text

നോയിഡ : ബസിലും ട്രെയിനിലുമുള്ള യാത്രയ്ക്കിടയിൽ മൊബൈൽ ഫോണുകൾ മോഷണം പോകുന്നത് പുതിയ സംഭവമല്ല. പലപ്പോഴും സൈബർ സെല്ലിൽ പരാതികൾ നൽകുമെങ്കിലും നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിക്കുന്നത് വളരെ കുറച്ച് മാത്രമാണ്. എന്നാൽ നോയിഡയിൽ മെട്രോ സ്‌റ്റേഷനിൽ നടന്ന ഒരു ഫോൺ മോഷണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സെക്ടർ 52 നോയിഡ മെട്രോ സ്റ്റേഷനിൽ വച്ച് ഡെബയാൻ റോയി എന്നയാളുടെ ഫോണാണ് കറുത്ത മാസ്‌ക് ധരിച്ചെത്തിയ ഒരാൾ തട്ടിപ്പറിച്ചു കൊണ്ട് ഓടിയത്.

ഫോണിൽ സന്ദേശം അയക്കുന്നതിനിടെയാണ് ഡെബയാൻ റോയിയുടെ ഫോൺ മോഷ്ടാവ് തട്ടിയെടുത്തത്. ഒരു നിമിഷം പകച്ചിരുന്ന ഡെബയാൻ മോഷ്ടാവിന് പിന്നാലെ ഓടാൻ ആരംഭിച്ചു. എന്നാൽ കുറച്ച് ദൂരം കഴിഞ്ഞപ്പോൾ മുൻപേ ഓടിയ മോഷ്ടാവ് തിരിഞ്ഞ് നിൽക്കുകയും ഫോൺ ഡെബയാൻ റോയിക്കു നേരെ എറിയുകയും ചെയ്തു. ശേഷം ഇയാൾ ഫോൺ ഉടമയോടായി പറഞ്ഞു 'ഭായ് മുജെ ലഗ വൺ പ്ലസ് 9 പ്രോ മോഡൽ ഹായ്' (സഹോദരാ, ഇത് ഒരു വൺപ്ലസ് 9 പ്രോ മോഡലാണെന്ന് ഞാൻ കരുതി), ഇത്രയും പറഞ്ഞശേഷം മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സാംസംഗ് ഗാലക്സി എസ് 10 പ്ലസ് ആയിരുന്നു ഡെബയാൻ റോയി ഉപയോഗിച്ചിരുന്നത്. ഇത് വൺ പ്ലസ് 9 പ്രോ ആണെന്ന് തെറ്റിദ്ധരിച്ചാണ് മോഷ്ടാവ് സാഹസത്തിന് മുതിർന്നത്.

text

തനിക്കുണ്ടായ ഈ അനുഭവം ഡെബയാൻ റോയി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെ നിരവധി പേരാണ് കമന്റ് രേഖപ്പെടുത്തിയത്. കൂടുതൽ പേരും ചോദിച്ചത് കള്ളന്റെ പ്രവൃത്തി സന്തോഷിപ്പിച്ചോ അസ്വസ്ഥനാക്കിയോ എന്നാണ്. ഇതിന് മറുപടിയായി അശ്വാസം എന്നാണ് ഡെബയാൻ റോയിയുടെ മറുപടി.