്ചേശ്വരത്താണ്. 76.61 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തെ 76.31 ശതമാനവും കടന്നാണ് ഇത്തവണത്തെ പോളിംഗ്. ജില്ലയിലാകെ 74.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.