ഇയോൻ മോർഗന്റെ നേതൃത്വത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കപ്പടിക്കാനിറങ്ങുന്നു
2018ലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ദിനേഷ് കാർത്തിക്കിനെ വിക്കറ്റ് കീപ്പർ ഗ്ളൗസിനൊപ്പം ക്യാപ്ടൻസിയും ഏൽപ്പിക്കുന്നത്.നായകനായി മൂന്നാം സീസൺ പകുതിയായപ്പോഴേക്കും കാർത്തിക് ക്യാപ്ൻടസി ഇയോൻ മോർഗനിൽ വച്ചൊഴിഞ്ഞു. കഴിഞ്ഞ സീസണിന്റെ പാതിവഴിയിൽ വച്ച് ഉത്തരവാദിത്വം ഏറ്റെടുത്ത മോർഗന് പക്ഷേ ടീമിനെ പ്ളേ ഓഫിൽ എത്തിക്കാനായില്ല.ഇത്തവണ തുടക്കം മുതൽ ആ ലക്ഷ്യത്തിലെത്താനുള്ള കഠിന ശ്രമത്തിലാണ് ഇംഗ്ളണ്ട് ക്യാപ്ടൻ കൂടിയായ മോർഗൻ. ദിനേഷ് കാർത്തിക്ക് ഒപ്പമുണ്ട്.
ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ രണ്ട് തവണ കിരീടം നേടിയിട്ടുള്ളവരാണ് നൈറ്റ് റൈഡേഴ്സ്.2012,2014 വർഷങ്ങളിലായിരുന്നു കിരീടധാരണം. ആറ് സീസണുകൾ അതിന്ശേഷം നടപ്പോൾ മൂന്നുതവണ പ്ളേ ഓഫിലെത്തിയെങ്കിലും കിരീടഭാഗ്യം അകന്നുനിന്നു. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാന്റെയും ജൂഹി ചൗളയുടെയും ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ് നൈറ്റ് റൈഡേഴ്സ്.
ഉൾക്കരുത്ത്
1. ഇയോൻ മോർഗൻ
ട്വന്റി-20 ഫോർമാറ്റിൽ പരിചയ സമ്പന്നനായ മദ്ധ്യനിര ബാറ്റ്സ്മാൻ. മികച്ച ഫോമിലെത്തിയാൽ സിക്സർ വിരുന്നൊരുക്കാനുളള് കഴിവ്. പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാൻ കഴിയുന്ന നായകൻ.
2.ആന്ദ്രേ റസൽ
കൊൽക്കത്തയുടെ കരീബിയൻ കരുത്താണ് റസൽ.ബാറ്റിംഗിലും ബൗളിംഗിലും ഒന്നുപോലെ പ്രയോജനപ്പെടുത്താൻ കഴിയുന്ന പ്രതിഭ.കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ റസലിന് പരിക്കേറ്റത് നൈറ്റ് റൈഡേഴ്സിന്റെ സാദ്ധ്യതകളെത്തന്നെ പിന്നോട്ടടിച്ചു.
3. സുനിൽ നരെയ്ൻ
ഈ ഫോർമാറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാൾ.രണ്ടും കൽപ്പിച്ച് ഓപ്പണിംഗിന് ബാറ്റ് എടുക്കാനും കഴിയുമെന്ന് പലകുറി തെളിയിച്ചിട്ടുണ്ട്.
4.പാറ്റ് കമ്മിൻസ്
2020ലെ താരലേലത്തിലെ ഏറ്റവും ഉയർന്ന തുകയായ 15.5 കോടി നൽകി കൊൽക്കത്ത സ്വമാക്കിയതാണ് ഈ ആസ്ട്രേലിയൻ പേസറെ.
5.ശുഭ്മാൻ ഗിൽ
ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ഗിൽ സ്റ്റൈലിഷ് ബാറ്റ്സ്മാനാണ്.ട്വന്റി-20 ഫോർമാറ്റിനും അനുസൃതമായി ശൈലിയിൽ നേരിയ മാറ്റം വരുത്തേണ്ടതുണ്ട്.
ഇംപാക്ട് പ്ളേയർ
വെറ്ററൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ഇത്തവണ കൊൽക്കത്തയുടെ കുപ്പായത്തിലുണ്ട്. ടീമിലെ യുവ സ്പിന്നർമാരായ പവൻ നേഗി,വരുൺ ചക്രവർത്തി തുടങ്ങിയവർക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഹർഭജന്റെ സാന്നിദ്ധ്യം പ്രയോജനപ്പെടും.
മറ്റ് പ്രധാന താരങ്ങൾ
നിതീഷ് റാണ, രാഹുൽ ത്രിപാതി,കമലേഷ് നാഗർകോട്ടി,ദിനേഷ് കാർത്തിക്,ടിം സീഫർട്ട്,ഹർഭജൻ സിംഗ്,കുൽദീപ് യാദവ്,പ്രസിദ്ധ് കൃഷ്ണ,വരുൺ ചക്രവർത്തി ലോക്കീ ഫെർഗൂസൻ.
മലയാളിത്തിളക്കം
പേസർ സന്ദീപ് വാര്യർ 2019 മുതൽ കൊൽക്കത്താ നിരയിലുണ്ട്. മറുനാടൻ മലയാളിയായ കരുൺ നായരും ഈ സീസണിൽ ഒപ്പമെത്തിയിട്ടുണ്ട്.
കോച്ച് : ബ്രണ്ടൻ മക്കല്ലം
ആദ്യ മത്സരം
ഏപ്രിൽ 11
Vs സൺറൈസേഴ്സ്
നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്ടനായി എന്റേയും കോച്ചായി മക്കല്ലത്തിന്റെയും ആദ്യ വർഷമായിരുന്നു കഴിഞ്ഞ ഐ.പി.എൽ ഇത്തവണ ടീമിനെക്കുറിച്ച് നന്നായി മനസിലാക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കിരീടം നേടാനുള്ള സുവർണാവസരമാണിത്.
- ഇയോൻ മോർഗൻ,ക്യാപ്ടൻ