crude

ന്യൂഡൽഹി: ക്രൂഡോയിലിനെ ചൊല്ലി ഇന്ത്യയും സൗദി അറേബ്യയും തമ്മിലെ തർക്കം രൂക്ഷമാകുന്നു. ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ ഉത്പാദക രാജ്യങ്ങളിലൊന്നും ഏറെക്കാലം ഇന്ത്യയുടെ ഒന്നാമത്തെ വലിയ ക്രൂഡോയിൽ സ്രോതസുമായിരുന്ന സൗദി അറേബ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പൊതുമേഖലാ എണ്ണക്കമ്പനികൾ മേയ് മാസത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ 36 ശതമാനം കുറച്ചേ സൗദിയിൽ നിന്ന് എണ്ണ വാങ്ങൂ.

കൊവിഡിൽ ആഗോളതലത്തിൽ സാമ്പത്തിക ഞെരുക്കം ദൃശ്യമായതിനാൽ, ഉത്‌പാദനം വെട്ടിക്കുറച്ച് എണ്ണവില വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സൗദിയും സഖ്യ രാഷ്‌ട്രങ്ങളും പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതംഗീകരിക്കില്ലെന്നും ലോക്ക്ഡൗണിൽ ഇന്ത്യ കുറഞ്ഞവിലയ്ക്ക് വാങ്ങിസംഭരിച്ച എണ്ണ ഇപ്പോൾ ഉപയോഗിക്കാമല്ലോ എന്നുമായിരുന്നു സൗദിയുടെ മറുപടി. ഇതിനു പിന്നാലെയാണ് സൗദിയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ കുറച്ചത്. ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പട്ടം ഇതോടെ സൗദിക്ക് നഷ്‌ടമായി. അമേരിക്കയിൽ നിന്നാണ് ഇപ്പോൾ ഇന്ത്യ ഏറ്റവുമധികം ഇറക്കുമതി നടത്തുന്നത്. രണ്ടാംസ്ഥാനം ഇറാക്കിനും മൂന്നാംസ്ഥാനം നൈജീരിയയ്ക്കുമാണ്. നാലാം സ്ഥാനത്തേക്കാണ് സൗദി പിന്തള്ളപ്പെട്ടത്.

ഏഷ്യയെ വലച്ച് ആരാംകോ

ഇന്ത്യയടക്കമുള്ള ഏഷ്യൻ വിപണികളിലേക്കുള്ള ക്രൂഡോയിലിന്റെ വില സൗദിയുടെ എണ്ണക്കമ്പനിയായ ആരാംകോ വർദ്ധിപ്പിച്ചതും കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള എണ്ണയുടെ വില കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട് ആരാംകോ. ഇതോടെയാണ്, ഗൾഫിന് പുറത്തുള്ള എണ്ണ വാങ്ങാൻ ശ്രമിക്കണമെന്ന നിർദേശം പൊതുമേഖലാ കമ്പനികൾക്ക് കേന്ദ്രം നൽകിയത്.