ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കര്‍ശനമാക്കുന്നു. മഹാരാഷ്ട്രക്കും ഡല്‍ഹിക്കും പിന്നാലെ പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ അഞ്ചു മണിവരെയാണ് നിയന്ത്രണം. സംസ്ഥാനത്തെ 12 ജില്ലകളിലാണ് കര്‍ഫ്യൂ നിലവില്‍ വന്നത്. ഹാളുകളില്‍ നടക്കുന്ന വിവാഹം, മരണാനന്തര ചടങ്ങുങ്ങൾ എന്നിവയിൽ പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളു. തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് പരമാവധി 100 പേരെയും പങ്കെടുപ്പിക്കാം. ഏപ്രില്‍ 30 വരെ മറ്റു സാമൂഹിക, സാംസ്‌കാരിക, കായിക പരിപാടികള്‍ക്കെല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയുണ്ടെന്നും പുതുതായി സ്ഥിരീകരിക്കുന്ന കേസുകളില്‍ 85 ശതമാനവും വൈറസിന്റെ യുകെ വകഭേദമാണെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. പുതിയ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റുവഴികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരുവിൽ പരിശോധനയും നിയന്ത്രണവും ശക്തമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ധര്‍ണയും റാലിയും പൂര്‍ണമായി നിരോധിച്ചു. ജനവാസ മേഖലയിലെ ജിമ്മുകളും നീന്തല്‍ കുളങ്ങളും അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിട്ടുണ്ട്.