harsha-vardhan-

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് അതിവേഗം വ്യാപിക്കുന്ന അവസ്ഥയിൽ കൊവിഡ് വാക്സിൻ ക്ഷാമമുണ്ടെന്ന മഹാരാഷ്ട്രയുടെയും ആന്ധ്രാപ്രദേശിന്റെയും ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ. മഹാരാഷ്ട്രയിലാണ് കൊവിഡ് അതിവേഗം പടരുന്നത്. ഇവിടെ അടുത്ത മൂന്ന് ദിവസത്തേയ്ക്കുള്ള വാക്സിൻ മാത്രമേ സ്റ്റോക്ക് ഉള്ളൂയെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇനി 14 ലക്ഷം കോവിഡ് വാക്സിന്റെ കരുതൽ ശേഖരം മാത്രമാണുള്ളതെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ മുംബയ് നഗരത്തിലെ വാക്സിൻ സ്റ്റോക്ക് ഒരുലക്ഷത്തിനടുത്ത് മാത്രമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് സിറ്റി മേയറും രംഗത്ത് വന്നിരുന്നു. ഇതിന് ഏറെക്കുറെ സമാനമായ ആശങ്കയാണ് ആന്ധ്രാപ്രദേശ് സർക്കാരും പങ്കുവച്ചത്. ഇതേ തുടർന്നാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്.

ഓരോ സംസ്ഥാനത്തിനും ആവശ്യമുള്ള വാക്സിൻ ലഭിക്കുമെന്ന ഉറപ്പാണ് ഹർഷ വർദ്ധൻ നൽകിയത്. നിലവിൽ വാക്സിൻ ക്ഷാമം ഇല്ല ഒരു സംസ്ഥാനത്തും ഇല്ലെന്നും, ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളോടും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് കൊവിഡ് കേസുകളിൽ ഇന്നും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


24 മണിക്കൂറിനിടെ 1.15 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,28,01,785 ആയി. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. വരുന്ന നാല് ആഴ്ചകൾ അതീവ നിർണായകമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.