national-flag-

ശ്രീനഗർ : സ്വാതന്ത്ര്യാനന്തരം ആദ്യമായി രാജ്യത്തിന്റെ അഭിമാനമായ മൂവർണക്കൊടി കാശ്മീരിലെ വിവിധ സ്ഥാപനങ്ങളിൽ ഉയരുന്നു. ലാൽ ചൗക്കിലെ പ്രസ് എൻക്‌ളേവിൽ പാറിപ്പറക്കുന്ന ദേശീയ പതാകയുടെ ചിത്രം കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മുവിലെ പ്രധാന ചികിത്സാ കേന്ദ്രമായ സ്‌കിംസ് സൗരയുടെ മുകളിലും പതാക ഉയർന്നിരുന്നു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവർണറുടെ ഉത്തരവ് പാലിച്ചാണ് ദേശീയ പതാക ഉയർത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്‌കൂളുകളിലും സൈൻ ബോർഡുകൾ ത്രിവർണ പതാകയെ പശ്ചാത്തലമാക്കി പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കുലർ കഴിഞ്ഞ ദിവസം ഡിവിഷണൽ കമ്മീഷണർ പി കെ പോൾ ഇറക്കിയിരുന്നു. ഇത് നടപ്പിലാക്കാൻ സ്‌കൂളുകൾക്ക് ഏപ്രിൽ 30 ന് സമയപരിധി നൽകിയിട്ടുണ്ട്. മിക്ക സ്‌കൂളുകളും സർക്കുലർ അനുസരിച്ചുള്ള മാറ്റം നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

2019 ഓഗസ്റ്റിൽ കേന്ദ്രം ജമ്മു കശ്മീരിലെ പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും പഴയ സംസ്ഥാനമായ ജമ്മു കശ്മീർ ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിൽ ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയിരുന്നു. ശ്രീനഗറിലെ ഏറ്റവും പ്രാധാന്യമേറിയതും, തിരക്കേറിയതുമായ ലാൽ ചൗക്കിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് കാശ്മീരിൽ അസ്വാരസ്യങ്ങൾ അവസാനിപ്പിക്കുന്നതിൽ സർക്കാർ നിർണായക നേട്ടം കൈവരിച്ചതിന്റെ സൂചന കൂടിയാണ്.

Tri-colour 🇮🇳 hosted over Press Enclave at Lal Chowk #Srinagar, for the first time since independence. pic.twitter.com/N6STmu59wd

— Dr Jitendra Singh (@DrJitendraSingh) April 7, 2021