rafale-

ന്യൂഡൽഹി : ഇന്ത്യ ഫ്രാൻസിൽ നിന്നും കരസ്ഥമാക്കിയ റഫാൽ വിമാനങ്ങളെ സംബന്ധിച്ച് കോടികളുടെ അഴിമതി നടന്നുവെന്ന റിപ്പോർട്ട് ഒരു ഫ്രഞ്ച് മാദ്ധ്യമം പുറത്തുവിട്ടിരുന്നു. 2016ൽ ഇന്ത്യയും ഫ്രാൻസും കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യയിലെ ഒരു ഇടനിലക്കാരന് 8.6 കോടി രൂപ റഫാൽ നിർമ്മിക്കുന്ന ദസാൾട്ട് ഏവിയേഷൻ നൽകി എന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ഇന്ത്യൻ മാദ്ധ്യമങ്ങളിലടക്കം ഈ റിപ്പോർട്ട് കത്തിപ്പടരവേ ഇതുവരെ പുറത്തുവിടാത്ത പ്രത്യേകതകളുള്ള റഫാലിന്റെ ചിത്രവുമായി വ്യോമസേന രംഗത്തുവന്നിരിക്കുകയാണ്. ലഡാക്കിലൂടെയുള്ള പരിശീലന പറക്കലിന്റെ ചിത്രമാണിത്. എന്നാൽ പതിവിന് വിപരീതമായി വിമാനത്തിന്റെ ചിറകുകളിൽ ആയുധങ്ങൾ ഘടിപ്പിച്ച ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതാദ്യമായിട്ടാണ് വ്യോമസേന സായുധ റാഫേൽ യുദ്ധവിമാനങ്ങളുടെ ചിത്രം പുറത്തുവിടുന്നത്. എയർടുഎയർ മിസൈലുകൾ ഘടിപ്പിച്ച വിമാനമാണ് ലഡാക്കിലൂടെ പറന്നത്.

#TuesdayFlight

Where Eagles dare. pic.twitter.com/JQDqKU9GvS

— Indian Air Force (@IAF_MCC) April 6, 2021

കഴിഞ്ഞ വർഷം സെപ്തംബറിലാണ് റഫാലുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയത്. അംബാല വ്യോമസേനാ താവളത്തിൽ നടന്ന ചടങ്ങിൽ അഞ്ച് വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയത്. ആകെ 36 റഫാൽ വിമാനങ്ങൾക്കാണ് ഇന്ത്യ ഓർഡർ നൽകിയിട്ടുള്ളത്. അടുത്ത വർഷത്തോടെ ഈ വിമാനങ്ങളെല്ലാം ഇന്ത്യയ്ക്ക് ലഭിക്കും. റഫാൽ വിമാനങ്ങളുടെ രണ്ടാമത്തെ സ്‌ക്വാഡ്രൺ പശ്ചിമ ബംഗാളിലെ ഹാഷിമാര വ്യോമസേനാ താവളത്തിൽ നിലയുറപ്പിക്കും. ഈ സ്‌ക്വാഡ്രൺ പ്രവർത്തനക്ഷമമാകുമ്പോഴേക്കും ഇന്ത്യൻ വ്യോമസേനയ്ക്ക് 20 ലധികം റാഫാൽ യുദ്ധവിമാനങ്ങൾ ഉണ്ടായിരിക്കും. 59,000 കോടി രൂപ ചെലവിലാണ് 36 വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്