ഇറ്റാലിയൻ സ്‌പോർട്സ് കാർ നിർമാതാക്കളായ ലംബോർഗിനിയുടെ സൂപ്പർ എസ്‌യുവി ഉറുസ് സ്വന്തമാക്കി ബോളിവുഡ് യുവതാരം കാർത്തിക് ആര്യൻ. തന്റെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയത് പങ്കുവെച്ചതിനു പിന്നാലെയാണ് താരം ഈ ആഡംബര വാഹനം സ്വന്തമാക്കിയതായി ആരാധകരെ അറിയിച്ചത്.
2011ൽ 'പ്യാർ കാ പഞ്ച്നാമ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ കാർത്തിക് കഴിഞ്ഞ ദിവസമാണ് ലംബോർഗിനിയുടെ കറുത്ത നിറത്തിലുളള എസ്‌യുവി സ്വന്തമാക്കിയത്. വാഹനത്തോടൊപ്പമുളള വീഡിയോ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഏകദേശം 3.15 കോടി രൂപയാണ് ഉറുസിന്റെ എക്സ്‌ഷോറും വില.
ലംബോർഗിനിയുടെ ആദ്യ എസ്‌യുവിയെന്ന പെരുമ പേറുന്ന ഉറുസിന്റെ ആഗോളതലത്തിലെ അരങ്ങേറ്റം 2017 ഡിസംബറിലായിരുന്നു. 2019ൽ 4962 യൂണിറ്റ് വിൽപനയോടെ ലംബോർഗിനിയുടെ ശ്രേണിയിലെ തന്ത്രപ്രധാന മോഡലായി ഉറുസ് മാറി. ഇതുവരെ 100ൽ അധികം ഉറുസ് ഇന്ത്യയിൽ മാത്രം വിറ്റിട്ടുണ്ടെന്ന് ലംബോർഗിനി പറയുന്നു.
650 എച്ച്പി കരുത്തും 850 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻടർബോചാർജ്ഡ് വി 8 പെട്രോൾ എഞ്ചിനാണ് ഉറുസിന് കരുത്തുപകരുന്നത്. നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറുന്നത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ്. 2.2 ടൺ ഭാരമുള്ള ഈ സൂപ്പർ എസ്യുവിക്ക് 305 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുണ്ട്. 3.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത ആർജിക്കാനും ഉറുസിനാകും.