k-sudhakaran

കണ്ണൂ‍ർ: കണ്ണൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ സി പി എം ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കെ സുധാകരൻ എം പി. സി പി എം നേതാവ് പാനോളി വത്സനാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊലയിൽ പങ്കില്ലെന്നാണ് സി പി എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ പ്രതികരണം. മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ് കൊലയാളികൾ മകനെ വെട്ടിക്കൊന്നതെന്ന് മൻസൂറിന്റെ പിതാവ് മുസ്‌തഫ പറഞ്ഞു. തന്റെ കൺമുമ്പിലാണ് എല്ലാം നടന്നത്. വീട്ടിലേക്ക് വരുന്ന ജം​ഗ്ഷനിലായിരുന്നു സംഭവം. രാത്രിയിൽ ഒച്ചയും ബഹളവും കേട്ടാണ് വീട്ടിൽ നിന്നും ഇറങ്ങി ചെന്നത്. കാലിന് അടുത്തായാണ് ബോംബ് പൊട്ടിയതെന്നും മുസ്‌തഫ പറയുന്നു.

മരിച്ച മകൻ മൻസൂ‍ർ മുസ്ലീം ലീ​ഗ് അനുഭാവിയാണ്. തന്റെ കുടുംബത്തിൽ എല്ലാവരും ലീ​ഗ് അനുഭാവികളാണ്. മൂത്തമകനായ മുഹ്സിനാണ് തിരഞ്ഞെടുപ്പ് പ്രവ‍ർത്തനത്തിന് പോയത്. എന്തിനാണ് അവർ ഇങ്ങനെ ചെയ്‌തത് എന്നറിയില്ല. വലിയ കശപിശ നടന്നത് കൊണ്ട് അതൊക്കെ തീർന്ന് ആൾക്കാരെ മാറ്റി അഞ്ച്-പത്ത് മിനിറ്റ് കഴിഞ്ഞാണ് മൻസൂറിനെ കൊണ്ടുപോയത്. ആദ്യം തലശേരിയിലും പിന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോയി. രണ്ട് മൂന്ന് പേർ ചേ‍ർന്ന് മുഹ്സിനെ തല്ലുന്നത് കണ്ടാണ് താനും മൻസൂറും അങ്ങോട്ട് ചെന്നത്. ഞങ്ങൾ പോയി കുട്ടികളെയെല്ലാം പിടിച്ചു മാറ്റി. അതിനിടയിലാണ് ആരോ മൻസൂറിനെ വെട്ടിയതെന്ന് മുസ്‌തഫ പറയുന്നു.