adani

മുംബയ് : ഇന്ത്യയിലെ പത്ത് ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്. നിലവിൽ ഒന്നാമനായിരുന്ന അദാനിയെ പിന്തള്ളിയാണ് അംബാനി പട്ടികയിലെ ആദ്യ സ്ഥാനം കരസ്ഥമാക്കിയത്. രാജ്യം കൊവിഡ് വ്യാപനത്തിന്റെ നാളുകളിലൂടെ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന സമയത്താണ് ഫോബ്സിന്റെ അതിസമ്പന്നരുടെ പട്ടിക എത്തിയത്. എണ്ണ ടെലികോം മേഖലയിൽ വൻ നിക്ഷേപം നടത്തിയ അംബാനിയുടെ മൊത്തം ആസ്തി 84.5 ബില്യൺ ഡോളറാണ്, രണ്ടാം സ്ഥാനത്തെത്തിയ അദാനിയുടെ ആസ്തിയായി ഫോബ്സ് നൽകിയിട്ടുള്ളത് 50.5 ബില്യൺ ഡോളറുമാണ്. കൊവിഡ് വ്യാപന സമയത്തും ഓഹരിവിപണിയിൽ വ്യക്തമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതാണ് ശതകോടീശ്വരൻമാർക്ക് തുണയായി മാറിയത്.

ഫോബ്സിന്റെ കണക്കനുസരിച്ച് ശത കോടീശ്വരൻമാരുടെ എണ്ണം 102ൽ നിന്നും 140 ആയി ഉയർന്നിട്ടുണ്ട്. ഇവരുടെ ആകെ ആസ്തി കഴിഞ്ഞ വർഷം 596 ബില്യൺ ഡോളറായിട്ടാണ് വർദ്ധിച്ചിരിക്കുന്നത്. ധനികൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടാൻ അംബാനിയെ സഹായിച്ചത് ജിയോയ്ക്ക് ആഗോളതലത്തിൽ ലഭിച്ച വൻ സ്വീകാര്യതയാണ്. മുപ്പത്തിയഞ്ച് ബില്യൺ ഡോളർ നിക്ഷേപമാണ് ജിയോയിൽ മാത്രം അംബാനി സ്വന്തമാക്കിയത്. കമ്പനിയുടെ കടബാദ്ധ്യത 2021ൽ പൂജ്യമായി കുറയ്ക്കണമെന്ന അംബാനിയുടെ ലക്ഷ്യവും കൈവരിക്കാൻ അദ്ദേഹത്തിന് ഇതോടെ കഴിഞ്ഞു. ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ ലോകത്തിലെ വമ്പൻമാരിൽ നിന്നുപോലും നിക്ഷേപം സ്വന്തമാക്കാൻ ജിയോയ്ക്ക് കഴിഞ്ഞിരുന്നു. അതിനൊപ്പം റീട്ടെയിൽ ശൃംഖലയിലടക്കം നിക്ഷേപം നടത്തി വിപണി വൈവിധ്യവത്കരണത്തിനും അംബാനി ശ്രദ്ധ നൽകിയ വർഷമായിരുന്നു കഴിഞ്ഞുപോയത്.

പട്ടികയിലെ ഒന്നാം സ്ഥാനം അംബാനിക്കു മുന്നിൽ നഷ്ടമായെങ്കിലും അദാനിക്കും കഴിഞ്ഞ വർഷം മികച്ചതായിരുന്നു എന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ദ്ധർക്കുള്ളത്. അദാനി ഗ്രീൻ, അദാനി എന്റർപ്രൈസസ് എന്നിവയുടെ ഓഹരികൾ ഉയർന്ന് നിന്നതിനാൽ ശതകോടീശ്വരനായ അദാനിയുടെ സ്വത്ത് 42 ബില്യൺ ഡോളർ കണ്ട് വർദ്ധിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ ഏറ്റെടുക്കുക വഴി എയർപോർട്ട് മാനേജുമെന്റ് മേഖലയിൽ അദാനി ശ്രദ്ധ കേന്ദ്രീകരിച്ച വർഷം കൂടിയായിരുന്നു കഴിഞ്ഞു പോയത്. ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 74 ശതമാനം ഓഹരി സ്വന്തമാക്കിയതായിരുന്നു. രാജ്യത്തെ വളർന്നുവരുന്ന എനർജി മേഖലയിലും അദാനി മുന്നേറ്റം കൊയ്തു. അദാനി ഗ്രീൻ എനർജിയിൽ 20 ശതമാനം ഫ്രഞ്ച് എനർജി ഭീമനായ ടോട്ടലിന് 2.5 ബില്യൺ ഡോളറിന് കൈമാറ്റം ചെയ്യുകയും ചെയ്തു.

അവന്യൂ സൂപ്പർമാർട്ടിന്റെ സ്ഥാപകൻ രാധാകിഷൻ ദമാനി, എച്ച്സിഎൽ സ്ഥാപകൻ ശിവ്നാദർ, കൊട്ടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊട്ടക്ക് എന്നിവരും അംബാനിക്കും അദാനിക്കും പിന്നിലായി ഇടംപിടിച്ചിട്ടുണ്ട്.