ന്യൂഡൽഹി : ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ എണ്ണ ഉദ്പാദനം വർദ്ധിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനോട് മുഖം തിരിച്ച സൗദിക്ക് തക്ക മറുപടി നൽകി ഇന്ത്യൻ എണ്ണക്കമ്പനികൾ. മേയ് മാസം സൗദിക്ക് നൽകാനിരുന്ന ക്രൂഡ് ഓയിൽ ഓർഡറിൽ 35 ശതമാനം കണ്ട് വെട്ടിക്കുറച്ചിരിക്കുകയാണിപ്പോൾ. രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുകയും, മിക്ക സംസ്ഥാനങ്ങളും അവധി ദിവസങ്ങളിലും, രാത്രിയിലും കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരംഭിക്കുക കൂടി ചെയ്തതോടെ രാജ്യത്ത് എണ്ണയുടെ ആവശ്യം വലിയ അളവിൽ കുറയുമെന്ന കണക്കുകൂട്ടലിലാണ് എണ്ണക്കമ്പനികൾ. മേയ് മാസത്തിൽ ഒന്നരക്കോടി വീപ്പ എണ്ണ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും അത് ഒരു കോടിയായി വെട്ടിക്കുറയ്ക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുപ്പെടെയുള്ള രാജ്യത്തെ കമ്പനികൾ സാധാരണ ഉള്ളതിനെക്കാൾ 65 ശതമാനം എണ്ണ മാത്രമേ അടുത്ത മാസം ഇറക്കുമതി ചെയ്യുന്നുള്ളു.
ഇറക്കുമതിയിൽ വെട്ടിക്കുറയ്ക്കുന്നതിൽ സിംഹഭാഗവും സൗദിയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയാണ്. ഇറക്കുമതിയ്ക്കായി സൗദിയുമായി ദീർഘകാല കരാറിൽ ഏർപ്പെടാതെ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതി പ്രോത്സാഹിപ്പിക്കുവാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുത്താൽ ഒപെക് രാജ്യങ്ങളിൽനിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി മൊത്തം ഇറക്കുമതിയുടെ 74.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുൻപ് ഇത് 79.6 ശതമാനമായിരുന്നു. ഒപെക് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞത് അമേരിക്കയ്ക്ക് നേട്ടമായി മാറിയിരിക്കുകയാണ്. അവിടെ നിന്നുമുള്ള ഇറക്കുമതി മുൻപുള്ളതിനേക്കാൾ ഇരട്ടിയാക്കി ഇന്ത്യ ഉയർത്തിയിട്ടുമുണ്ട്. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ഇപ്പോൾ.