എന്തിനും ഏതിനും ആശുപത്രിയും മരുന്നുകളും പ്രത്യേകിച്ച് ആന്റിബയോട്ടിക്സ് കഴിച്ചാലേ ഫലം ലഭിക്കൂ എന്ന ധാരണ, മലയാളി ഈ ശീലങ്ങളെല്ലാം മാറ്റി വയ്ക്കുകയാണ്. കൊവിഡും ലോക്ക്ഡൗണും വന്നതോടെ കഷ്ടത്തിലായത് മരുന്ന് നിര്‍മ്മാണ കമ്പനികളും, വില്‍പ്പനക്കാരുമാണ്. കൊവിഡ് കാലത്ത് മരുന്ന് കമ്പനികള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായതെന്നാണ് കൗമുദി ടി വി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. മുപ്പതും നാല്‍പ്പതും ശതമാനം വില്‍പ്പനയാണ് ഇടിഞ്ഞത്. കുട്ടികളുടെ മരുന്ന് വില്‍പ്പനയിലും പത്ത് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
നഗരപ്രദേശങ്ങളിലാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ കച്ചവടം നന്നായി കുറഞ്ഞത്. നാട്ടിന്‍ പുറങ്ങളില്‍ നിന്നും നഗരങ്ങളിലെത്തി ചികിത്സതേടുന്നവരുടെ എണ്ണം കുറഞ്ഞതും, സ്‌കൂളുകള്‍ നീണ്ട നാളുകളായി അടഞ്ഞു കിടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് സാധാരണയായി വരുന്ന പനി, ജലദോഷം മറ്റ് പകരുന്ന അസുഖങ്ങളും വരാത്തതും മരുന്ന് വില്‍പ്പനയെ സാരമായി ബാധിച്ചു. പ്രായമായവര്‍ വീട് വിട്ട് പുറത്തേയ്ക്ക് പോകാതിരുന്നതിനാൽ അണുബാധ അടക്കമുള്ള അസുഖങ്ങള്‍ കുറഞ്ഞു. അണുബാധ, ഉദരരോഗം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വില്‍പ്പനയാണ് കൂടുതലായും കുറഞ്ഞത്. ഇതുകൂടാതെ സാനിറ്റൈസര്‍ ഉപയോഗവും, സോപ്പുകള്‍ ഉപയോഗിച്ച് കൈ കഴുകുന്ന ബ്രേക്ക് ദ ചെയിന്‍ കാംപയിനുമെല്ലാം പകരുന്ന അസുഖങ്ങളില്‍ വന്‍ കുറവ് വരുത്താന്‍ കാരണമായി.