vote

തിരുവനന്തപുരം: പോളിംഗ് ശതമാനത്തിലെ വർദ്ധന തങ്ങൾക്കനുകൂലമാകുമെന്ന അവകാശവാദവുമായി യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.53 ശതമാനമായിരുന്നു പോളിംഗ് ഇത്തവണ അവസാന കണക്കുകൾ കിട്ടുമ്പോൾ അത് മറികടക്കുമെന്നാണ് പ്രതീക്ഷ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിംഗ്.

ഇരട്ട വോട്ടുകൾ പരമാവധി മരവിപ്പിക്കുകയും കള്ളവോട്ടുകൾ തടയുകയും ചെയ്തിട്ടും പോളിംഗ് ശതമാനം കുറയാതിരുന്നത് സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് യു.ഡി.എഫ് കരുതുന്നു. ഭരണവിരുദ്ധ വികാരം ശക്തമായതു കാരണമാണ് പോളിംഗ് കൂടിയതെന്നും ഭരണമാറ്റം ഉറപ്പാണെന്നുമാണ് ശുഭപ്രതീക്ഷ. അഴിമതി, സ്വർണക്കടത്ത് ആരോപണം, നിയമന ക്രമക്കേട് തുടങ്ങിയവയ്‌ക്കെതിരായ ജനവികാരവും പുതിയ വോട്ടർമാരുടെ നിലപാടും തങ്ങൾക്കനുകൂലമാണെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം.

കഴിഞ്ഞ തവണ ഇടതുമുന്നണി തൂത്തുവാരിയ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ തങ്ങൾ ശക്തമായ തിരിച്ചുവരവു നടത്തും. യു.ഡി.എഫിന് മുൻതൂക്കമുള്ള മദ്ധ്യകേരളത്തിൽ മേധാവിത്വം തുടരും. കഴിഞ്ഞതവണ എൽ.ഡി.എഫിനെ പിന്തുണച്ച വടക്കൻ കേരളത്തിലും ഗണ്യമായ നേട്ടമുണ്ടാക്കുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം.

അതേസമയം, ഭരണത്തുടർച്ചയ്ക്കുള്ള വോട്ടാണ് ശതമാനക്കണക്കിൽ പ്രതിഫലിക്കുന്നതെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. മുൻകാലങ്ങളിൽ പോളിംഗ് കൂടുന്നത് യു.ഡി.എഫിന് അനുകൂലമായിരുന്നെങ്കിൽ ഇപ്പോൾ ആ ട്രെൻഡ് മാറി. ശക്തമായ ഭരണവിരുദ്ധ വികാരമില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. ബി.ജെ.പി കൂടി ശക്തമായി മത്സര രംഗത്തുള്ളതിനാൽ സർക്കാർ വിരുദ്ധ വികാരം ഭിന്നിക്കുന്നതും എൽ.ഡി.എഫിന് അനകൂലമാകും. കഴിഞ്ഞതവണ വൻ നേട്ടമുണ്ടാക്കിയ ചില ജില്ലകളിൽ വലിയതോതിലുള്ള മാർജിൻ ഉണ്ടാകില്ലെങ്കിലും യു.ഡി.എഫിന്റെ ചില പരമ്പരാഗത സീറ്റുകളിൽ കൂടി ജയിച്ചുകയറാമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.

ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പ്രചാരണ രംഗത്തിറക്കിയ ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും പ്രതീക്ഷകൾക്ക് കുറവില്ല. ഉയർന്ന പോളിംഗ് എൻ.ഡി.എയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറയുന്നത്. ശബരിമല വികാരം സർക്കാരിനെതിരെ തിരിയുമെന്നും ഭക്തജനങ്ങളോട് എല്ലാ വിധത്തിലുള്ള ക്രൂരതകളും കാണിച്ചശേഷം ഇപ്പോൾ ഖേദപ്രകടനം നടത്തിയിട്ട് കാര്യമില്ലെന്നും ബി.ജെ.പി പറയുന്നു. ഇരുമുന്നണികളിലായി ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയത്തിന് വരുന്ന മാറ്റം ബി.ജെ.പി രാഷ്ട്രീയ ശക്തിയാവുന്നതിന്റെ സൂചനയാണെന്നും അവർ അവകാശപ്പെടുന്നു.