rbi

ന്യൂഡല്‍ഹി: പണവായ്പ നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആർബിഐയുടെ ആദ്യ തീരുമാനമാണിത്. കൊവിഡ് പ്രതിസന്ധിയുടെ ആഘാതത്തില്‍ നിന്നും സമ്പദ്ഘടനയെ തിരിച്ചുകൊണ്ടു വരാന്‍ ഇത് സഹായിക്കുമെന്ന് മോണിറ്ററി പോളിസി കമ്മറ്റി വിലയിരുത്തി. പുതിയ സാമ്പത്തികവര്‍ഷം രാജ്യം 10.5ശതമാനം വളര്‍ച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

റിപ്പോനിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. അതേസമയം, പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് വെല്ലുവിളിയാണെന്നും വിലിയുരുത്തി. 2021 സാമ്പത്തികവര്‍ഷത്തെ നാലാം പാദത്തില്‍ 5.2ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക. ആര്‍.ബി.ഐയുടെ പുതിയ നിര്‍ദ്ദേശം ഓഹരി വിപണിക്ക് ഗുണകരമായി. നിഫ്റ്റിയും സെന്‍സക്‌സും ഉയര്‍ച്ച രേഖപ്പെടുത്തി. ബാങ്ക് ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നീസംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ കൊവിഡ് വ്യാപനം കൂടുന്നതും ഭാഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൊക്കെ സമ്പദ്ഘടനയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോത്പാദനം 1.6ശതമാനം ചുരുങ്ങിയതും തിരിച്ചടിയാണ്. ഈ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ ഒരുങ്ങിയെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ അറിയിച്ചു. 2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കില്‍ ആര്‍ബിഐ 2.50ശതമാനത്തിന്റെ കുറവാണുവരുത്തിയത്.