കോമഡി ആയിക്കോട്ടെ, കാരക്ടർ റോൾ ആയിക്കോട്ടെ, വില്ലത്തിയായിക്കോട്ടെ... കിട്ടുന്ന വേഷത്തിലെല്ലാം സ്വന്തം കയ്യൊപ്പ് ചാർത്തുന്ന അപ്സരയുടെ വിശേഷങ്ങൾ...
ചെറുപ്പം മുതലേ അപ്സരയുടെ മനസിൽ കൂടുകൂട്ടിയ ഇഷ്ടമായിരുന്നു കാമറയും വെള്ളിവെളിച്ചവും. സ്കൂളിലും കോളേജിലുമെല്ലാം സമ്മാനങ്ങൾ വാരിക്കൂട്ടിയപ്പോഴും ആ ഇഷ്ടം കൂടിയതേയുള്ളൂ. പഠിത്തം കഴിയുമ്പോൾ ആരാകാനാണ് ഇഷ്ടമെന്ന് ചോദിക്കുന്നവരോടൊക്കെ അന്ന് മുതലേ പറഞ്ഞുശീലിച്ച ഉത്തരം അഭിനേത്രി എന്നതായിരുന്നു. ഒടുവിലൊരുനാൾ ഒട്ടും പ്രതീക്ഷയ്ക്കാതെ കാമറയ്ക്ക് മുന്നിൽ നിൽക്കാനുള്ള അവസരം കിട്ടി. ആദ്യ സീരിയലിന് തന്നെ മികച്ച അഭിപ്രായങ്ങൾ കിട്ടിത്തുടങ്ങിയതോടെ അഭിനയത്തോടുള്ള ആവേശവും കൂടി. എട്ട് വർഷത്തിനിടിയിൽ 22സീരിയലുകളുടെ ഭാഗമായി. ഒക്കെയും വ്യത്യസ്ത വേഷങ്ങൾ. ചിരിയും വില്ലത്തരവും ഒക്കെയായിട്ട് മലയാളികളുടെ സ്വീകരണമുറിയിൽ അപ്സര നിറഞ്ഞു നിൽപ്പുണ്ട്. വിശേഷങ്ങളിലേക്ക്....
കഥ കേട്ടപ്പോൾ ത്രില്ലടിച്ചു
രണ്ട് പ്രോജക്ടുകളാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. സാന്ത്വനവും പൗർണമിത്തിങ്കളും. രണ്ടും ഏഷ്യാനെറ്റിലാണ്, അതുപോലെ രണ്ട് കാരക്ടറും നെഗറ്റീവുമാണ്. ഇപ്പോഴെനിക്ക് കൂടുതൽ റീച്ച് കിട്ടുന്നത് 'സാന്ത്വന"ത്തിലെ ജയന്തിയിലൂടെയാണെന്ന് തോന്നുന്നു. നെഗറ്റീവ് ഷേഡാണെങ്കിലും ജയന്തി കുറച്ചുകൂടി മെച്വേർഡാണ്. പ്രേക്ഷകർക്ക് ജയന്തിയുടെ കുശുമ്പും കുന്നായ്മകളുമൊക്കെ കാണാൻ ഇഷ്ടവുമാണ്. 'പൗർണമിത്തിങ്കളി"ലെ കഥാപാത്രത്തിന്റെ പേര് ശ്വേത എന്നാണ്. അതും വില്ലത്തി തന്നെയാണ്. ജയന്തിയും ഞാനും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. പക്ഷേ, ഇതുപോലൊരു ബാനറിനൊപ്പം പ്രവർത്തിക്കുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റെയും സ്വപ്നമായിരിക്കും. ആദ്യം പ്രോജക്ടിനെ കുറിച്ച് അറിഞ്ഞപ്പോൾ ചിപ്പിചേച്ചിയുടെ നാത്തൂൻ ആണെന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ. ചേച്ചിയുടെ തന്നെ പ്രൊഡക്ഷൻ ആണ്. പിന്നെ ആദിത്യൻ സാറാണ് സംവിധാനം. എന്റെ ഗുരുനാഥനാണ്, അദ്ദേഹത്തിന്റെ സീരിയലിലൂടെയാണ് ഞാൻ തുടക്കം കുറിക്കുന്നത്. ഇതൊക്കെയായിരുന്നു എന്നെ ആകർഷിച്ചത്. പക്ഷേ, ലൊക്കേഷനിൽ എത്തിയപ്പോഴാണ് ഇത്രയും പ്രായമുള്ള കഥാപാത്രമാണെന്ന് അറിഞ്ഞത്. ചിപ്പിചേച്ചിയുടെ ചേട്ടന്റെ ഭാര്യയായിട്ടാണ്. എന്റെ പ്രായത്തേക്കാൾ കൂടിയതാണ്. പക്ഷേ എനിക്ക് അതൊന്നും ഒരു പ്രശ്നമേയായിരുന്നില്ല. പ്രേക്ഷകർ ഇപ്പോഴെന്നെ കൂടുതലായി തിരിച്ചറിയുന്നത് സാന്ത്വനത്തിലെ ജയന്തിയായിട്ടാണ്. അഞ്ജലിയെയും ശിവനെയും എന്തിനാണ് ഇങ്ങനെ ശല്യപ്പെടുത്തുന്നതെന്ന് ചോദിച്ച് പരാതിപ്പെടുന്നവരുണ്ട്.
ഞാൻ ഹാപ്പിയാണ്
കൈരളിയിൽ നായികയായി ചെയ്ത 'ഉള്ളതു പറഞ്ഞാൽ"സീരിയൽ കഴിഞ്ഞ് നിൽക്കുന്ന സമയം. അപ്പോഴാണ് സുഹൃത്ത് സജി പൊറ്റയിൽക്കടവ് ചേട്ടൻ സാന്ത്വനത്തെക്കുറിച്ച് പറയുന്നത്. 'ഉള്ളതുപറഞ്ഞാൽ " സീരിയലിലെ സ്നേഹലത നല്ല അഭിപ്രായം തേടിതന്ന കഥാപാത്രമാണ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും കിട്ടി. ബ്രേക്ക് വന്നപ്പോൾ ഇനി അടുത്തത് അത്രയും നല്ലൊരു കഥാപാത്രത്തെ തന്നെ അവതരിപ്പിക്കണമെന്ന ആഗ്രഹത്തോടെ നിൽക്കുകയായിരുന്നു. അപ്പോഴാണ് സജി ചേട്ടൻ വിളിച്ചിട്ട് നല്ല വേഷമാണ്, നല്ല ടീമാണ് ഒന്നും നോക്കേണ്ട ചെയ്തോ എന്ന് പറഞ്ഞത്. കഥയും ടീമും കേട്ടപ്പോൾ എനിക്ക് ശരിക്കും ആവേശമായി. മാസത്തിലൊരിക്കലും ആഴ്ചയിലൊരിക്കലും വരുന്ന കഥാപാത്രമാണ് ജയന്തി. പക്ഷേ വരുമ്പോൾ നന്നായി പെർഫോം ചെയ്യാനുണ്ടെന്നതാണ് സന്തോഷം. ശരിക്കും ജയന്തി എനിക്കൊരു ചലഞ്ചിംഗായിരുന്നു. പ്രായം കൊണ്ടും കഥാപാത്രം കൊണ്ടും. വില്ലത്തി വേഷം ഇതിന് മുമ്പും ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോഴാണ് ശരിക്കും പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ കിട്ടുന്നത്. പ്രായമായവരൊക്കെ ചോദിക്കും എന്തിനാ മോള് എപ്പോഴും നെഗറ്റീവ് ചെയ്യണതെന്ന്. അവർക്കൊക്കെ സ്നേഹലതയെ പോലെ കോമഡി ചെയ്യുന്ന കഥാപാത്രത്തെയാണ് ഇഷ്ടം. എന്ത് കമന്റ് കേട്ടാലും ആസ്വദിക്കുന്ന ആളാണ് ഞാൻ. ആരേലും സെൽഫിയെടുക്കാനൊക്കെ വന്നാൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. ഇനി ഇതുപോലുള്ള വേഷങ്ങളൊന്നും ചെയ്യരുത് പാവമായിട്ട് ചെയ്യണമെന്ന് പറയുന്നവരുണ്ട്. കോമഡിയും പാവവും വില്ലത്തിയുമൊക്കെ ചെയ്തിട്ടുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ സന്തോഷമേയുള്ളൂ.
ചിരിപ്പൂരമൊരുക്കിയ സ്നേഹലത
'ഉള്ളതു പറഞ്ഞാൽ" എന്ന സീരിയലാണ് കരിയറിൽ വലിയൊരു ബ്രേക്ക് തന്നത്. ഒരുപാട് പ്രത്യേകതകളുണ്ടായിരുന്ന സീരിയലാണ് അത്. സ്നേഹലതയെ നെഞ്ചേറ്റിയ ഒരുപാട് പേരുണ്ട്. ലൈവ് ഡബ്ബിംഗ് എന്നതായിരുന്നു ഏറ്റവും വലിയ ചലഞ്ച്. ചില പ്രോജക്ടുകൾ നമ്മുടെ മനസുമായി ഒരുപാട് അടുത്തിരിക്കും. അത്തരത്തിലൊന്നാണ് അത്. പരിപാടി കഴിഞ്ഞെങ്കിലും ആ ടീമും പ്രോജക്ടുമൊക്കെ അത്രയും മിസ് ചെയ്യുന്നുണ്ട്. നന്നായി പെർഫോം ചെയ്യാനുണ്ടായിരുന്ന കഥാപാത്രമായിരുന്നു. പക്ഷേ അവാർഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതിന് മുന്നേ എനിക്ക് തിക്കുറിശി അവാർഡ് കിട്ടിയിരുന്നു. പക്ഷേ സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ ശരിക്കും ഞെട്ടിയിരുന്നു. സ്റ്റേറ്റ് അവാർഡൊന്നും ഇത്ര പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവാർഡുകൾ സ്വന്തമാക്കണമെന്നൊക്കെയുള്ള ആഗ്രഹങ്ങളുണ്ടായിരുന്നു. അതൊക്കെ എല്ലാർക്കും ഉണ്ടാകുന്നതല്ലേ. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടിയെന്നതാണ് സന്തോഷം ഇരട്ടിപ്പിച്ചത്. അതിൽ ലൈവായിട്ട് ഡയലോഗുകൾ പറയുന്നതും ഓൺ
ദി സ്പോട്ടായിട്ട് കൗണ്ടറുകൾ അടിക്കുന്നതുമൊക്കെ അഭിനയം ഒരുപാട് ഇംപ്രൂവ് ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്. അതുപോലെ മിസ് ചെയ്യാൻ പോകുന്ന ഒന്നാണ് പൗർണമിത്തിങ്കൾ. അതിലെ ശ്വേത എന്ന കഥാപാത്രവും എനിക്ക് ഒത്തിരിയിഷ്ടമായിരുന്നു. പിന്നെ, 'സീത"യിലെ എ.സി.പി മറിയക്കുട്ടിയും പ്രിയവേഷങ്ങളിൽ ഒന്നാണ്. ഒത്തിരി അഭിനന്ദനങ്ങൾ കിട്ടിയ കഥാപാത്രമാണ് അതും. പൗർണമിത്തിങ്കൾ ടീമിനെയും തീർച്ചയായും മിസ് ചെയ്യും. പൗർണമിത്തിങ്കളിലൂടെയാണ് ദേവിചേച്ചിയെ (ദേവിചന്ദന) ഞാൻ അടുത്തു പരിചയപ്പെടുന്നത്. ഇപ്പോൾ ഇൻഡസ്ട്രിയിലെ ഏറ്റവുമടുത്ത സുഹൃത്ത് ആരെന്ന് ചോദിച്ചാൽ അത് ദേവിചേച്ചിയാണ്. കരിയറിലായാലും ജീവിതത്തിലായാലും ദേവിചേച്ചി തരുന്ന സപ്പോർട്ടും സ്നേഹവുമൊക്കെ വലുതാണ്.
കൊതിച്ച് കൊതിച്ച് എത്തിയതാണ്
ജയന്തിയെയും ശ്വേതയെയും കണ്ടിട്ട് പലരും ചോദിക്കാറുണ്ട് അപ്സരയുടെ ശരിക്കുള്ള പ്രായം ഏതാണെന്ന്. എന്റെ പ്രായവും ശ്വേതയുടെ പ്രായവും ഒന്നാണ്. പെർഫോം ചെയ്യാൻ പറ്റുന്ന, പ്രാധാന്യമുള്ള ഏതു വേഷവും ഞാൻ ചെയ്യും. അവിടെ പ്രായവും രൂപവുമൊന്നും എനിക്ക് പ്രശ്നമല്ല. നായിക വേഷം മാത്രമേ ചെയ്യൂവെന്ന നിർബന്ധമൊന്നുമില്ല. എല്ലാത്തരം വേഷങ്ങളും ചെയ്യാനിഷ്ടമാണ്. പെർഫോം ചെയ്യാൻ കഴിയുന്നതാകണമെന്ന് മാത്രേയുള്ളൂ. അഭിനയിക്കാൻ അത്രയും ഇഷ്ടമാണ്. കൊതിച്ച് കൊതിച്ച് എത്തിയതാണെന്ന് പറഞ്ഞാലും തെറ്റില്ല. ഓരോ കഥാപാത്രം ചെയ്യുമ്പോഴും ഇതെങ്ങനെ വ്യത്യസ്തമാക്കാമെന്ന് ഞാൻ ചിന്തിക്കാറുണ്ട്. എന്നാൽ അത് പ്രേക്ഷകർക്ക് അഭംഗിയായി തോന്നാനും പാടില്ല. കോസ്റ്റ്യൂംസിലും മേക്കപ്പിലുമൊക്കെ അത് ശ്രദ്ധിക്കും. എനിക്ക് ചേരാത്തത്തൊന്നും ഞാനതിൽ കൊണ്ടുവരില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഡാൻസ്, നാടകം എല്ലാത്തിലുമുണ്ട്. സ്ഥിരം സമ്മാനങ്ങൾ കിട്ടുമായിരുന്നു. നാട്ടിലൊക്കെ അറിയാം കലോത്സവങ്ങളിലൊക്കെ തിളങ്ങുന്ന കുട്ടിയാണെന്ന്. ഫോട്ടോഗ്രാഫർ ഗിരീഷ് അമ്പാടി ചേട്ടൻ വഴിയാണ് ഞാൻ ഈ രംഗത്തേക്ക് എത്തുന്നത്. ഒരു മാഗസിന്റെ കവർഗേളായിട്ട് എത്തിയതോടെയാണ് ഞാൻ സ്വപ്നം കണ്ടതുപോലെ ജീവിതം മാറാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ് ആദിത്യൻ സാർ. അന്ന് അദ്ദേഹം 'അമ്മ" എന്ന സീരിയൽ എടുക്കുന്ന സമയമാണ്. അതിലേക്ക് പുതിയ കുട്ടി യെ തപ്പുകയാണ്. അപ്പോഴാണ് എന്റെ കാര്യം ഗിരീഷേട്ടൻ ആദിത്യൻ സാറിനോട് പറയുന്നത്. ശ്രുതി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ശ്രുതിയായിട്ട് വരുമ്പോൾ മനസിൽ ഒത്തിരി ടെൻഷനുണ്ടായിരുന്നു. അതുപോലെ തന്നെ എക്സൈറ്റ്മെന്റും. എന്റെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്, എനിക്കിവിടെ പിടിച്ച് നിൽക്കാൻ കഴിയുമോയെന്നൊക്കെയായിരുന്നു മനസിൽ. ഇപ്പോഴും പ്രേക്ഷകരെ മനസിൽ കണ്ടിട്ട് തന്നെയാണ് അഭിനയിക്കാനായി നിൽക്കുന്നത്.
എപ്പോഴും എനർജെറ്റിക്കാണ്
അഭിനയരംഗത്തെത്തിയിട്ട് എട്ട് വർഷം പിന്നിട്ടു. 22 സീരിയലും കുറച്ച് ഷോകളും ചെയ്തിട്ടുണ്ട്. ബഡായി ബംഗ്ലാവ്, ബെസ്റ്റ് ഫാമിലി അങ്ങനെ രണ്ട് ഷോകൾ ആങ്കറും ചെയ്തിട്ടുണ്ട്. ആങ്കറിംഗും എനിക്കൊത്തിരി ഇഷ്ടമാണ്. ആരും എന്നോട് സംസാരിക്കരുതെന്ന് മാത്രം പറയരുത്. ലൊക്കേഷനിൽ അടങ്ങിയിരിക്കാത്ത ആളാണ് ഞാൻ. എപ്പോഴും ലൈവായിട്ട് ഇരിക്കാനാണ് ഇഷ്ടം. എന്റെ ഈ ബഹളമൊക്കെ കണ്ടിട്ട് എനർജിയുടെ രഹസ്യം ചോദിക്കുന്നവരുണ്ട്. അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. ജനിച്ചപ്പോഴെ അങ്ങനെയാണ്. സംസാരിക്കാനും ഹാപ്പിയായിട്ട് ഇരിക്കാനുമൊക്കെ ഇഷ്ടമാണ്. ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി സന്തോഷിക്കുന്ന ആളാണ്. അതുപോലെ കുഞ്ഞുകാര്യങ്ങളൊക്കെ പെട്ടെന്ന് എന്നെ ബാധിക്കാറുണ്ട്. സംസാരവും ചിരിയുമാണ് എന്റെ ഹൈലൈറ്റ്സ്. പുതുതായി മറ്റൊരു പ്രോജക്ട് കൂടി വരുന്നുണ്ട്. 'സെലിബ്രിറ്റി കിച്ചൺ മാജിക്", പാചകം ഇഷ്ടമാണ്, അതുകൊണ്ട് തന്നെ ഇതും ആസ്വദിക്കാൻ പറ്റുമെന്ന വിശ്വാസമുണ്ട്. 'ഉള്ളതു പറഞ്ഞാൽ" ഷോയിലെ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. കിഷോറേട്ടൻ ആയിരുന്നു അതിൽ എന്റെ പെയർ. പുള്ളിയാണ് ഇതിലും എന്റെ പെയർ. അതിന്റെ സംവിധായകൻ തന്നെയാണ് ഇതിന്റെയും. അതൊരു വലിയ സന്തോഷമാണ്. തിരുവനന്തപുരമാണ് എന്റെ നാട്. അമ്മ ശോഭന. ചേച്ചി ഐശ്വര്യ. ചേച്ചിക്ക് ഒരു വാവയുണ്ട് സിദ്ധാർത്ഥ്. അച്ഛൻ രത്നാകരൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. പത്ത് വർഷം മുമ്പ് ഞങ്ങളെ വിട്ടു പിരിഞ്ഞു. അമ്മ കെ.പി.എ.സി നാടക ആർട്ടിസ്റ്റായിരുന്നു. അമ്മയാണ് ഞാൻ ഈ രംഗത്ത് എത്തിയതിൽ ഏറ്റവമധികം സന്തോഷിക്കുന്നത്. എന്റെ അഭിനയമോഹം അത്ര നന്നായിട്ട് അറിയുന്നവരാണ് ഇപ്പോൾ ചുറ്റിലുമുള്ളത്. അവരൊക്കെ തന്നെയാണ് എന്റെ ശക്തിയും.