real-madrid

യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാർട്ടർ ഫൈനലുകളിൽ റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം

റയൽ മാഡ്രിഡ് 3-ലിവർപൂൾ 1

മാഡ്രിഡ് : റാമോസ് ഇല്ലായിരുന്നു,വരാനെ ഇല്ലായിരുന്നു,ഹസാർഡും ഇല്ലായിരുന്നു...എന്നിട്ടും ലിവർപൂളിനെ മറിച്ചിടാൻ റയൽ മാഡ്രിഡിന് ഒരു പ്രയാസവുമുണ്ടായില്ല. കഴിഞ്ഞ രാത്രി തങ്ങളുടെ തട്ടകമായ ആൽഫ്രഡ് ഡിസ്റ്റെഫാനോ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു റയലിന്റെ ജയം.പുതിയ വർഷത്തിൽ ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ കിരീട സാദ്ധ്യതകൾ മങ്ങിത്തുടങ്ങിയ ലിവർപൂളിന് ചാമ്പ്യൻസ് ലീഗിലെ തിരിച്ചടി വലിയ ആഘാതമായിട്ടുണ്ട്.

പരിക്കുമൂലമാണ് റയൽ നായകനായ സെർജിയോ റാമോസ് നിർണായക മത്സരത്തിൽ നിന്ന് വിട്ടു നിന്നത്.റയൽ പ്രതിരോധത്തിൽ റാമോസിന്റെ പങ്കാളിയായ റാഫേൽ വരാനെയെ കൊവിഡാണ് മാറ്റിനിറുത്തിയത്. ഇരുവരും ഇല്ലാതിരുന്നിട്ടും തുരന്നുകയറാൻ കഴിയാതെ പോയ മുഹമ്മദ് സലായും കൂട്ടരും ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങി.രണ്ടാം പകുതിയിൽ സലാ ഒന്ന് മടക്കിയടിച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും രണ്ടാം ഗോൾ നേടിയ ബ്രസീലിയൻ യുവ താരം വിനീഷ്യസ് ജൂനിയർ ആ മോഹമുടച്ചു.ആദ്യ പകുതിയിൽ വിനീഷ്യസിനെക്കൂടാതെ അസൻഷ്യോയാണ് റയലിനായി സ്കോർ ചെയ്തത്.

പത്തുമിനിട്ടിന്റെ ഇടവേളയിലായിരുന്നു റയലിന്റെ ആദ്യ രണ്ട് ഗോളുകൾ.27-ാം മിനിട്ടിൽ മുന്നിലേക്ക് ഓടിക്കയറിയ വിനീഷ്യസിനെ ലാക്കാക്കി ടോണി ക്രൂസ് നൽകിയ അതിമനോഹരമായ പാസാണ് ഗോളിലേക്ക് വഴിതുറന്നത്. ക്രൂസിന്റെ പാസ് നെഞ്ചുകൊണ്ട് തടുത്തശേഷം ഹാഫ് വോളിഷോട്ടിലൂടെ വിനീഷ്യസ് വലയിലാക്കുകയായിരുന്നു.ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരത്തിൽ റൗൾ ഗോൺസാലസിന് ശേഷം റയലിന് വേണ്ടി സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 20കാരനായ വിനീഷ്യസ്.

36-ാം മിനിട്ടിൽ ലിവർപൂളിന്റെ യുവ ഡിഫൻഡർ അലക്സാണ്ടർ അർനോൾഡിന്റെ അതിഗുരുതരമായ പിഴവ് മുതലെ‌ടുത്താണ് അസൻഷ്യോ റയലിന്റെ രണ്ടാം ഗോൾ നേടിയത്.ടോണി ക്രൂസിന്റെ അപകടരഹിതമായ ഒരു ലോംഗ് ഷോട്ട് തങ്ങളുടെ കീപ്പർ ആലിസണിന് ഹെഡ് ചെയ്ത് കൊടുക്കാനായിരുന്നു അർനോൾഡിന്റെ ശ്രമം.എന്നാൽ പാളിപ്പോയ ഹെഡർ ഗോൾ പോസ്റ്റിന് അരികിൽ നിന്നിരുന്ന അസൻഷ്യോയിലേക്കാണ് എത്തിയത്. ക്ളോസ് റേഞ്ചിൽ നിന്ന് അസൻഷ്യോ ലിവർപൂളിന്റെ നെഞ്ചത്തേക്ക് നിറയുതിർത്തു.

51-ാം മിനിട്ടിൽ തകർപ്പനാെരു ഒറ്റയാൾ പ്രകടനത്തിലൂടെ സലാ ഒരു ഗോൾ തിരിച്ചടിച്ചപ്പോൾ ലിവർപൂൾ പൊരുതി നിൽക്കുമെന്ന് തോന്നി. ജോട്ടയുടെ പാസുമായി ഓടിക്കയറി റയൽ ഗോളി തിബോ കോട്വായെ മറികടന്ന സലാ ഓഫ്സൈഡാണോ എന്ന് വാർ പരിശോധന നടത്തിയ ശേഷമാണ് ഗോൾ അനുവദിച്ചത്. അതിന് തൊട്ടടുത്ത മിനിട്ടിൽ സമനില പിടിക്കാനുള്ള അവസരം ലിവർപൂൾ നഷ്ടമാക്കി.

65-ാം മിനിട്ടിൽ വിനീഷ്യസിന്റെ രണ്ടാം ഗോളിലൂടെ റയൽ വിജയം ആധികാരികമാക്കി.ബെൻസേമയിൽ നിന്ന് കൈമാറിക്കിട്ടിയ പന്തുമായി ഓടിക്കയറിയ ലൂക്കാ മൊഡ്രിച്ച് കക്കുകൂട്ടി നൽകിയ പാസാണ് വിനീഷ്യസ് തന്റെ രണ്ടാം ഗോളാക്കി മാറ്റിയത്. ലിവർപൂൾ ഡിഫൻഡർ ഫിലിപ്പ്സിന്റെ കാലുകൾക്ക് ഇടയിലൂടെ പോയ പന്ത് ഗോളി ആലിസണിന്റെ കയ്യിൽ തട്ടിയാണ് വലയിൽ കയറിയത്.

റയലും ലിവർപൂളും തമ്മിലുള്ള രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരം ഈ മാസം 14ന് ആൻഫീൽഡിൽ നടക്കും.

ലാസ്റ്റ് മിനിട്ടിൽ സിറ്റി

മാഞ്ചസ്റ്റർ സിറ്റി 2- ബൊറൂഷ്യ ഡോർട്ട്മുണ്ട് 1

അവസാന നിമിഷം വരെ സമനിലയിലേക്ക് എന്ന് കരുതിയിരുന്ന മത്സരത്തിലാണ് ഫിൽ ഫോഡന്റെ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റി ജയിച്ചത്. സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 19-ാം മിനിട്ടിൽ കെവിൻ ഡി ബ്രുയാൻ ആതിഥേയരെ മുന്നിലെത്തിച്ചിരുന്നു.84-ാം മിനിട്ടിൽ ഹാലാൻഡിന്റെ പാസിൽ നിന്ന് മാർക്ക് റിയൂസ് ബൊറൂഷ്യയെ സമനിലയിലെത്തിച്ചു. 90-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗന്റെ പാസിൽ നിന്നാണ് ഫോഡൻ സിറ്റിയുടെ വിജയഗോളിലൂടെ രക്ഷപെട്ടത്. ഇരുവരും തമ്മിലുള്ള രണ്ടാം പാദ ക്വാർട്ടർ മത്സരം 14ന് നടക്കും.