ആലപ്പുഴ: പോളിംഗ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തശേഷം ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന പോളിംഗ് ഉദ്യോഗസ്ഥനെ വീട്ടിൽ നിന്ന് എടത്വ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടനാട് മണ്ഡലത്തിലെ തലവടി 130ാം നമ്പർ ബൂത്തിലെ ഫസ്റ്റ് പോളിംഗ് ഓഫീസറും പുന്നപ്ര എൻജിനിയറിംഗ് കോളേജിലെ അദ്ധ്യാപകനുമായ ജോർജ് അലക്സിനെതിരെയാണ് നടപടി. മറ്റൊരാളെ ഫസ്റ്റ് പോളിംഗ് ഓഫീസറായി നിയമിച്ചതിനാൽ വോട്ടെടുപ്പ് തടസമില്ലാതെ നടന്നു.
തിങ്കളാഴ്ച രാവിലെ വിതരണകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്ത ജോർജ് അലക്സ് മറ്റ് ഉദ്യോഗസ്ഥരോടൊപ്പം പോളിംഗ് സ്റ്റേഷനിൽ എത്തി. ഇപ്പോൾ വരാമെന്ന് പ്രിസൈഡിംഗ് ഓഫീസറോട് പറഞ്ഞശേഷം പോയ ജോർജ് അലക്സിനെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഒഫ് ആയിരുന്നു. തുടർന്ന് രാത്രി 11മണിയോടെ മണ്ഡലം വരണാധികാരി അലിനി എ. ആന്റണിയെ വിവരം അറിയിച്ചു. വരണാധികാരി ജില്ലാ പൊലീസ് മേധാവിക്കും പ്രിസൈഡിംഗ് ഓഫീസർ എടത്വ പൊലീസിലും പരാതി നൽകി. ഇന്നലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജോർജ് അലക്സിനെ വീട്ടിൽ നിന്ന് കണ്ടെത്തി. മാൻമിസിംഗിന് കേസെടുത്തതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കും. വകുപ്പുതല നടപടി പിന്നീടുണ്ടാകും.