ദുബായ്: ഫോബ്‌സിന്റെ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയിൽ പത്ത് മലയാളികൾ ഇടംപിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്‌തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയിൽ ഒന്നാമതായത്.
ഗൾഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ മലയാളിയും യൂസഫലിയാണ്. ആഗോളതലത്തിൽ 589ാം സ്ഥാനവും ഇന്ത്യയിൽ ഇരുപത്തിയാറാം സ്ഥാനവും നേടിയാണ് യൂസഫലി പട്ടികയിൽ ഇടംനേടിയത്. കഴിഞ്ഞ വർഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്. 330 കോടി ഡോളർ ആസ്‌തിയോടെ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്‌ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി.
രവി പിളള, ബൈജു രവീന്ദ്രൻ (250 കോടി ഡോളർ വീതം), എസ് ഡി ഷിബുലാൽ(190 കോടി ഡോളർ), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (140 കോടി ഡോളർ), ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് ( 130 കോടി ഡോളർ), ടി എസ് കല്യാണരാമൻ (100 കോടി ഡോളർ) എന്നിവരാണ് പട്ടികയിലുളള മറ്റ് മലയാളികൾ.