വിണ്ടുകീറുന്ന ചൂടിലുമൊരല്പം
നനവു കരുതി വച്ചിട്ടുണ്ട് മണ്ണ്.
തേടി വരാതിരിക്കില്ല മുറ്റത്തെ
മുത്തശ്ശി കണിക്കൊന്നയുടെ വേര്.
വിഷുവെത്താറായ് കവിചൊല്ലിയില്ലേ
പൂക്കാതിരിക്കാനാകുമോ കൊന്നക്ക്.
വേനലെത്ര കടുത്തതായാലും
മാരിയാൽ നാട് കിടപ്പിലായാലും.
ആരവങ്ങൾക്കുമാഘോഷങ്ങൾക്കും
ആരൊക്കെ അവധി കൊടുത്താലും
കാലകല്പനക്കൊത്തു കറങ്ങും
കാര്യങ്ങൾക്കെന്തു വിഘ്നമുണ്ടാകുവാൻ.
കണ്ണുകൾ പൊത്തി നടക്കുന്നവർക്ക്
നല്ല കാഴ്ചകൾ കാട്ടി കൊടുക്കണം
തമസ്സു പാർക്കും മനസ്സിന്റെ കോണിൽ
ഇത്തിരി തിരി വെട്ടം തെളിക്കണം.
കത്തി കയറും സൂര്യനെ നേർക്കുനേർ
പൂത്തു നിന്നു തോൽപ്പിച്ചീടണം.
തിന്മ തിന്നു തീർക്കും വെളിച്ചത്തിൻ
തന്മാത്രകളെ വീണ്ടെടുത്തീടണം.
വേരു തൊട്ടറിഞ്ഞ സുകൃതങ്ങളെ
താരങ്ങളായി മൊട്ടിടുവിക്കണം
ചാരുത ചുരത്തി പൂഞ്ചില്ലകൾ
മാരുതനൊത്തിളകിയാടണം.
ഉണ്ണിക്കണ്ണന്റെ പൊന്നരഞ്ഞാണങ്ങൾ
ചില്ലകൾ തിങ്ങി തൂങ്ങി കിടക്കണം
വിഷുപ്പക്ഷിക്കു പാടാൻ തോന്നണം
മഞ്ഞയിൽ കുളിച്ചിരിക്കുമ്പോൾ.
മേടമെത്തുന്നതും കാത്തു മീനം
മൗനിയായി പടിക്കൽ നിൽക്കുന്നു.
മാലോകർക്കെല്ലാം കതിർപ്പു കൊടുക്കാൻ
മേലാകെ മരം പൂത്തു നിൽക്കുന്നു.
പോകും വർഷം പരുക്കൻ വല്ക്കത്തിൽ
പ്രായത്തിന്റെ കണക്കു കുറിക്കുമ്പോൾ
വേപഥുവില്ല, മുത്തശ്ശിക്കൊന്നക്ക്
വിഷുവെത്തും നാം അതിജീവിക്കും.