sarath-kumar

ചെന്നൈ: തമിഴ്‌ നടൻ ശരത്‌കുമാറിനും നടി രാധികയ്‌ക്കും ഒരു വർഷം തടവുശിക്ഷ. ചെക്ക് മടങ്ങിയ കേസിലാണ് ഇരുവർക്കും പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് ശരത് കുമാർ. ശരത് കുമാറിന്റെ ഓൾ ഇന്ത്യ സമതുവ മക്കൾ കച്ചി കമലിന്റെ മക്കൾ നീതി മയ്യത്തിന്റെ സഖ്യകക്ഷിയാണ്.

റേഡിയൻസ് മീഡിയ എന്ന കമ്പനി നൽകിയ കേസിലാണ് ശരത് കുമാറിനും രാധികയ്‌ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് തന്നെന്നുമാണ് റേഡിയൻസ് പരാതിയിൽ പറയുന്നത്. ശരത് കുമാർ അമ്പത് ലക്ഷം രൂപ വായ്‌പ വാങ്ങിയിരുന്നുവെന്നും പരാതിയിലുണ്ട്. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കുമെന്ന് ശരത് കുമാറിന്റേയും രാധികയുടേയും അഭിഭാഷകർ അറിയിച്ചു.