തിരുവനന്തപുരം: 2016ലെ പോളിംഗിനെക്കാൾ തെക്കൻ ജില്ലകളിൽ പോളിംഗ് ശതമാനം കുറഞ്ഞതോടെ മൂന്ന് മുന്നണികൾക്കും ചങ്കിടിപ്പേറി. അതിനാൽ തന്നെ ഫലം എന്താകുമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് മുന്നണികളും നേതാക്കന്മാരും. തലസ്ഥാന ജില്ലയിൽ അടക്കം പോളിംഗ് ശതമാനത്തിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016ൽ 72.53 ശതമാനമായിരുന്നത് ഇത്തവണ 70.20 ശതമാനമായാണ് കുറഞ്ഞത്.
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ കേന്ദ്രബിന്ദുവായ പത്തനംതിട്ടയിൽ 67.10 ആണ് വോട്ടിംഗ് ശതമാനം. കഴിഞ്ഞ തവണ 72.53 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. 2011ൽ യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ പത്തനംതിട്ടയിൽ 71.66 ശതമാനമായിരുന്നു പോളിംഗ്.
എൽ.ഡി.എഫ്, യു.ഡി.എഫ്, ബി,ജെ.പി ത്രികോണ മത്സരത്തിന്റെ ചൂടും ചൂരും പ്രകടമായ തിരുവനന്തപുരത്ത് താരതമ്യേന കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്. 2016ൽ 72.53 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ അത് 70.20 ശതമാനത്തിൽ ഒതുങ്ങി. അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെങ്കിലും പോളിംഗ് ശതമാനത്തിൽ വലിയ മാറ്റം വരാൻ സാദ്ധ്യതകളൊന്നും തന്നെയില്ല. മൂന്ന് മുന്നണികളും തമ്മിൽ ഏറ്റവും ശക്തമായ മത്സരം നടന്ന നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും പോളിംഗ് കുറവായിരുന്നു.
2011ൽ തിരുവനന്തപുരത്ത് 75.12 ശതമാനം ആയിരുന്നു പോളിംഗ്. നേമം (69.8%, കഴക്കൂട്ടം (69.63%), വട്ടിയൂർക്കാവ് (64.16%), തിരുവനന്തപുരം (61.92%) എന്നിങ്ങനെയായിരുന്നു അന്ന് പോളിംഗ് രേഖപ്പെടുത്തിയത്.
ആഴക്കടൽ മത്സ്യബന്ധന വിവാദം ചർച്ചയായ കൊല്ലം ജില്ലയിലും പോളിംഗ് കുറവായിരുന്നു. 73 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2016ൽ 75.07 ശതമാനം ആയിരുന്നു പോളിംഗ്. പോസ്റ്റൽ വോട്ടുകൾ കൂടി
ക ണക്കിലെടുക്കുമ്പോൾ ശതമാനത്തിൽ നേരിയ വ്യത്യാസം വന്നേക്കാം. കൊല്ലത്ത് ചവറയിലും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ തീരദേശ മേഖലകളിൽ ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തി. കഴിഞ്ഞ തവണ കൊല്ലത്തെ 11 സീറ്റും എൽ.ഡി.എഫാണ് നേടിയത്. എന്നാൽ ഇത്തവണ സ്ഥിതി മാറുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.
പത്തനംതിട്ട ജില്ലയിൽ അടൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്, 71.19 ശതമാനം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ രണ്ടാം മണ്ഡലമായ കോന്നിയിൽ 71 ശതമാനമാണ് പോളിംഗ്. റാന്നി, തിരുവല്ല, ആറന്മുള എന്നിവിടങ്ങളിൽ സാമാന്യം നല്ല പോളിംഗ് രേഖപ്പെടുത്തി. യു.ഡി.എഫിന്റെ സ്വാധീ ന കേന്ദ്രമായ പത്തനംതിട്ടയിൽ 2016ൽ എൽ.ഡി.എഫ് ആകെയുള്ള അഞ്ച് സീറ്റുകളും നേടിയിരുന്നു. എന്നാൽ, ഇത്തവണ ഈ മണ്ഡലങ്ങൾ യു.ഡി.എഫിന് അനുകൂലമാണെന്നാണ് രാഷ്ട്രീയനിരീക്ഷകർ കണക്കുകൂട്ടുന്നത്.
എന്നാൽ പോളിംഗ് ശതമാനത്തിലെ വർദ്ധന തങ്ങൾക്കനുകൂലമാകുമെന്ന അവകാശവാദമാണ് യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും ഉയർത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.53 ശതമാനമായിരുന്നു പോളിംഗ് ഇത്തവണ അവസാന കണക്കുകൾ കിട്ടുമ്പോൾ അത് മറികടക്കുമെന്നാണ് പ്രതീക്ഷ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിംഗ്. ഇരട്ട വോട്ടുകൾ പരമാവധി മരവിപ്പിക്കുകയും കള്ളവോട്ടുകൾ തടയുകയും ചെയ്തിട്ടും പോളിംഗ് ശതമാനം കുറയാതിരുന്നത് സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് യു.ഡി.എഫ് കരുതുന്നു. ഭരണവിരുദ്ധ വികാരം ശക്തമായതു കാരണമാണ് പോളിംഗ് കൂടിയതെന്നും ഭരണമാറ്റം ഉറപ്പാണെന്നുമാണ് അവരുടെ ശുഭപ്രതീക്ഷ.