kummanam-o-rajagopal

തിരുവനന്തപുരം: എംഎൽഎ എന്ന നിലയിൽ നേമത്തെ കുറിച്ച് മറ്റുകാര്യങ്ങൾ അറിയില്ലെന്ന ഒ.രാജഗോപാലിന്റെ പ്രസ്‌താവനയിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ. അങ്ങനെ പറയുന്നത് അദ്ദേഹത്തിന്റെ യോഗ്യതയാണെന്നും, രാജഗോപാൽ ഒരിക്കലും തന്നിൽ നിന്നും വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കില്ലെന്നും കുമ്മനം വ്യക്തമാക്കി.

'400 കോടിയിൽപരം വികസന പ്രവർത്തനങ്ങൾ നടത്തിയ അഭിമാനകരമായ നേട്ടമാണ് ഒ. രാജഗോപാലിന്റെത്. എന്റെ വിജയത്തിന് വേണ്ടി നൂറുശതമാനം സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച ഒരാളാണ് അദ്ദേഹം. ഞങ്ങൾ തമ്മിൽ അത്രയേറെ ആത്മബന്ധവും ഹൃദയബന്ധവുമുണ്ട്- കുമ്മനം പറഞ്ഞു.

നേമത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് ബൂത്തുതല കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നതെന്നും ഭരണമാറ്റത്തിനുളള അടങ്ങാത്ത ദാഹം വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്നും കുമ്മനം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. വിജയം നൂറുശതമാനം ഉറപ്പെന്ന് തിരഞ്ഞെടുപ്പിന് ശേഷം കെ.മുരളീധരൻ നടത്തിയ പ്രസ്താവനയെ കുറിച്ചുളള ചോദ്യത്തിന് എന്തടിസ്ഥാനത്തിലാണെന്ന് മുരളീധരൻ അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്ന് കുമ്മനം പറഞ്ഞു.

'പതിവിൽ കവിഞ്ഞ വോട്ടുകൾ ലഭിച്ച് വിജയിക്കുമെന്ന് മുരളീധരൻ പറയുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടത് അദ്ദേഹമാണ്. എന്നെ സംബന്ധിച്ച് വിജയിക്കുമെന്ന് പറയുന്നതിന് കാരണമുണ്ട്. കാരണം കഴിഞ്ഞ മൂന്നുതിരഞ്ഞെപ്പിലും ഒന്നാംസ്ഥാനത്ത് നിന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയാണ്. ആ സമയത്തെല്ലാം നേടിയ വോട്ട് എന്നിൽ നിന്ന് നഷ്ടപ്പെടാനുളള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. കോൺഗ്രസിന് കൂടുതൽ വോട്ടുകൾ ലഭിക്കാൻ എന്തെങ്കിലും സാഹചര്യമുണ്ടായിട്ടുണ്ടോ? മുരളീധരൻ കരുത്തനാണെങ്കിൽ അദ്ദേഹത്തേക്കാൾ കരുത്തനായ ശശി തരൂർ ഇവിടെ മത്സരിച്ചിട്ടുണ്ട്. അദ്ദേഹത്തോട് മത്സരിച്ചപ്പോൾ പോലും താൻ ഒന്നാം സ്ഥാനത്തായിരുന്നുവെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.