പാനൂർ: പുല്ലൂക്കര മുക്കിൽ പീടികയിൽ യൂത്ത് ലീഗ് പ്രവർത്തകരായ സഹോദരങ്ങളെ വീട്ടിൽ കയറി ബോംബെറിഞ്ഞശേഷം വെട്ടി പരിക്കേൽപ്പിച്ചു. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാെണെന്ന് ലീഗ് ആരോപിച്ചു.
യൂത്ത് ലീഗ് പ്രവർത്തകരായ പാറാൽ മുഹ്സിൻ ( 27) സഹോദരൻ മൻസൂർ (19) എന്നിവരാണ് അക്രമത്തിനിരയായത്.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കൂട്ടുകാരോട് സംസാരിച്ച് കൊണ്ടിരിക്കെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്ന സഹോദരൻ മൻസൂറിനെയും ആക്രമിക്കുകയായിരുന്നു.അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിന്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്.
കാലിന് ഗുരുതരമായി പരിക്കെറ്റ മൻസൂറിന്റെ നില ഗുരുതരമാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ കൊച്ചിയങ്ങാടിയിൽ വച്ച് ബംഗളൂരു കെ. എം. സി. സി സംസ്ഥാന ട്രഷറർ ഹാരിസ് കൊല്ലത്തിനെ (47) ഒരു സംഘം മർദ്ദിച്ചിരുന്നു. ഹാരിസ് തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.