ഡൽഹിയിൽ തിരികെ മുറിയിൽ എത്തിയിട്ടും സിദ്ദൂന് തോന്നി താൻ ഏതാനും ദിവസങ്ങളായി ഉറങ്ങിയിട്ടേ ഇല്ലായിരുന്നുവെന്ന്. മനസ് വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു. മനസിന്റെ ക്ഷീണം ശരീരത്തെയും ബാധിച്ചിരിക്കുന്നു. വന്നയുടൻ ഷർമിയെ വിളിക്കാം എന്നു കരുതിയെങ്കിലും വേണ്ട എന്നു വച്ചു. ചെന്നു കാണാൻ വയ്യ. അവളോട് വന്നു കാണാൻ പറയാം. സിദ്ദു അവൾക്ക് ഒരു ടെക്സ്റ്റ് അയച്ചു. ഓഫീസിൽ പോകുന്നത് രണ്ടു ദിവസം കഴിഞ്ഞു മതി. ക്ഷീണമൊക്കെ ഒന്നു മാറട്ടെ.
ഓഫീസ്...പ്രോജക്ട്?... ക്ലൈന്റ് മീറ്റിംഗിൽ എന്തെങ്കിലും സുപ്രധാന തീരുമാനങ്ങൾ.. എന്തായിട്ടുണ്ടാവും? ഓഫീസിലെ സുഹൃത്ത് റാം മോഹന് ഒരു ടെക്സ്റ്റ് മെസേജ് ഇട്ടു. താൻ ഡൽഹിയിൽ മടങ്ങിയെത്തിയിരിക്കുന്നുവെന്നും, രണ്ടു ദിവസം കഴിഞ്ഞ് ഓഫീസിൽ എത്താമെന്നും. ഫോണിൽ പറഞ്ഞപ്രകാരം ഷർമി വൈകുന്നേരം അവനെ കാണാനെത്തി. അവൾ അവന്റെയടുത്തിരുന്നു സമാധാനിപ്പിക്കാൻ ശ്രമിച്ചു. ചേട്ടനെ ഒരു വട്ടം കൂടി നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ. ആ ദുഃഖം അവൾ പറഞ്ഞു കൊണ്ടേയിരുന്നു. തമ്മിൽ തമ്മിൽ സമാധാനിപ്പിച്ചു കൊണ്ട് അവരിരുന്നു.
''സിദ്ദൂ നീ ഇവിടെ ഇരിക്കുന്നതിനേക്കാൾ നല്ലതാവും ഓഫീസിൽ എത്രയും വേഗം ജോയിൻ ചെയ്യുന്നത്...മനസ് ഒന്നു തണുക്കും. അല്ലെങ്കിൽ ഒരോരോ കാര്യങ്ങളും ഓർത്ത് വെറുതെ വിഷമിച്ച്...""
അവൾ പറയുന്നതിലും കാര്യമുണ്ടെന്നവനു തോന്നി. എന്തൊക്കെയോ വലിയ ഉത്തരവാദിത്വങ്ങൾ താൻ പോലുമറിയാതെ തന്റെ ചുമലിലേക്ക് ആരോ കയറ്റി വച്ചിരിക്കുന്നു. അച്ഛനെ ഇടയ്ക്കിടെ വിളിക്കണം. ദിവസവും ഒരു തവണയെങ്കിലും. അവൻ ഉറപ്പിച്ചു. തന്നേക്കാൾ തകർന്നു പോയത് അച്ഛനാവും. ദിവസവും കണ്ടു കൊണ്ടിരുന്ന സ്വന്തം മകനെ...
പിറ്റേന്ന് തന്നെ സിദ്ദു ഓഫീസിൽ പോയി. പലരും അവന്റെ ഡെസ്ക്കിനടുത്ത് വന്നു ദുഃഖമറിയിച്ചു. മാനേജർ വിളിച്ചു സമാധാനിപ്പിക്കുകയും സ്നേഹപൂർവ്വം ശാസിക്കുകയും ചെയ്തു.
''വേണമെങ്കിൽ ഒന്നോ രണ്ടോ ദിവസം കൂടി അവധിയെടുത്തോളൂ""
അതു പറഞ്ഞത് കേട്ട് അവൻ ആശ്വസിച്ചു.
ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അവന്റെ മനസ് തണുത്താറി കഴിഞ്ഞിരുന്നു. പതിവു തിരക്കുകൾ, ഡെഡ്ലൈനുകൾ, മീറ്റിംഗുകൾ. ചെറിയ യാത്രകൾ. തിരക്ക് പിടിച്ച ജീവിതം. ഒരു തരത്തിൽ അതൊക്കെയും വലിയ ഭാഗ്യമാണെന്ന് അവൻ തിരിച്ചറിഞ്ഞു. എങ്കിൽ കൂടിയും തിരികെ മുറിയിൽ വന്ന് ഒറ്റയ്ക്കിരിക്കുമ്പോൾ മനസ് പിടിവിട്ട് അലയാൻ തുടങ്ങും. വല്ലാതെ പിടച്ചു തുടങ്ങും.
ഒരു നാൾ, ഒരു ഇടവേള നേരം ഓഫീസ് ബാൽക്കണിയിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ, സിദ്ദു സുധിയുടെ അവസാന നിമിഷത്തെ കുറിച്ചോർത്തു. അവന് വേദനിച്ചിരിക്കുമോ?...ചിലപ്പോൾ ഉണ്ടാവില്ല...ഒരു പക്ഷേ തല തട്ടിയ അടുത്തനിമിഷത്തിൽ തന്നെ അവന് ബോധം നഷ്ടപ്പെട്ടിട്ടുണ്ടാവും. ഒരു നിമിഷാർദ്ധം കൂടി എടുത്തിട്ടുണ്ടാവില്ല. വേദനയില്ലാത്ത മരണം. അത്...അങ്ങനെ തന്നെ ആയിട്ടുണ്ടാവാനാണ് സാദ്ധ്യത.
ചില ദിവസങ്ങളിൽ സിദ്ധാർത്ഥ് ഓഫീസ് വിട്ടു കഴിഞ്ഞു ഇറങ്ങുമ്പോൾ ഷർമിയെ വിളിക്കും. അവർ ഒന്നിച്ച് ചാന്ദ്നി ചൗക്കിലെ ഖാൻ ഓംലെറ്റ് സ്റ്റാളിൽ പോവും. കഴിക്കുന്നതിനിടയിൽ ഭക്ഷണത്തേക്കുറിച്ചും സിനിമയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സംസാരിക്കും. സുധിയെ സംബന്ധിക്കുന്ന കാര്യങ്ങൾ അവരിരുവരും ബോധപൂർവ്വം സംസാരത്തിൽ നിന്നും ഒഴിച്ചു നിർത്താൻ ശ്രമിച്ചു. ഒരു തവണ പോലും ആ പേര് അവർക്കിടയിൽ വന്നു പോയാൽ സംസാരം മരവിച്ചു പോകുമെന്ന് ഇരുവരും ഭയപ്പെട്ടു.
ശൈലങ്കിൾ ഇടയ്ക്കിടെ വിളിക്കും. അങ്കിളിനോട് സംസാരിക്കുമ്പോൾ ഒരു സമാധാനം കിട്ടും. അച്ഛനെ ഇടയ്ക്കിടെ ചെന്നു കാണാറുണ്ടെന്നും, ഇടയ്ക്ക് ഒരു ചെക്കപ്പിനു പോയെന്നും, ഹാർട്ട് ബീറ്റിൽ ചെറിയ വേരിയേഷൻ കണ്ടു എന്നാൽ പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും അങ്കിൾ പറഞ്ഞത് അവനിൽ ചെറിയ ആധി നിറച്ചു. ഇനി ഒരു അവധി വരുമ്പോൾ നാട്ടിലേക്ക് പോകണം. മുമ്പൊക്കെ അവധി കിട്ടുമ്പോൾ ഷർമിയുമൊത്ത് ബൈക്കിൽ പോകാനുള്ള ഇടങ്ങൾ നേരത്തെ കണ്ടുവയ്ക്കുമായിരുന്നു. എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിയുന്നത്...
ഉറക്കം വരാത്ത രാത്രികളിൽ സിദ്ദു ഷർമി കൊണ്ടു കൊടുത്ത പുസ്തകങ്ങൾ വായിച്ചു സമയം തള്ളി നീക്കി. ഷർമിക്ക് ഡിറ്റക്ടീവ് പുസ്തകങ്ങളോടാണ് കമ്പം. വായിച്ചു തുടങ്ങുന്ന കാലത്ത് തനിക്കും അങ്ങനെ ആയിരുന്നു എന്ന് അവൻ ഒരിക്കൽ അവളോട് പറഞ്ഞിരുന്നു. നാട്ടിൽ സമീപത്തുള്ള ലൈബ്രറിയിൽ ചെന്ന്, ആവേശവും ആകാംക്ഷയും നിറയ്ക്കുന്ന ഡിറ്റക്ടീവ് പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ സഹായിച്ചിരുന്നത് സുധിയായിരുന്നു എന്ന് അവനോർത്തു.
പതിവു പോലെ അന്നും രാത്രിയിൽ വായിക്കാൻ പുസ്തകമെടുത്തതായിരുന്നു. ബുക്ക് മാർക്ക് മാറ്റി വീണ്ടും വായിച്ചു തുടങ്ങുകയായിരുന്നു. അപ്പോൾ ഫോണിൽ നോട്ടിഫിക്കേഷൻ വന്നു. ടെക്സ്റ്റ്? ഇമെയിൽ? അതോ വാട്സപ്പ് മെസേജ്? സിദ്ദു വാട്സപ്പ് ഗ്രൂപ്പുകളിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കുകയാണ്. നൂറുകണക്കിനു മെസേജുകൾ. വന്നതൊക്കെ നോക്കാൻ സമയവുമില്ല, ക്ഷമയുമില്ല. എഴുന്നേറ്റ് ചെന്ന് അവൻ കൂജയിൽ നിന്നും ഗ്ലാസിൽ കുറച്ച് വെള്ളമൊഴിച്ച് കുടിച്ചു. ഫോണുമായി കിടക്കയിൽ ചെന്നിരുന്നു. ഒരു പുതിയ ഇമെയിൽ. മുമ്പ് ഇ-മെയിൽ അയക്കുന്നത് സുധി ആയിരുന്നു. ഒന്നോ രണ്ടോ വരി മാത്രമാണെങ്കിൽ കൂടിയും അത് വായിക്കുമ്പോൾ ഒരു സുഖമുണ്ടായിരുന്നു. അവൻ ഇ-മെയിൽ ഐക്കൺ ക്ലിക്ക് ചെയ്ത് തുറന്നു. അതിൽ ഒരു വരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലീഷിലാണ്. അത് വായിച്ച് സിദ്ദു തരിച്ചിരുന്നു. അതിപ്രകാരമായിരുന്നു:
'THAT WAS NOT AN ACCIDENT"
സിദ്ദുവിന് ഉടൻ തന്നെ ഷർമിയെ ഫോൺ ചെയ്തു കാര്യം പറയണമെന്നു തോന്നി. ഫോൺ എടുത്തെങ്കിലും അവൻ അത് ബെഡ്ഡിൽ തന്നെ വെച്ചു. ഈ രാത്രിയിൽ അവളെ വിളിച്ചു ഈ കാര്യം പറഞ്ഞിട്ട് എന്തു ചെയ്യാനാണ്? ആരോ ഒരു ഇമെയിൽ അയച്ചു. അതിൽ നിന്നും എന്തു മനസിലാക്കാനാണ്? സിദ്ദു ഒരിക്കൽ കൂടി ഇ-മെയിൽ തുറന്നു നോക്കി. ആരാണിത് അയച്ചിരിക്കുന്നത്?
anonymous1234@gmail.com
തീർച്ചയായും ഫേക്ക് ഐഡി തന്നെ. ഒരു സംശയവുമില്ല. എവിടുന്നാവും? എന്തിനാവും? അത് ഒരു ആക്സിഡന്റ് അല്ല... അത്രയേ ഉള്ളൂ... അത് എന്ന് പറയാൻ താൻ ഈയിടെ കേട്ട ഒരേയൊരു ആക്സിഡന്റ് സുധിയുടേതു മാത്രം. അത് ഒരു അപകടമരണം അല്ല എന്നു പറയാനുള്ള കാരണം? എന്തിന് ഒരജ്ഞാതൻ തനിക്ക് ഇങ്ങനെ ഒരു ഇമെയിൽ അയക്കണം?
പക്ഷേ... ആദ്യം സുധിയുടെ അപകടവാർത്ത കേട്ടപ്പോൾ തനിക്കും എന്തോ ഒരു സംശയം തോന്നിയിരുന്നതല്ലേ? അത് വെറും സംശയമാകുമെന്നു കരുതി സമാധാനിച്ചു. എന്നാൽ ഇപ്പോൾ...എന്തെങ്കിലും ഫൗൾ പ്ലേ?
എന്തു ചെയ്യണമെന്ന് തനിക്ക് വിശ്വസിച്ച് ചോദിക്കാൻ ഇവിടെ ഒരാൾ മാത്രമേയുള്ളൂ. ഒരു പെണ്ണിന്റെ ചിന്തകൾക്ക് കൈവഴികൾ പലതാണ്. കാണാത്തത് കാണാനും കേൾക്കാത്തത് കേൾക്കാനും കെൽപ്പുള്ളത് സ്ത്രീകൾക്ക് മാത്രം. അവർക്ക് ലഭിച്ചിട്ടുള്ള വരം. ആ സിദ്ധി പുരുഷജന്മങ്ങൾക്ക് കൈവന്നിട്ടില്ല. ആറാമിന്ദ്രയത്തോടു കൂടി ജനിച്ചവരാണ് സ്ത്രീകൾ. ഷർമി...അവളോട് ഇതേക്കുറിച്ച് സംസാരിക്കണം. എന്താണ് ചെയ്യേണ്ടതെന്ന് അവൾ പറയട്ടെ!
സിദ്ദു ഉടനെ ഫോണെടുത്ത് ഷർമിക്ക് ഒരു മെസേജ് അയച്ചു.
'നാളെ പതിവ് സ്ഥലത്ത് വെച്ച് കാണാം. ഒരു പ്രധാന കാര്യം പറയാനുണ്ട്. മറക്കരുത്.""
ശേഷം അവൻ കിടക്കയിൽ കണ്ണുകളടച്ച് ഉറക്കം കാത്ത് കിടന്നു.
പിറ്റേന്ന് അവരുടെ സ്ഥിരം കോഫി ഷോപ്പിൽ അവൻ അവളേയും പ്രതീക്ഷിച്ച് ഒരു കപ്പ് കാപ്പിയുമായി ഇരുന്നു. അവൾ വന്നതും അവൻ അവൾക്കായി ഒരു കോഫി ഓർഡർ ചെയ്തു. ശേഷം ഫോണെടുത്ത് ഇമെയിൽ ആപ്പ് തുറന്നു. ആ ഇമെയിൽ തിരഞ്ഞെടുത്ത് അവളുടെ നേർക്ക് ഫോൺ നീട്ടി. എന്താണ് കാര്യം? അത്ഭുതത്തോടെ, കൗതുകത്തോടെ അവൾ ആ മെയിൽ വായിച്ചു.
''ഇതാരാണ് അയച്ചത്?""
ഫോണിൽ നിന്നും കണ്ണെടുക്കാതെ അവൾ ചോദിച്ചു.
''ആരോ...അറിയില്ല...ആ മെയിൽ ഐഡി ശ്രദ്ധിച്ചോ?...ഒരു അനോണിമസ്...""
അവൾ അപ്പോൾ ആ മെയിൽ ഐഡി നോക്കി.
''ഇതിനു നീ എന്താ ഇങ്ങനെ ഡിസ്റ്റർബ്ഡ് ആവുന്നത്?...ഇതു കണ്ടാലറിഞ്ഞൂടെ? ഫേക്ക് ഐഡിയിൽ നിന്ന് ആരെങ്കിലും അയച്ചതാവും...ചിലപ്പോൾ ആളുമാറി അയച്ചതാണെങ്കിലോ?""
''എന്റെ ഐഡി...അതെങ്ങനെ കിട്ടി?...അതും ആക്സിഡന്റിനെ കുറിച്ച് തന്നെ എനിക്ക് എഴുതാൻ?""
''ഇപ്പോൾ നാട്ടിൽ പോയപ്പോൾ ആർക്കെങ്കിലും നിന്റെ ഐഡി കൊടുത്തിരുന്നോ?""
''ഇല്ല...കൊടുത്തതായി ഓർക്കുന്നില്ല...""
അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി.
''അല്ലെങ്കിൽ തന്നെ...ഒരാളുടെ ഇമെയിൽ ഐഡി കിട്ടാൻ ഇക്കാലത്ത് എന്തു ബുദ്ധിമുട്ട്?... നീ ചിലപ്പോൾ ഐഡി ഫേസ്ബുക്കിൽ കൊടുത്തിട്ടുണ്ടാവും...അല്ലെങ്കിൽ ലിങ്ക്ഡ്ഇൻ ഇൽ...""
എന്തോ ഓർത്തിരുന്ന ശേഷം സിദ്ദു പറഞ്ഞു,
''യാ...ഷർമി...യൂ മേ ബി റൈറ്റ്...ഈ രണ്ടിടത്തും ഞാനെന്റെ ഇമെയിൽ ഐഡി കൊടുത്തിട്ടുണ്ട്...""
''നീ ഇത് സീരിയസ് ആയിട്ടാണോ എടുത്തിരിക്കുന്നത്?""
ആ ചോദ്യം കേട്ടു സിദ്ദു കുറച്ചു നേരം എന്തോ ആലോചിച്ചിരുന്നു. കസേര മുന്നോട്ട് നീക്കിയിട്ട്, അവൻ ശബ്ദം താഴ്ത്തി സാവധാനം പറഞ്ഞു,
''സത്യം പറഞ്ഞാൽ...നിന്നോട് ഞാൻ പറഞ്ഞില്ലെന്നേയുള്ളൂ...എനിക്ക് വളരെ ചെറിയ ചില സംശയങ്ങൾ തുടക്കം മുതൽക്കേ ഉണ്ടായിരുന്നു...""
അവനെ തന്നെ അവൾ കുറച്ച് നേരം സൂക്ഷിച്ചു നോക്കിയിരുന്നു.
''നീ എല്ലാമൊന്ന് ക്ലിയറായിട്ട് പറഞ്ഞെ...എന്താ നിനക്ക് സംശയം തോന്നാൻ കാരണം?...""
സിദ്ദു ഒരു ദീർഘശ്വാസമെടുത്തു.
''ഒന്നാമത്തെ കാരണം...എനിക്ക് സുധിയെ ആരെക്കാളും നന്നായി അറിയാമെന്നതാണ്...അവനൊരിക്കലും ഇത്രയും കെയർലെസ്സായിട്ട് ഒരു കാര്യവും ചെയ്യില്ല. മറ്റൊന്ന്...അവന് ഹൈറ്റ്സിനോട് അല്പം പേടിയുണ്ടെന്ന കാര്യം എനിക്ക് നന്നായി അറിയാം...ചെറുപ്പത്തിൽ ഞാൻ മരത്തിൽ കയറി പോവുമ്പോൾ അവൻ താഴത്തെ കൊമ്പിൽ തന്നെ നിൽക്കും...അങ്ങനെ ഉള്ള അവൻ ഇത്രയും അപകടം പിടിച്ച ഒരു ചെരുവിന്റെ അടുത്ത് ചെന്ന് നിന്ന്...ഫോട്ടോ എടുക്കാൻ നോക്കി എന്നു പറഞ്ഞാൽ...എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്...""
''ചിലപ്പോൾ ഫ്രണ്ട്സുമായിട്ടൊക്കെ പോയപ്പോൾ ഒരു ത്രില്ലിന് അങ്ങനെ ചെയ്തതായിക്കൂടെ?""
''ഞാൻ അതും ആലോചിച്ചു...അങ്ങനെയാണെങ്കിൽ അവൻ ഒറ്റയ്ക്ക് അവിടെ പോയി നിൽക്കേണ്ട ഒരു കാര്യവും ഇല്ലല്ലോ...സുധി വീഴുമ്പോൾ അവന്റെ അടുത്ത് ആരും തന്നെ ഇല്ലായിരുന്നു എന്നാണ് അവന്റെ ഫ്രണ്ട്സൊക്കെ പറയുന്നത്.""
''ഓക്കെ...നിന്റെ ബ്രദറിന് ഏതെങ്കിലും എനിമീസ് ഉണ്ടായിരുന്നോ?...നിന്റെ അറിവിൽ?""
''ഇല്ല...അങ്ങനെ ഉള്ള ഒരു പേഴ്സണാലിറ്റി അല്ല അവൻ...എന്നോട് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല...പക്ഷേ അതേക്കുറിച്ച് അവന്റെ ഫ്രണ്ട്സിനോട് എനിക്ക് ചോദിക്കണം...""
''ഇപ്പോൾ നിനക്ക് കിട്ടിയ ഈ ഇമെയിൽ...അത് ആരാവും അയക്കാൻ സാദ്ധ്യത?""
''മിക്കവാറും...അവനെ നന്നായി അറിയുന്ന ആരെങ്കിലും ആവും...അല്ലെങ്കിൽ ഇത്രയും മെനക്കെട്ട് എന്റെ ഇമെയിൽ ഐഡി തിരക്കി പിടിച്ചെടുത്ത് ഇങ്ങനെ ഒരു ഇമെയിൽ അയക്കുമോ?""
''അപ്പോൾ അത്...നിന്റെ ബ്രദറിന്റെ ഫ്രണ്ട്സിലൊരാൾ ആണെന്നാണോ നീ വിചാരിക്കുന്നത്?""
''എനിക്കുറപ്പില്ല... ചിലപ്പോൾ ആവാം...അല്ലായിരിക്കാം...ചിലപ്പോൾ അവന്റെ മരണത്തിൽ സംശയം തോന്നിയ വേറേ ആരെങ്കിലും വെറുതെ ആ സംശയം തീർക്കാൻ ഒരു ശ്രമം നടത്തി നോക്കുന്നതാവാം...""
''അങ്ങനെ ആണെങ്കിൽ ഇത് പോലെ ഒരു ഊമക്കത്ത് പോലീസിന് അയക്കുമായിരുന്നില്ലെ?""
''അതെ...അതാണെനിക്കും സംശയം തോന്നിയത്...എന്തിന് എനിക്ക് തന്നെ അയക്കണം?..പോലീസിൽ അയക്കണം എന്നുണ്ടായിരുന്നെങ്കിൽ ബോഡി ദഹിപ്പിക്കുന്നതിനു മുമ്പ് ആവണമായിരുന്നില്ലെ? ഇത്രയും ദിവസം കഴിഞ്ഞിട്ട് വേണമായിരുന്നോ?""
ഷർമി അതേക്കുറിച്ച് അല്പനേരം ആലോചിച്ച ശേഷം പറഞ്ഞു,
''ചിലപ്പോൾ...ഈ പറഞ്ഞ ആൾ ദൂരെ എവിടേക്കോ ഒരു യാത്ര പോയിരുന്നു എന്നു വയ്ക്കുക...അയാൾ തിരിച്ചു വന്നപ്പോഴാവും ഈ വിവരമൊക്കെ അറിയുന്നത്...അയാൾക്ക് നിനക്ക് തോന്നിയത് പോലെ ഒരു സംശയം തോന്നുന്നു...അതു നിന്നെയെങ്കിലും അറിയിക്കാമെന്നു വിചാരിക്കുന്നു..പോലീസിൽ വെറുതെ ഒരു ഊമക്കത്ത് അയച്ചാൽ അവരത് ശ്രദ്ധിക്കണമെന്നില്ല...പക്ഷേ ഇമോഷണലി അറ്റാച്ച്ഡ് ആയ ഒരാൾക്ക് അയച്ചാൽ...എന്തെങ്കിലും ഒരു അന്വേഷണം നടത്തുമെന്നു പ്രതീഷിക്കുന്നുണ്ടാവും...""
''മ്മ്...അങ്ങനേയും ആവാം...""
''ഈ മെയിൽ ഐഡിയിൽ നിന്ന് ആരാണ് അയച്ചതെന്ന് അറിയാൻ ശ്രമിച്ചാലോ?""
കുറച്ച് നേരം എന്തോ ആലോചിച്ച് ഇരുന്ന ശേഷം ഷർമി ചോദിച്ചു.
''നോ വേ...ഇതു പോലെ ഒരു ഫേക്ക് ഐഡി ആർക്ക് വേണമെങ്കിലും ഉണ്ടാക്കാം...സൈബർ പോലീസ് ഇതിനെ കുറിച്ച് അന്വേഷിച്ചാൽ തന്നെ ഏകദേശം ഒരു ഐഡിയ മാത്രമേ കിട്ടൂ...ഒരു സോഫ്റ്റ് വെയർ എൻജിനീയർ ആയത് കൊണ്ട് എനിക്കറിയാം..വേണമെന്നു വച്ചാൽ പോലും ഇത് അയച്ച കമ്പ്യൂട്ടറിന്റെ ഐ പി കണ്ടെത്താൻ കഴിയാത്ത വിധം ഒരാൾക്ക് വളരെ ഈസി ആയിട്ട് ചെയ്യാവുന്നതേ ഉള്ളൂ...""
''നീ ഇനി എന്തു ചെയ്യാൻ പോവുന്നു?""
''എനിക്ക് വേണമെങ്കിൽ ഒന്നും ചെയ്യാതെ ഇരിക്കാം...അങ്ങനെ വരുമ്പോൾ...ഈ ഫേക്ക് ഐഡിയിൽ...ഇത് അയച്ച ആള്...ക്ഷമ നശിച്ച് ചിലപ്പോൾ...വീണ്ടും മെയിൽ അയക്കും...ചിലപ്പോൾ അയാളുടെ സംശയങ്ങളും അതിലുണ്ടാവും...അല്ലെങ്കിൽ എനിക്ക് തന്നെ ഇതേക്കുറിച്ച് ആരുമറിയാതെ ഒരു അന്വേഷണം നടത്താം...""
''എന്നാൽ നിനക്ക് ഇത് ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെയോ മറ്റോ ഏൽപ്പിച്ചു കൂടെ? അതല്ലെ കുറച്ചു കൂടി നല്ലത്?""
''അതിനായാൽ പോലും ഞാൻ നാട്ടിൽ പോകണം... അവിടെ ഉള്ള ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെയോ കണ്ടെത്തണം. നല്ലൊരു ഫീ അയാൾക്ക് കൊടുക്കണം...ചിലപ്പോൾ ഇതൊക്കെയും വെറുതെ ആയിരിക്കും...ഒരു ഫേക്ക് ഇമെയിൽ കിട്ടിയെന്നും വച്ച് അത്രയ്ക്കും ഒക്കെ ചെയ്യണോ?""
''പിന്നെ എന്താണ് നിന്റെ പ്ലാൻ?""
''ഇന്നു മുഴുക്കെയും ഞാൻ അതേക്കുറിച്ച് തന്നെ ആലോചിക്കുകയായിരുന്നു...എനിക്ക് എന്തായാലും ഇടയ്ക്കിടെ നാട്ടിൽ പോകണം...അച്ഛനവിടെ ഒറ്റയ്ക്കാണ്...സുധിയുടെ ഫ്രണ്ട്സിനെയൊക്കെ ഇപ്പോഴെനിക്ക് പരിചയമുണ്ട്...അവർ ഒരോരുത്തരേയും എനിക്ക് കാണണം...അവരിൽ ഒരാളാണോ ഈ മെയിൽ അയച്ചതെന്ന് ചിലപ്പോൾ അറിയാൻ പറ്റും...മറ്റൊന്ന്...ഞാനറിയാത്ത എന്തെങ്കിലും കാര്യങ്ങൾ സുധിയുടെ ലൈഫിൽ ഉണ്ടോ എന്നും...""
''നീ സീരിയസ്സായിട്ടാണോ?""
അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
''നീ ഇങ്ങനെ കണ്ണും മിഴിച്ച് നോക്കണ്ട...എനിക്ക് ഒരു ഡിറ്റക്ടീവിന്റെ സ്കിൽസ് ഒന്നുമില്ലെന്ന് എനിക്ക് തന്നെ നല്ലത് പോലെയറിയാം...പക്ഷേ എനിക്കെന്റെ കോമൺസെൻസ് നന്നായി ഉപയോഗിക്കാനറിയാം...""
''നീ എല്ലാം നല്ല പോലെ പ്ലാൻ ചെയ്തിട്ടേ ചെയ്യൂ എന്നെനിക്കറിയാം...എക്സാം കഴിഞ്ഞാൽ ഞാനും അവിടേക്ക് വരാം...നിനക്ക് ഒരു സപ്പോർട്ടായി...ഒരു അസ്സിസ്റ്റന്റായി...""
അവൾ ചിരിച്ചു.
''താങ്ക്സ് ഷർമി..."
''സോ...ഫസ്റ്റ്...നീ എന്താണ് അറിയാൻ നോക്കുന്നത്?""
''എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്നാണ് ആദ്യം അറിയേണ്ടത്...ആരെങ്കിലും എന്തെങ്കിലും എന്നോട് അറിഞ്ഞോ അറിയാതെയോ പറയാൻ വിട്ടു പോയോ എന്ന കാര്യം...""
''നെക്സ്റ്റ്?""
''സംശയം തോന്നുകയാണെങ്കിൽ അടുത്തത് എനിക്കറിയേണ്ടത്...ആ വ്യക്തിയുടെ മോട്ടീവ് എന്തായിരുന്നു എന്നാണ്...അപകടമല്ലെങ്കിൽ പിന്നെ എന്തൊക്കെയാവും കാരണങ്ങൾ?""
''അതറിയണം...സാദ്ധ്യതകൾ...അതാണെനിക്കറിയേണ്ടത്...ഇനി ഇതൊരു സൂയിസൈഡ് ആണെങ്കിൽ പോലും എനിക്ക് സത്യമറിയണം...എന്തായിരുന്നു അതിനു കാരണമെന്നും.""
''ഓക്കെ...നീ എല്ലാം ഒരു കൂൾ മൈൻഡോടെ ചെയ്യൂ...തിരക്ക് വേണ്ട...ആദ്യം നീ നല്ല പോലെ ഹോംവർക്ക് ചെയ്യൂ...എല്ലാരേയും ചെന്നു കാണൂ...ചിലപ്പോൾ ഒക്കെയും വെറുതെ ആയിരിക്കും...പക്ഷേ വെറുതെ ആണെന്ന് ഉറപ്പു വരുത്തുന്നതും ഒരു നല്ല കാര്യമാണ്. ഗുഡ് ലക്ക് ഡിയർ!""
കുറച്ച് നേരം കൂടി അവർ ആ കോഫി ഷോപ്പിൽ ഇരുന്നു. ശേഷം അവർ രണ്ടു വഴിക്ക് പിരിഞ്ഞു.
(തുടരും)