തിരുവനന്തപുരം: കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പും സർക്കാരും പറയുന്നതിനിടെ സംസ്ഥാനത്ത് രോഗം തിരിച്ചറിയാൻ നടത്തുന്ന പരിശോധനകൾ വളരെ കുറവ്. പ്രതിദിന പരിശോധനകൾ ഒരു ലക്ഷം ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നെങ്കിലും ആ ലക്ഷ്യം ഇതുവരെ നിറവേറിയിട്ടില്ല. വോട്ടെടുപ്പ് തീയതി അടുത്തുവന്നപ്പോൾ പരിശോധനകളുടെ എണ്ണം പകുതി ആയിരുന്നു. ഈ മാസം 5 വരെ സംസ്ഥാനത്ത് നടന്ന ശരാശരി പരിശോധനകളുടെ എണ്ണം 47,254 ആണ്.
ജനുവരിയിൽ 55,290 പരിശോധനകൾ നടന്നപ്പോൾ ഫ്രെബ്രുവരിയിൽ അത് 66,085 ആയി ഉയർന്നു. മാർച്ച് ആയപ്പോഴേക്കും പരിശോധനകൾ 54,277 ആയി കുറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തതോടെ ആരോഗ്യ പ്രവർത്തകർ, കൊവിഡ് പ്രതിരോധ വാക്‌സിനേഷനുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് മുഴുകിയതോടെ പരിശോധനകൾ കുറയുകയും ചെയ്തു. ഏപ്രിൽ ഒന്നിന് 54,347 ആയിരുന്ന പരിശോധന തൊട്ടടുത്ത ദിവസം 51,783 ആയി താഴ്ന്നു. ഏപ്രിൽ മൂന്നിന് 44,779 ഉം 4ന് 45,171 ഉം 5ന് 40,191 ഉം ആയിരുന്നു പരിശോധനകളുടെ എണ്ണം.
ഇതുവരെ ലക്ഷ്യം നേടാതെ
മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും കേരളത്തിൽ ഇതുവരെ കൊവിഡ് പരിശോധനകൾ ഒരു ലക്ഷം എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നടന്നുവന്നത് ആന്റിജൻ പരിശോധനകളായിരുന്നു. 65 മുതൽ 70 ശതമാനം വരെ ആന്റിജൻ ടെസ്റ്റുകളെയായിരുന്നു സർക്കാർ ആശ്രയിച്ചിരുന്നത്. ഫെബ്രുവരി വരെ ഇത് തുടർന്നു. എന്നാലിപ്പോൾ നടക്കുന്ന 60 ശതമാനവും ആർ.ടി.പി.സി.ആർ ടെസ്റ്റുകളാണ്. അതേസമയം, മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി കണക്കിലെടുത്താൽ കൊവിഡ് ടെസ്റ്റുകളുടെ കാര്യത്തിൽ കേരളം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണ്.
നിലവിൽ ശരാശരി 60,000 പേരെ കേരളത്തിൽ പരിശോധിക്കുന്നുണ്ട്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 36 ശതമാനത്തെ ഇതുവരെ ടെസ്റ്റ് ചെയ്തു കഴിഞ്ഞു. 10 ലക്ഷം പേരുടെ കണക്ക് എടുത്താൽ അതിൽ 3.64 ലക്ഷം പേരെയാണ് ഇതുവരെ കേരളത്തിൽ പരിശോധിച്ചിട്ടുള്ളത്. പരിശോധനകളുടെ കാര്യത്തിൽ കേരളത്തിന് തൊട്ടുപിന്നിലുള്ളത് ജമ്മുകാശ്‌മീരാണ്. ആന്ധ്രാപ്രദേശിൽ 10 ലക്ഷം പേരിൽ 2.78 ലക്ഷം പേരെയും കർണാടക 3.25 ലക്ഷം പേരെയും തമിഴ്നാട്ടിൽ 2.56 ലക്ഷം പേരെയുമാണ് പരിശോധിച്ചത്. ഇത്രയും പരിശോധനകൾ നടന്നതുകൊണ്ടാണ് കേരളത്തിൽ രോഗബാധിതരെ തിരിച്ചറിയാൻ ഇടയാക്കിയതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കേരളത്തിൽ കേന്ദ്ര സംഘം വരുന്നു
കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ അനുസരിച്ച് കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. അതിനാലാണ് കേന്ദ്ര സംഘത്തെ അയയ്ക്കാനുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ സംസ്ഥാനത്തെയും ഉൾപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിഗമനം അനുസരിച്ച് കേരളത്തിൽ കൊവിഡിന്റെ രണ്ടാം വ്യാപനം തുടങ്ങിയിട്ടേയുള്ളൂ. തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന വിലയിരുത്താണ് കേന്ദ്രത്തിനുള്ളത്. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, കർണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഡൽഹി, ഹരിയാന, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് കേരളത്തിലേക്കും വിദഗ്ദ്ധ സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചത്. ഒരു സംഘത്തിൽ പൊതുജനാരോഗ്യവിദഗ്ദ്ധൻ ഉൾപ്പെടെ രണ്ടുപേരാണുണ്ടാവുക.
ഏറ്റവും കൂടുതൽ രോഗികളുള്ള ആദ്യ പത്ത് ജില്ലകളിൽ ഏഴും മഹാരാഷ്ട്രയിലാണ്.
കൊവിഡിന്റെ കാര്യത്തിൽ വരും ദിവസങ്ങളിൽ വളരയേറെ ശ്രദ്ധിക്കണം. വീണ്ടും അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകേണ്ടി വരും. കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കും - കെ.കെ.ശൈലജ, ആരോഗ്യമന്ത്രി