കണ്ണൂർ: യഥാർത്ഥ വോട്ടർ ക്യൂവിൽ നിൽക്കെ അതേ പേരിലുള്ള മറ്റൊരാൾ ആ വോട്ട് ചെയ്തത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പൊലീസിനും പുലിവാലായി. ഇന്നലെ രാവിലെ ഒമ്പതോടെ താഴെചൊവ്വ എൽ.പി സ്‌കൂളിലെ 73ാം നമ്പർ ബൂത്തിലാണ് സംഭവം. വലിയന്നൂർ വിസ്മയത്തിൽ ഗോപാലന്റെ മകൻ ശശീന്ദ്രനാണ് (63) താഴെചൊവ്വ രേവതി നിവാസിലെ ശശീന്ദ്രൻ (63) എന്നയാളുടെ വോട്ട് രേഖപ്പെടുത്തിയത്.
പൊലീസ് പറയുന്നത് ഇങ്ങനെ: 'ശശീന്ദ്രന് വോട്ടേഴ്സ് ഐ.ഡി കാർഡില്ലായിരുന്നു. പകരം തിടുക്കത്തിൽ ഓൺലൈനായി എടുത്ത സ്ളിപ്പും ആധാർകാർഡുമായാണ് ബൂത്തിലെത്തിയത്. ഓൺലൈനായി അപേക്ഷ നൽകാൻ തന്റെ പേരും അച്ഛന്റെ പേരും കൊടുത്തപ്പോൾ ലഭിച്ച സ്ളിപ്പാണത്. അതിൽ ബൂത്തിന്റെ പേരും സ്ഥലവും ഉണ്ടായിരുന്നു. വോട്ട് ചെയ്യുമ്പോൾ ആരും തടസവും പറഞ്ഞില്ല. അതിനിടയിലാണ് ബൂത്ത് ഏജന്റ് യഥാർത്ഥ വോട്ടർ പുറത്തു നിൽക്കുന്നത് കണ്ടത്. അയാളുടെ പേരും ശശീന്ദ്രനെന്നും അച്ഛന്റെ പേര് ഗോപാലനെന്നും ആയിരുന്നു. ഇതോടെ തർക്കമായി. യാഥാർത്ഥ്യം ബോദ്ധ്യപ്പെട്ടതോടെ യഥാർത്ഥ വോട്ടർക്ക് ടെൻഡേഡ് വോട്ട് ചെയ്യാൻ അവസരം നൽകി.'
നേരിയ ഭൂരിപക്ഷമോ സമനിലയോ വന്നാൽ ടെൻഡേഡ് വോട്ടുകൾ കോടതിവഴി പരിഗണിക്കും. കരുതിക്കൂട്ടിയുള്ള കള്ളവോട്ടല്ലെന്നും അബദ്ധം സംഭവിച്ചതാണെന്നും ബോദ്ധ്യപ്പെട്ടതിനാൽ ആളെ കസ്റ്റഡിയിലെടുത്തില്ല. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒറ്റപ്പെട്ട സംഘർഷങ്ങൾ
കണ്ണൂർ തളിപ്പറമ്പ് കടേമ്പരിയിലെ 117ാം നമ്പർ ബൂത്തിന്റെ പരിസരത്ത് യു.ഡി.എഫ് പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിൽ കൈയാങ്കളിയുണ്ടായി. തളിപ്പറമ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.പി. അബ്ദുൽ റഷീദിനെ ബൂത്തിന്റെ പരിസരത്തുവച്ച് ഒരുസംഘം തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. പൊലീസെത്തി പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. പയ്യന്നൂർ കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് മർദ്ദനമേറ്റതായും പരാതിയുണ്ട്. തലശ്ശേരി പാറാൽ ഡി.ഐ.എ കോളേജ് പ്രൊഫസർ പാനൂർ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ ആളെ വോട്ട് ചെയ്യാൻ അനുവദിക്കാത്തതാണ് കൈയേറ്റത്തിനിടയാക്കിയത്.