ഒരു രാഷ്ട്രീയ സംഭവത്തിന്റെ വിശകലനം എന്നതിലപ്പുറം ഡിസൈൻ എലമെന്റ് എന്ന രീതിയിൽ കാർട്ടൂണുകൾ ഉപയോഗിക്കുന്നതിനെ പറ്റി ഈ പംക്തിയിൽ മുമ്പ് പലവട്ടം എഴുതിയിട്ടുണ്ട്. വലിയ ഒരു സംഭവത്തെ അടയാളപ്പെടുത്താൻ ഫോട്ടോഗ്രാഫ് കൊണ്ടോ ഇൻഫോഗ്രാഫിക്സ് കൊണ്ടോ സാദ്ധ്യമാവാത്ത അവസ്ഥ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ കാർട്ടൂണുകൾ പ്രസക്തമാകുന്നത് ഒരു ഫോട്ടോഗ്രാഫിനോ ഇൻഫോഗ്രാഫിക്സിനോ ഒരിക്കലും സാദ്ധ്യമാകാത്ത തരത്തിൽ രാഷ്ട്രീയ വിശകലനം വായനക്കാരന് ഏറ്റവും ആസ്വാദ്യകരമായ രീതിയിൽ നൽകാനാകും എന്നതിനൊപ്പം പത്രത്തിന്റെ ദൃശ്യഭംഗിയും ഉറപ്പുവരുത്താനാകും എന്നതാണ് ഇത്തരം കാർട്ടൂണുകളുടെ പ്രത്യേകത.
തിരഞ്ഞെടുപ്പ് കാലം കാർട്ടൂണുകളുടെ പൂക്കാലമാണ്. വിവിധ വിഷയങ്ങളിൽ നിരവധി കാർട്ടൂണുകൾ വായനക്കാർക്ക് ആസ്വാദ്യകരമായ രീതിയിൽ പത്രങ്ങളിൽ അച്ചടിച്ചു വരുന്ന കാലം. വോട്ടെടുപ്പ് ദിനം പത്രങ്ങൾക്ക് മികച്ച ഒരു ഡിസ്പ്ലേ ആവശ്യമുള്ള ദിനമാണ്. പലപ്പോഴും നല്ല ഫോട്ടോഗ്രാഫുകൾ , ഇൻഫോ ഗ്രാഫിക്സ് എന്നിവ ഉപയോഗിച്ചായിരിക്കും മിക്ക പത്രങ്ങളും അന്ന് ഡിസൈൻ ചെയ്യുക. പക്ഷേ, ജനാധിപത്യത്തിന്റെ ഉത്സവം എന്ന ആശയം വായനക്കാർക്ക് ഏറ്റവും ഹൃദ്യമായ രീതിയിൽ നൽകാൻ സാധിക്കുക ഒരു കാർട്ടൂണിനായിരിക്കും.
സംസ്ഥാനത്ത് കൊവിഡ് ഭീതി വിട്ടൊഴിയാതെ ഉള്ള അന്തരീക്ഷത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ആണല്ലോ ഇപ്പോൾ കടന്നുപോയത്. നിരവധി വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയായി. ഇടതു മുന്നണി സർക്കാരിന്റെ ജനക്ഷേമ, സാമൂഹ്യ സുരക്ഷ നടപടികൾ മുൻനിർത്തിയാണ് ഇടതുപക്ഷം വോട്ട് തേടിയതെങ്കിൽ സർക്കാരിന്റെ വിവിധ പാളിച്ചകളെ യും നിരവധി ആരോപണങ്ങളെയും മുൻനിർത്തിയാണ് പ്രതിപക്ഷം വോട്ട് പിടിച്ചത്. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ത്രികോണമത്സരം നൽകിക്കൊണ്ട് ബി.ജെ.പിയും കളം നിറഞ്ഞു.
മെട്രോ മാൻ എന്ന പേരിൽ പ്രശസ്തനായ ഈ ശ്രീധരനെ പാലക്കാട് മത്സരിപ്പിക്കാൻ ആയത് ബി.ജെ.പി വലിയ നേട്ടമായി എടുത്തു കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രചരണത്തിന് ചൂട് പകർന്ന് സംസ്ഥാനത്ത് എത്തി. പിണറായി വിജയനെ ക്യാപ്ടൻ എന്ന രീതിയിൽ ഉയർത്തിക്കാട്ടിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. വ്യക്തിപൂജ കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന് പലവട്ടം പ്രഖ്യാപിച്ച ആളാണ് പിണറായി വിജയൻ. വി എസ് അച്യുതാനന്ദൻ,പി.ജയരാജൻ എന്നിവരുടെ കാര്യത്തിൽ ഈ നിലപാട് വ്യക്തമാക്കുകയും വ്യക്തി പൂജയെ എതിർക്കുകയും ചെയ്ത ആളാണ് അദ്ദേഹം. പക്ഷേ ഈ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ നായക സ്ഥാനം വഹിക്കുന്ന അദ്ദേഹത്തിന് ക്യാപ്ടൻ എന്ന വിശേഷണം വ്യാപകമായി പ്രചരിച്ചു.പി ആർ ഏജൻസികളുടെ വേലയാണിതെന്നും അതിൽ പിണറായി അഭിരമിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വ്യക്തികളെ ഉയർത്തിക്കാണിക്കുന്ന രീതി കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഇല്ല എന്ന് കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും പ്രതികരിച്ചു. പിണറായി വിജയൻ തുടർഭരണം നേടുമെന്ന നിരവധി സർവ്വേ കൾക്കിടയിൽ ഈ ക്യാപ്ടൻ വിളിയും തിരഞ്ഞെടുപ്പ് രംഗത്ത് ഏറെ ചർച്ച ആയി. പിണറായിക്കെതിരെ ശക്തനായ ഒരു നേതാവിനെ മത്സരിപ്പിക്കാൻ സാധിക്കാതിരുന്ന കോൺഗ്രസ് പക്ഷെ ഏറ്റവും ശക്തമായ മത്സരം നടത്തുന്നത് നേമം മണ്ഡലത്തിലാണ്. ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് മത്സരിക്കാൻ കെ.മുരളീധരൻ എം. പിയെയാണ് രാഹുൽഗാന്ധി നിയോഗം ഏൽപ്പിച്ചത്. മുരളി പ്രതിനിധാനം ചെയ്യുന്നത് കേരളം എന്ന ആശയത്തെ ആണ് എന്നാണ് നേമം മണ്ഡലത്തിലെ പ്രചരണ പരിപാടിയിൽ നേരിട്ട് എത്തിയ രാഹുൽ ഗാന്ധി പറഞ്ഞത്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് മുരളിയിലൂടെ തിരിച്ചെടുക്കാൻ ആയാൽ അത് ദേശീയതലത്തിലും കോൺഗ്രസിന് ഗുണം ചെയ്യും എന്ന ചിന്തയാണ് രാഹുൽഗാന്ധിക്ക് എങ്കിൽ ഹൈക്കമാന്റ് പിന്തുണയോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തന്റെ ശക്തമായ തിരിച്ചുവരവ് ആയാണ് മുരളി ഈ മൽസരത്തെ കാണുന്നത്.
സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഒന്നായി ഉന്നയിച്ച് രമേശ് ചെന്നിത്തല നിറഞ്ഞുനിന്നു. പക്ഷേ പലപ്പോഴും അത്ര നല്ല വരവേൽപ്പ് അല്ല അദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിൽ നിന്നും സൈബർ പോരാളികളിൽ നിന്നും ലഭിച്ചത് പല ആരോപണങ്ങളിലും കഴമ്പില്ല എന്നും പല ആരോപണങ്ങളും തിരിച്ചടിയായി എന്നും ചർച്ചകളിൽ നിറഞ്ഞു. സർക്കാരിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്നതും സർക്കാരിന് നിരന്തരം മറുപടി പറയേണ്ടി വരുന്നതുമായ നിരവധി വിഷയങ്ങൾ ചെന്നിത്തലക്ക് ഈ തിരഞ്ഞെടുപ്പിൽ ഉയർത്താനായി എന്നത് പറയാതെ വയ്യ.
ശബരിമല വിഷയത്തെ വീണ്ടും ഉയർത്തിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ശരണംവിളിയോടെയാണ് പ്രചരണ രംഗത്ത് എത്തിയത്. 35 സീറ്റുകൾ ലഭിച്ചാൽ ബി.ജെ.പി ഇത്തവണ ഭരണം പിടിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയും താൻ മുഖ്യമന്ത്രി ആകാൻ തയ്യാറാണെന്ന ഇ. ശ്രീധരന്റെ പ്രസ്താവനയുമൊക്കെ തിരഞ്ഞെടുപ്പ് രംഗത്ത് ഒരുപാട് കാർട്ടൂണുകൾക്ക് വിഷയമായി. ഈ സംഭവങ്ങൾ എല്ലാം ഒറ്റ ഫ്രെയിമിൽ ഉൾപ്പെടുത്തി ദൃശ്യഭംഗി ഉറപ്പുവരുത്തും വിധം ഒരു കാർട്ടൂൺ തയ്യാറാക്കുകയാണ് തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ ആറിന് ചെയ്തത്. ഏപ്രിൽ ആറിന് പുറത്തിറങ്ങിയ കേരളകൗമുദിയുടെ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ തന്നെ ഈ ചിത്രം അച്ചടിച്ചുവന്നു.
(ടി.കെ. സുജിത്തിന്റെ ഫോൺ: 9349320281)