സമകാലികമായ ഒരു കഥ പറഞ്ഞു തുടങ്ങാം. സംഭവം രസകരമാണ്. തിരഞ്ഞെടുപ്പ് പ്രചരണച്ചൂടിൽ സ്ഥാനാർത്ഥികൾക്കുള്ള സ്വീകരണങ്ങളിലാകെ താരമായി നിന്നത് കൊന്നപ്പൂക്കളായിരുന്നു. നാടെങ്ങും, പൂത്തുലഞ്ഞ കൊന്നപ്പൂ സീസണായതിനാൽ, മിക്കവാറും സ്ഥലങ്ങളിൽ 'കൊന്നപ്പൂബൊക്കെകൾ" നൽകിയാണ് സ്ഥാനാർത്ഥികളെ അണികൾ വരവേറ്റത്. ചിലർക്കതത്ര സുഖിച്ചില്ല. അപ്രിയം തുറന്നു പറഞ്ഞ ഒരു സ്ഥാനാർത്ഥിയോട് ഒരു വല്യമ്മ പറഞ്ഞത്രെ, ഈ പൂക്കൾക്കൊരു ഐതിഹ്യമുണ്ട്, ഇത് ദുഷ്കീർത്തി ഇല്ലാതാക്കും! ദുഷ്കീർത്തി ഏറെയുള്ള ആ സ്ഥാനാർത്ഥി ഒരു നിമിഷം അന്തംവിട്ടു നിന്നു: അങ്ങനെയും ഒരു കഥയോ!
വല്യമ്മ പറഞ്ഞ ആ ഐതിഹ്യകഥ ഇങ്ങനെ ചുരുക്കിപ്പറയാം. ത്രേതായുഗത്തിലെ ശ്രീരാമസീതാന്വേഷണയാത്രയിൽ ബാലി വധം. സുഗ്രീവനു വേണ്ടി രാമൻ ബാലിയെ ഒളിയമ്പെയ്യാൻ മറഞ്ഞു നിന്ന മരം, രാമൻ ബാലിയെ കൊന്ന മരമായി! പിന്നീട് 'കൊന്നമരം" എന്ന അപകീർത്തിയാൽ അറിയപ്പെട്ടപ്പോൾ പരിഹാരം ശ്രീരാമൻ തന്നെ നിർദ്ദേശിച്ചു. കലിയുഗത്തിൽ ശ്രീകൃഷ്ണാവതാരസമയം വരെ കാക്കുക... അങ്ങനെ അക്കാലം വന്നുചേർന്നപ്പോഴൊരിക്കൽ ഗുരുവായൂരമ്പലത്തിനകത്ത് കൂട്ടുകാരോടൊത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കുട്ടി കൂട്ടം തെറ്റി ഒറ്റപ്പെട്ടു. ഇതറിയാതെ പൂജാരി നടയടച്ച് പോയപ്പോൾ കുട്ടി കരഞ്ഞു തുടങ്ങി. കരച്ചിലകറ്റാൻ ഉണ്ണിക്കണ്ണൻ തന്റെ സ്വർണഅരഞ്ഞാണമഴിച്ച് കുട്ടിക്ക് കളിക്കാൻ കൊടുത്തു. പിറ്റേന്ന് പൂജാരി വന്ന് നട തുറന്നപ്പോൾ, വിഗ്രഹത്തിൽ അരഞ്ഞാണമില്ല. പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈയിൽ അരഞ്ഞാണം കണ്ട് ക്ഷോഭിച്ച്, ആളുകളെ വിളിച്ചുകൂട്ടി കുട്ടിയെ അടിക്കാൻ തുടങ്ങി. എന്റെ കണ്ണാ... നീയെന്നെ കള്ളനാക്കിയല്ലോ എന്ന് നിലവിളിച്ചുകരഞ്ഞ് കുട്ടി, ആ അരഞ്ഞാണം ദൂരേക്കു വലിച്ചെറിഞ്ഞു. ക്ഷേത്രത്തിനു പുറത്തെ കൊന്നമരത്തിന്റെ കൊമ്പിലാണത് ചെന്നുവീണത്. കുലകുലയായി സ്വർണവർണപ്പൂക്കളുടെ രൂപത്തിൽ അരഞ്ഞാണം മരത്തിൽ വിടർന്നു വിലസി...! അങ്ങനെ കൊന്നമരം, ഒറ്റയടിക്ക് രണ്ട് ദുഷ്കീർത്തികൾ-വധവും മോഷണവും -പരിഹരിച്ച് കണ്ണന്റെ പ്രിയപ്പെട്ട കണിക്കൊന്നമരമായിത്തീർന്നു എന്നാണ് ആ വല്യമ്മക്കഥ. ഇത്തവണ കൊന്നപ്പൂക്കളേറ്റുവാങ്ങിയ സ്ഥാനാർത്ഥികളുടെ ദുഷ്കീർത്തികൾ അകന്നുവോ, പോളിംഗ് ബൂത്തിൽ ജനം അവരെ വിശുദ്ധരാക്കിയോ എന്നതൊക്കെ പിന്നീടറിയാമെങ്കിലും, കണിയുത്സവം മുന്നിലെത്തിയതിൽ നാമെല്ലാം ആഹ്ലാദചിത്തരാണ്... കണ്ണന്റെ വിഗ്രഹങ്ങൾക്കു മുന്നിൽ ഇതാ ചിരിക്കുന്നു തൂമഞ്ഞ കർണികാരപ്പൂവുകൾ...
രണ്ട്
മലയാളിയുടെ മനസിൽ ഐശ്വര്യസ്വ പ്ന ങ്ങളുമായാണ് കണിക്കൊന്ന പൂത്തുലയുന്നത്. എന്തു മനോഹരമാണ് ആ സ്വർണമണിമൊട്ടുകൾ. അഞ്ചിതൾ പുറത്തും അഞ്ചിതൾ അകത്തും പത്തു കേസരങ്ങളുമായി വിടർന്നു വിലസുന്ന കൊന്നപ്പൂ ഈ കൊച്ചു കേരളത്തിന്റെ ഔദ്യോഗിക പുഷ്പം... തായ്ലന്റുകാരുടെ ദേശീയ വൃക്ഷവും ദേശീയ പുഷ്പവുമാണ് കൊന്ന. ഇംഗ്ലീഷിൽ ഗോൾഡൻ ഷവർ ട്രീ എന്നും ഇന്ത്യൻ ലബർഗം എന്നും അറിയപ്പെടുന്ന ഈ പുഷ്പത്തിന്റെ ശാസ്ത്രീയനാമം കാസിയ ഫിസ്റ്റുല. തമിഴിൽ കൊന്നൈ എന്നും സംസ്കൃതത്തിൽ രാജവൃക്ഷം, ദീർഘഫലഃ, കർണികാരം എന്നിങ്ങനേയും വിളിക്കപ്പെടുന്നു. ഇന്ത്യയ്ക്കു പുറത്തു പാക്കിസ്ഥാൻ, മ്യാൻമർ, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ സർവ്വസാധാരണം. ജലാംശത്തിന്റെ സ്വാധീനം തിരിച്ചറിയാനുള്ള കഴിവ് - ബയോസെൻസർ അഥവാ ജൈവവിവേചന ഘ്രാണശക്തി - കൊന്നയ്ക്കുണ്ടെന്ന് ശാസ്ത്രജ്ഞർ. 85 - 95 ദിവസങ്ങൾക്കു മുമ്പ് മഴയെ പ്രവചിച്ചു കൊണ്ടാണത്രെ മാർച്ച് - ഏപ്രിൽ മാസങ്ങളിൽ കൊന്ന പൂത്തുലയുന്നത്...! ആയുർവേദം പറയുന്നത് വാത പിത്ത കഫാദി ത്രിദോഷപരിഹാരത്തിന് ഇതിന്റെ തോലും വേരും കായ്കളും ഉപയുക്തമെന്നാണ്.
മൂന്ന്
കേരളീയതയുടെ മഹാകവിയായ പി. കുഞ്ഞിരാമൻ നായർ ചൊല്ലിയത് 'കണി കാണുക പൂമൊട്ടേ പരം ജ്യോതിസ്വരൂപനെ" എന്നാണ്. ജ്യോതിസിന്റെ, വെളിച്ചത്തിന്റെ നാഥനായി ശ്രീകൃഷ്ണനെ കണ്ട മഹാകവി നമ്മോട് പറയുന്നത് വിഷു, ഗ്രഹങ്ങളുടെ ഉത്സവമാണെന്നു തന്നെയാണ്. സൂര്യഭഗവാന് സമർപ്പിക്കപ്പെട്ട കാർഷികോത്സവം കൂടിയാണ് നമുക്കിത്. മേടസംക്രമത്തിൽ പിറക്കുന്ന ഈ ഉത്സവനാളിൽ പകലും രാത്രിയും സമം. 'വിഷുവദ്സമരാത്രിവാസരേ" എന്ന് പ്രമാണം... വിഷു കഴിഞ്ഞ് പത്താംനാൾ 'പത്താമുദയ"ത്തിന് നല്ല കർമങ്ങൾ ആരംഭിക്കാനൊരുങ്ങുന്നു മലയാളികൾ. കേരളത്തിൽ പലേടത്തും വ്യത്യസ്തമാണ് വിഷുവിന്റെ രീതികൾ. ഞങ്ങൾ വടക്കുള്ളവർക്ക് പടക്കത്തിന്റേയും പ്രാർത്ഥനയുടേയും ഉണ്ണിയപ്പത്തിന്റേയും കോടി വസ്ത്രത്തിന്റേയും സദ്യയുടേയും വിഷു വന്നെത്തുമ്പോൾ, തിരുവനന്തപുരത്തെ കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ ഞാനറിഞ്ഞത്, കൈനീട്ടത്തിന്റെ നാൾ മാത്രമാണ് വിഷു എന്നാണ്. കോടിയുടുക്കാനും സദ്യയുണ്ണാനും തിരുവനന്തപുരത്തുകാർക്ക് തിരുവോണം വന്നെത്തണം. പടക്കം പൊട്ടിക്കാൻ ദീപാവലി വരെ കാക്കണം! പയ്യന്നൂർ പെരുമാളുടെ തിരുനടയിൽ കിടന്നുറങ്ങി, പുലർച്ചെ മൂന്നിനുണർന്ന് വിഷുക്കണി കണ്ട കുട്ടിക്കാലം മനസിലുണ്ട്. ഗുരുവായൂരിലെ കണി കാണാൻ ഒരിക്കലേ പോയിട്ടുള്ളൂ. നാലഞ്ചു വർഷം മുമ്പ് അച്ഛനുമമ്മയും ഗിരിജയും മോളുമൊപ്പം കണ്ട ആ കണിക്ക് വഴിയൊരുക്കിത്തന്നത് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനും വ്യവസായിയുമായ ഗുരുവായൂർക്കാരൻ ഹരിദാസേട്ടനാണ്. കേമമായ ചുറ്റുവിളക്കും മട്ടന്നൂർ ശങ്കരൻ കുട്ടിയുടേയും മക്കളുടേയും നേതൃത്വത്തിലുള്ള കൊട്ടും മേളവുമൊക്കെയായി ഹരിയേട്ടൻ വർഷങ്ങളായി നടത്തുന്ന ആ വിഷുവർച്ചന ഇത്തവണ എന്താവുമോ എന്തോ. ഈ വിഷുവിന് ആ സ്നേഹവാൻ ഈ ഭൂമിയിലില്ല...
നാല്
കണിക്കൊന്ന പുഞ്ചിരി പൊഴിക്കുമ്പോൾ എന്റെ മനസിലേക്ക് ചിരിതൂകിക്കടന്നുവരുന്ന ഒരാളുണ്ട്. കവി അയ്യപ്പപ്പണിക്കർ സാറാണത്. പത്തിരുപത്തഞ്ച് വർഷങ്ങൾക്കപ്പുറം അദ്ദേഹത്തെ പരിചയപ്പെടും മുമ്പേ അദ്ദേഹത്തിന്റെ വരികൾ ഹൃദയത്തിൽ നിറഞ്ഞിരുന്നു: കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, എനിക്കാവതില്ലേ പൂക്കാതിരിക്കാൻ... കുരുക്ഷേത്രവും ഹേ ഗഗാറിനും മൃത്യുപൂജയും ഗോപികാദണ്ഡകവുമൊന്നുമല്ല എനിക്ക് പ്രിയപ്പെട്ട അയ്യപ്പപ്പണിക്കർകവിത. അതിന്നും എന്നും 'പൂക്കാതിരിക്കാനെനിക്കാവതില്ലേ" തന്നെയാണ്. പ്രകൃതിയുടെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, വിശുദ്ധിയുടെ താളമാണ് ആ കവിത. പൂത്തുലഞ്ഞു നിൽക്കുന്ന ഒരു കൊന്നമരം തന്നെയാണ് ആ സ്നേഹകവി... മുപ്പതിലേറെ പുസ്തകങ്ങൾ എന്റേതായി വന്നിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമേ ഒരു ചടങ്ങിൽ പ്രകാശിപ്പിച്ചിട്ടുള്ളു. 2000 ലെ വിഷുക്കാലത്ത് 'വൃശ്ചികം വന്നു വിളിച്ചു" എന്ന കഥാസമാഹാരത്തിന് പ്രകാശനച്ചടങ്ങ് വച്ചതു തന്നെ, അയ്യപ്പപ്പണിക്കർ എന്ന സുവർണവൃക്ഷത്തോടുള്ള എന്റെ ആരാധന കൊണ്ടായിരുന്നു.... അദ്ദേഹം സദയം എന്റെ ക്ഷണം സ്വീകരിച്ചു, വന്നു, പ്രകാശം ചൊരിഞ്ഞു...
കണിക്കൊന്നപ്പൂക്കാലത്ത് ഓർക്കാൻ ഒരു സന്തോഷ കാര്യം കൂടിയുണ്ട്. 1995-ൽ ദൂരദർശനുവേണ്ടി ഞാൻ കഥയെഴുതി ആദ്യമായി സംവിധായകവേഷമണിഞ്ഞ ടെലിഫിലിമിന്റെ പേര്: കർണികാരം പൂത്തപ്പോൾ... നിറയെ പൂത്ത ഒരു കൊന്നമരച്ചുവട്ടിൽ, അഭിനേതാക്കളായ രാമചന്ദ്രനും റാണി ലാരിയസും പൂമഴയേറ്റു നിർവൃതിയിൽ നിൽക്കുന്നത്, ഒരു ആകാശദൃശ്യമായി ചിത്രീകരിച്ച നിമിഷമാണ് ഇപ്പോൾ മനസിൽ. അതെ, സ്വർണവർണകർണികാരപ്പൂവുകൾ ചുറ്റിലും സഹർഷം വർഷിച്ചു കൊണ്ടിരിക്കുക തന്നെയാണ്.
(സതീഷ്ബാബു പയ്യന്നൂർ : 98470 60343, satheeshbabupayyanur@gmail.com).